പാള്‍: അഫ്‌ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലൂടെ ഏറെ നീണ്ട ഇടവേളയ്‌ക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് വെറ്ററന്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോലിയും. ഇതോടെ ജൂണില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കായി ഇരുവരും കളത്തിലിറങ്ങിയേക്കും എന്നാണ് പൊതുവെ സംസാരം. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ ഓള്‍റൗണ്ടര്‍ ജാക്ക് കാലിസ്.(Jacques Kallis on Rohit Sharma and Virat Kohli T20I return).
ഇരു താരങ്ങളുടേയും അനുഭവപരിചയം പ്രധാനമാണെങ്കിലും ലോകകപ്പ് ടീം തെരഞ്ഞെടുപ്പില്‍ ഗെയിം പ്ലാനുകളും നിർണായക ഘടകമാണെന്നാണ് കാലിസ് അഭിപ്രായപ്പെട്ടിരിക്കുന്നത്. 2022-ലെ ടി20 ലോകകപ്പിന് ശേഷം ടി20 ഫോര്‍മാറ്റില്‍ നിന്നും രോഹിത്തും കോലിയും വിട്ടുനില്‍ക്കുകയായിരുന്നു.
നേരത്തെ സ്‌പെഷ്യലിസ്റ്റുകളെ ഉള്‍പ്പെടുത്തി ടി20 ലോകകപ്പിന് ടീമിറക്കാനായിരുന്നു ബിസിസിഐ ലക്ഷ്യം വച്ചിരുന്നത്. രോഹിത്തും കോലിയും മാറി നിന്നതോടെ ഇതിന്‍റെ ഭാഗമായി കൂടുതല്‍ യുവതാരങ്ങള്‍ ഇന്ത്യന്‍ ടീമിലേക്ക് എത്തി. എന്നാല്‍ പരിചയസമ്പത്തിനൊപ്പം നിലവില്‍ ഇരുവരുടെയും ഫോം കണ്ടില്ലെന്ന് നടിക്കാന്‍ മാനേജ്‌മെന്‍റിന് കഴിയാതെ വരികയായിരുന്നു.
കഴിഞ്ഞ ഏകദിന ലോകകപ്പില്‍ രോഹിത് നല്‍കിയിരുന്ന ആക്രമണാത്മക തുടക്കം മറ്റ് താരങ്ങള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നതിനൊപ്പം ഇന്ത്യയുടെ മിന്നും കുതിപ്പിന് മുതല്‍ക്കൂട്ടാവുകയും ചെയ്‌തിരുന്നു. കോലിയാവട്ടെ ടൂര്‍ണമെന്‍റില്‍ റെക്കോഡ് റണ്‍വേട്ടയായിരുന്നു നടത്തിയിരുന്നത്.
അതേസമയം അഫ്‌ഗാനെതിരെ മൊഹാലിയില്‍ നടന്ന ആദ്യ ടി20യോടെയാണ് രോഹിത് തന്‍റെ ഇടവേള അവസാനിപ്പിച്ചത്. എന്നാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നതിരിച്ചുവരവ് ദുരന്തമായാണ് കലാശിച്ചത്. രണ്ട് പന്തുകള്‍ മാത്രം നേരിട്ട ഹിറ്റ്‌മാന്‍ റണ്ണൗട്ടായി മടങ്ങുകയായിരുന്നു.