ലണ്ടൻ : ടെസ്റ്റ് ക്രിക്കറ്റിൽ പുതിയൊരു നേട്ടം കൂടി സ്വന്തമാക്കി ഇംഗ്ലീഷ് പേസർ ജെയിംസ് ആൻഡേഴ്‌സണ്‍. ഹോം ഗ്രൗണ്ടിൽ ഏറ്റവുമധികം ടെസ്റ്റ് മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോഡാണ് ആൻഡേഴ്‌സണ്‍ സ്വന്തം പേരിലാക്കിയത്. സച്ചിൻ ടെൻഡുൽക്കറെയാണ് താരം മറികടന്നത്.
ഇന്ത്യക്കെതിരെ ഓവലിൽ നടക്കുന്ന നാലാം ടെസ്റ്റ് ഹോം ഗ്രൗണ്ടിലെ ആൻഡേഴ്‌സന്‍റെ 95-ാം മത്സരമാണ്. 94 ടെസ്റ്റുകൾ ഹോം ഗ്രൗണ്ടിൽ കളിച്ച സച്ചിനെ ഇതോടെ ആൻഡേഴ്‌സണ്‍ മറികടന്നു. 92 ടെസ്റ്റുകള്‍ ഹോം ഗ്രൗണ്ടിൽ കളിച്ചിട്ടുള്ള ഓസിസിന്‍റെ റിക്കി പോണ്ടിങ്ങാണ് മൂന്നാം സ്ഥാനത്ത്.
മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക്, മുന്‍ ഓസിസ് ക്യാപ്റ്റന്‍ സ്റ്റീവ് വോ എന്നിവരാണ് നാലാം സ്ഥാനത്ത്. ഇരുവരും 89 ടെസ്റ്റുകളാണ് ഹോം ഗ്രൗണ്ടില്‍ കളിച്ചിട്ടുള്ളത്.
ALSO READ:ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍; ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ
ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവുമധികം വിക്കറ്റുകൾ സ്വന്തമാക്കിയ പേസ് ബൗളര്‍ എന്ന നേട്ടം ആൻഡേഴ്‌സണ്‍ നേരത്തേ സ്വന്തമാക്കിയിരുന്നു. നിലവില്‍ ഇന്ത്യക്കെതിരായ പരമ്പരയില്‍ കൂടുതല്‍ വിക്കറ്റ് നേടിയ താരങ്ങളുടെ പട്ടികയില്‍ മൂന്നാമതാണ് ആന്‍ഡേഴ്‌സണ്‍. മൂന്ന് ടെസ്റ്റുകളില്‍ നിന്നായി 13 വിക്കറ്റുകളാണ് താരം വീഴ്‌ത്തിയത്.