ഓൾഡ് ട്രാഫോർഡ് : സൗത്താഫ്രിക്കക്കെതിരെ നടക്കുന്ന രണ്ടാം ടെസ്റ്റ് മത്സരത്തിൽ അപൂർവ നേട്ടവുമായി ഇംഗ്ലണ്ട് പേസർ ജെയിംസ് ആൻഡേഴ്‌സണ്‍. ഇംഗ്ലണ്ടിൽ ആൻഡേഴ്‌സണ്‍ കളിക്കുന്ന നൂറാം ടെസ്റ്റ് മത്സരമാണിത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റിന്‍റെ ചരിത്രത്തിൽ 100 ഹോം മത്സരങ്ങൾ പൂർത്തിയാക്കുന്ന ആദ്യ താരമെന്ന റെക്കോഡാണ് ആൻഡേഴ്‌സണ്‍ സ്വന്തമാക്കിയത്.
ടെസ്റ്റ് ചരിത്രത്തിൽ ആദ്യം ; അപൂർവ നേട്ടം സ്വന്തമാക്കി ജെയിംസ് ആൻഡേഴ്‌സണ്‍
സൗത്താഫ്രിക്കക്കെതിരെ നടക്കുന്ന രണ്ടാം ടെസ്റ്റ് മത്സരത്തിലാണ് ജെയിംസ് ആൻഡേഴ്‌സണ്‍ അപൂർവനേട്ടം സ്വന്തമാക്കിയത്
2003ൽ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ജെയിംസ് ആൻഡേഴ്‌സന്‍റെ 174-ാം മത്സരമാണിത്. ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെൻഡുൽക്കറാണ് ഈ റെക്കോഡിൽ ആൻഡേഴ്‌സണ് പിന്നിൽ. ഇന്ത്യക്ക് വേണ്ടി 200 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുണ്ടെങ്കിലും 94 മത്സരങ്ങൾ മാത്രമാണ് സച്ചിൻ ഇന്ത്യൻ മണ്ണിൽ കളിച്ചത്. 92 ഹോം മത്സരങ്ങൾ കളിച്ചിട്ടുള്ള ഓസ്‌ട്രേലിയയുടെ റിക്കി പോണ്ടിങ്ങാണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്.
അതേസമയം ലോക ക്രിക്കറ്റില്‍ 150ലധികം ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള മൂന്ന് ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളാണ് ആന്‍ഡേഴ്‌സന്‍. 158 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള സ്റ്റുവര്‍ട്ട് ബ്രോഡും 166 ടെസ്റ്റുകള്‍ കളിച്ച ജാക്ക് കാലിസുമാണ് ആൻഡേഴ്‌സണ് പിന്നിലുള്ളത്. ടെസ്റ്റിൽ 173 മത്സരങ്ങളിൽ നിന്ന് 658 വിക്കറ്റുകളാണ് ആൻഡേഴ്‌സണ്‍ സ്വന്തമാക്കിയിട്ടുള്ളത്.