മുംബൈ: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി അതിവേഗ പന്തുകളെറിഞ്ഞാണ് ഉമ്രാന്‍ മാലിക് ക്രിക്കറ്റ് ലോകത്തിന്‍റെ ശ്രദ്ധ പിടിച്ച് പറ്റുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ഉമ്രാൻ മാലിക്കിന്‍റെ ഉദയം പുത്തന്‍ പ്രതീക്ഷ നല്‍കുന്നതാണ്. തുടര്‍ച്ചയായി 150 കിലോമീറ്ററിലേറെ വേഗത്തില്‍ പന്തെറിയാന്‍ കഴിയുന്ന 23കാരന്‍ ഇന്ത്യന്‍ പേസ് യൂണിറ്റിന് പുത്തന്‍ മാനം നല്‍കുമെന്നുറപ്പാണ്.
ഇന്ത്യയ്‌ക്കായി വൈറ്റ്‌ബോളില്‍ അരങ്ങേറിയ താരം ഇതുവരെ എട്ട് വീതം ഏകദിന, ടി20 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. ഏകദിനത്തില്‍ 13 വിക്കറ്റുകളും ടി20യില്‍ 11 വിക്കറ്റുകളുമാണ് ഉമ്രാന്‍ നേടിയിട്ടുള്ളത്. എന്നാല്‍ മികച്ച ലൈനും ലെങ്തും കണ്ടെത്താന്‍ പ്രയാസപ്പെടുന്ന താരം കൂടുതല്‍ റണ്‍ വഴങ്ങുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഏകദിനത്തില്‍ 6.45 ആണ് താരത്തിന്‍റെ ഇക്കോണമിറേറ്റ്. ടി20യിലാവട്ടെ ഇത് 10.48 ആണ്. എന്നാല്‍ കൂടുല്‍ റണ്‍സ് വഴങ്ങുന്നതിനെക്കുറിച്ച് ഉമ്രാന്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ഇന്ത്യയുടെ വെറ്ററന്‍ പേസര്‍ ഇഷാന്ത് ശര്‍മ അഭിപ്രായപ്പെട്ടിരിക്കുന്നത്. തന്‍റെ വേഗത്തിലാണ് ഉമ്രാന്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും ഇഷാന്ത് ശര്‍മ പറഞ്ഞു.
"പന്തുകള്‍ എവിടെയാണ് കുത്തുന്നതെന്ന കാര്യത്തില്‍ ഉമ്രാന്‍ ആശങ്കപ്പെടേണ്ടതേയില്ല. കൂടുതല്‍ അനുഭവമുണ്ടാവുമ്പോള്‍ തീര്‍ച്ചയായും അവന്‍ അതു മനസിലാക്കും. ഉമ്രാന് നൂറ്റിഅന്‍പതും നൂറ്റിഅറുപതും കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിയാന്‍ കഴിയുമെങ്കില്‍ തീര്‍ച്ചയായും അതിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.
അവൻ സ്വയം പിന്തുണയ്‌ക്കണം. റൺസ് ചോർന്നതിനെ കുറിച്ച് വിഷമിക്കേണ്ടതേയില്ല. ബാറ്റർമാർ ഭയന്ന് കണ്ണടച്ചില്ലെങ്കിൽ ഇത്ര വേഗത്തിൽ പന്തെറിഞ്ഞിട്ട് എന്താണ് പ്രയോജനം?. അതുകൊണ്ട് ബാറ്റര്‍മാര്‍ക്ക് കാണാന്‍ കഴിയുന്നതിനേക്കാള്‍ വേഗത്തില്‍ പന്തെറിയാന്‍ ആരെങ്കിലും അവനോട് പറയുകയും, അതിനായി ആത്മവിശ്വാസം നല്‍കുകയും വേണം" ഇഷാന്ത് ശര്‍മ ഒരു ഷോയില്‍ പറഞ്ഞു.
റണ്‍സ് വഴങ്ങുന്നതിന്‍റെ കാരണം:ഉമ്രാന്‍ കൂടുതല്‍ റണ്‍സ് വഴങ്ങുന്നതിന് കാരണം ചൂണ്ടിക്കാട്ടി പാകിസ്ഥാന്‍ മുന്‍ നായകന്‍ സല്‍മാന്‍ ബട്ട് അടുത്തിടെ രംഗത്ത് എത്തിയിരുന്നു. പരിചയക്കുറവുള്ള ഉമ്രാന്‍റെ ബോളിങ് പ്രവചിക്കാമെന്ന് അവകാശപ്പെട്ട പാക് മുന്‍ നായകന്‍ അന്താരാഷ്ട്ര ക്രിക്കറ്റിൽ തിളങ്ങണമെങ്കില്‍ ഉമ്രാൻ തന്‍റെ ബോളിങ്ങിലെ വൈവിധ്യം വർധിപ്പിക്കണമെന്നുമാണ് പ്രതികരിച്ചത്.
ഉമ്രാന്‍ മാലിക് കൂടുതല്‍ റണ്‍സ് വിട്ടുകൊടുക്കുന്നതിന്‍റെ കാരണം പരിചയക്കുറവാണ്. തീര്‍ച്ചയായും അനുഭവങ്ങളള്‍ക്ക് നിങ്ങളെ ഏറെ മെച്ചപ്പെടുത്താന്‍ കഴിയും. ഉമ്രാന്‍റെ പേസ് ഏറെ മികച്ചതാണ്. എന്നാല്‍ താരത്തെ നേരിടുന്ന ബാറ്റര്‍ അനുഭവസമ്പത്തും ബുദ്ധിയും ഉപയോഗിച്ച് ആ വേഗത്തെ വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്തുന്നിടത്താണ് പ്രശ്‌നമുള്ളത്. പലപ്പോഴും
അവന്‍ യോര്‍ക്കറാണോ അല്ലെങ്കില്‍ സ്ലോ ബോള്‍ ആണോ എറിയുകയെന്ന് ബാറ്റര്‍മാര്‍ക്ക് പ്രവചിക്കാം കഴിയുന്നതാണ്. തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിച്ചാല്‍ ഇന്ത്യയെ ഒട്ടേറെ മത്സരങ്ങളില്‍ വിജയിപ്പിക്കാന്‍ ഉമ്രാന് കഴിയുമെന്നും ബട്ട് വ്യക്തമാക്കിയിരുന്നു.
റെക്കോഡ് തകര്‍ക്കാന്‍ ഉമ്രാന് കഴിഞ്ഞാല്‍ സന്തോഷം: അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഏറ്റവും വേഗമേറിയ പന്തെന്ന തന്‍റെ റെക്കോഡ് ഉമ്രാന് തകര്‍ക്കാന്‍ കഴിയുമെങ്കില്‍ ഏറെ സന്തോഷമാണുള്ളതെന്ന് പാക് പേസ് ഇതിഹാസം ഷോയിബ് അക്തർ അടുത്തിടെ പറഞ്ഞിരുന്നു. "അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഏറ്റവും വേഗമേറിയ പന്തെന്ന എന്‍റെ റെക്കോഡ് തകർക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ തീര്‍ച്ചയായും അതിനായി ശ്രമിക്കേണ്ടതുണ്ട്.
20 വർഷങ്ങള്‍ പിന്നിട്ടിട്ടും അതു ഭേദിക്കപ്പെട്ടിട്ടില്ല. ദയവായി അത് തകർക്കുക. അങ്ങനെയെങ്കില്‍ നിങ്ങളെ കെട്ടിപ്പിടിച്ച് ചുംബിക്കുന്ന ആദ്യത്തെ വ്യക്തി ഞാനായിരിക്കും" പാക് ഇതിഹാസം പറഞ്ഞു. താരത്തിന് എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എപ്പോള്‍ വേണമെങ്കിലും തന്നെ സമീപിക്കാമെന്നും അക്തര്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്‌തു.
ALSO READ: 'അന്ന് ഭീഷണിയുണ്ടായിരുന്നു, എന്നിട്ടും ഞങ്ങള്‍ വന്നു'; ഏഷ്യ കപ്പിനായി ഇന്ത്യ പാകിസ്ഥാനിലേക്ക് വരണമെന്ന് ഷാഹിദ് അഫ്രീദി