ബെംഗളൂരു :സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറയുടെ മടങ്ങിവരവിനായാണ് ഇന്ത്യന്‍ ക്രിക്കറ്റും ആരാധകരും കാത്തിരിക്കുന്നത്. പരിക്കിനെ തുടര്‍ന്ന് ഏറെ കാലമായി ഇന്ത്യന്‍ ടീമിന് പുറത്താണ് 29-കാരനായ ബുംറ. നിലവില്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിലുള്ള താരം ഫിറ്റ്‌നസ് പൂര്‍ണമായും വീണ്ടെടുത്തതായാണ് വിവരം.
ജസ്‌പ്രീത് ബുംറ (Japrit Bumrah ) നെറ്റ്‌സില്‍ പന്തെറിയുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ തന്‍റെ തിരിച്ചുവരവ് ഉടനുണ്ടാവുമെന്ന സൂചന നല്‍കിയിരിക്കുകയാണ് താരം. ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ പരിശീലന സെഷനിൽ നിന്നുള്ള കുറച്ച് ചിത്രങ്ങൾ പങ്കിട്ടുകൊണ്ടാണ് ദേശീയ ടീമിലേക്ക് തിരിച്ചുവരാൻ താൻ തയ്യാറാണെന്ന പ്രഖ്യാപനം ജസ്‌പ്രീത് ബുംറ നടത്തിയിരിക്കുന്നത്.
'അയാം കമിംഗ് ഹോം' എന്ന പ്രശസ്‌ത ഇംഗ്ലീഷ് ഗാനം പശ്ചാത്തലത്തില്‍ ഉൾക്കൊള്ളിച്ചുകൊണ്ടാണ് പ്രസ്‌തുത വീഡിയോ തയ്യാറാക്കിയത്. ഇതോടെ വെറ്ററൻ പേസർ അയർലൻഡ് പര്യടനത്തിലൂടെ തന്നെ വീണ്ടും ഇന്ത്യന്‍ കുപ്പായമണിയുമെന്ന പ്രതീക്ഷയാണ് ആരാധകര്‍ ഉറപ്പിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് പിന്നാലെ ഓഗസ്റ്റിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം അയർലൻഡില്‍ പര്യടനം നടത്തുന്നത്. മൂന്ന് ടി20 മത്സരങ്ങളാണ് പരമ്പരയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
ഓഗസ്റ്റ് 18-നാണ് ആദ്യ ടി20. തുടര്‍ന്ന് 20, 23 തിയതികളില്‍ മറ്റ് മത്സരങ്ങള്‍ നടക്കും. ഡബ്ലിന്‍റെ പ്രാന്തപ്രദേശത്തുള്ള മലാഹിഡെയാണ് മത്സരങ്ങള്‍ക്ക് വേദിയാവുന്നത്. പരമ്പര വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞാല്‍ തുടര്‍ന്ന് നടക്കുന്ന ഏഷ്യ കപ്പിലും ഏകദിന ലോകകപ്പിലും താരം ഇന്ത്യയ്‌ക്കായി കളിക്കും. നിലവില്‍ എട്ട് മുതല്‍ പത്തോവര്‍ വരെ ജസ്‌പ്രീത് ബുംറ നെറ്റ്‌സില്‍ പന്തെറിയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്‍സിഎ മേധാവി വിവിഎസ് ലക്ഷ്‌മണിന്‍റെ മേല്‍നോട്ടത്തിലാണ് താരത്തിന്‍റെ പരിശീലനം പുരോഗമിക്കുന്നത്.