മുംബൈ:സ്റ്റാര്‍ പേസറായിരുന്ന സഹീർ ഖാന് ഇന്ത്യക്കായി 100 ടെസ്റ്റ് മത്സരങ്ങൾ കളിക്കാൻ കഴിയാതിരുന്നതിന് കാരണം വിരാട് കോലി കൈവിട്ട ഒരു ക്യാച്ചാണെന്ന് വെറ്ററന്‍ പേസര്‍ ഇഷാന്ത് ശര്‍മ. സഹീര്‍ ഖാന്‍ ഉള്‍പ്പെട്ട ഒരു ചര്‍ച്ചയ്‌ക്കിടെ തമാശയായാണ് ഇഷാന്ത് ശര്‍മ ഇക്കാര്യം പറഞ്ഞത്. 2014 ഫെബ്രുവരിയിൽ ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ വിരാട് കോലിയുടെ കൈവിട്ട ക്യാച്ച് തന്‍റെ കരിയർ അവസാനിച്ചെന്ന് സഹീര്‍ ഖാന്‍ പറഞ്ഞെന്ന് വരുത്തിതീര്‍ക്കാന്‍ രസകരമായ ഒരു കഥയും ഇഷാന്ത് ശർമ്മ പങ്കുവച്ചു.
വെല്ലിങ്‌ടണില്‍ നടന്ന ഈ മത്സരത്തിന് ശേഷമായിരുന്നു സഹീര്‍ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. മത്സരത്തില്‍ 302 റണ്‍സ് നേടിയ ബ്രണ്ടന്‍ മക്കല്ലെത്തിന്‍റെ ക്യാച്ചായിരുന്നു അന്ന് കോലി നഷ്‌ടപ്പെടുത്തിയത്.
ഇഷാന്ത് പറഞ്ഞ കഥയിങ്ങനെ.... "ഞങ്ങൾ അന്ന് ന്യൂസിലൻഡിൽ കളിക്കുകയായിരുന്നു. ബ്രണ്ടൻ മക്കല്ലം 300-ല്‍ ഏറെ റൺസ് നേടിയിരുന്നു. അതിന് മുന്നെ വിരാട് കോലി മക്കല്ലെത്തിന്‍റെ ഒരു ക്യാച്ച് നഷ്‌ടപ്പെടുത്തുകയും ചെയ്‌തു. ഉച്ച ഭക്ഷണത്തിന് അടുത്താണ് അതു സംഭവിച്ചതെന്നാണ് എന്‍റെ ഓര്‍മ്മ.
വിരാട് വന്ന് സാക്കിനോട് (സഹീര്‍ ഖാന്‍) മാപ്പ് പറഞ്ഞു. അപ്പോള്‍, 'വിഷമിക്കേണ്ട, നമ്മള്‍ അവനെ പുറത്താക്കും' എന്നായിരുന്നു സാക്ക് പറഞ്ഞത്. വൈകീട്ട് ചായയ്‌ക്ക് പിരിയുമ്പോളും മക്കല്ലത്തിന്‍റെ വിക്കറ്റ് വീഴ്‌ത്താന്‍ കഴിഞ്ഞിരുന്നില്ല. ചായ കുടിക്കുന്നതിനിടയിലും കോലി വീണ്ടും മാപ്പ് പറഞ്ഞപ്പോള്‍ വിഷമിക്കേണ്ടെന്ന് സാക്ക് വീണ്ടും പറയുകയും ചെയ്തു.