ആദ്യ പ്രതികരണവുമായി ഇഷാൻ കിഷന്‍റെ മാതാപിതാക്കൾ പട്‌ന:ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തിൽ കരിയറിലെ ആദ്യ ഇരട്ട സെഞ്ച്വറി സ്വന്തമാക്കിയിരിക്കുകയാണ് ഇഷാൻ കിഷൻ. 131 പന്തിൽ 24 ഫോറിന്‍റെയും, പത്ത് സിക്‌സിന്‍റെയും അകമ്പടിയോടെയാണ് താരം 210 റണ്‍സാണ് അടിച്ചുകൂട്ടിയത്. കിഷന്‍റെ ഇരട്ട സെഞ്ച്വറി മികവിൽ ഇന്ത്യ 409 എന്ന കൂറ്റൻ സ്‌കോറാണ് അടിച്ചെടുത്തത്. ഇപ്പോൾ കിഷന്‍റെ നേട്ടത്തിൽ അഭിമാനമുണ്ടെന്ന് പ്രതികരിച്ചിരിക്കുകയാണ് താരത്തിന്‍റെ മാതാപിതാക്കൾ.
മൂന്ന് ഫോർമാറ്റിലും കിഷൻ ഒരേ നിലവാരത്തിൽ പ്രകടനം നടത്തുന്നത് കാണാൻ ആഗ്രഹമുണ്ടെന്ന് കിഷന്‍റെ അമ്മ സുചിത്ര സിങ് പറഞ്ഞു. 'എല്ലാ ഫോർമാറ്റുകളിലും ഇതുപോലുള്ള പ്രകടനം നടത്താൻ ഞാൻ പ്രാർഥിക്കുന്നു. ആദ്യ ഇലവനിൽ അവരസം ലഭിക്കുന്നുണ്ടോ ഇല്ലയോ എന്നതല്ല, കിട്ടുന്ന അവസരത്തിൽ മികച്ച പ്രകടനം നടത്തുക എന്നതാണ് പ്രധാനം. പരിശീലനത്തിലും ഫിറ്റ്നസിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ അവന് നിർദേശം നൽകിയിട്ടുണ്ട്.' സുചിത്ര സിങ് വ്യക്‌തമാക്കി.
കൃത്യമായ ഉപദേശങ്ങളും ടെക്‌നിക്കുകളും നൽകി കിഷന് മികച്ച പിന്തുണ നൽകിയത് വിരാട് കോലിയാണെന്നും താരത്തിന് നന്ദി അറിയിക്കുന്നുവെന്നും ഇഷാൻ കിഷന്‍റെ പിതാവ് പ്രണവ് പാണ്ഡെ പറഞ്ഞു. 'കോലി തന്‍റെ അനുഭവം അവനേട് പങ്കിടുന്നത് വളരെ പ്രയോജനകരമാണ്. അവൻ ആക്രമിച്ച് കളിക്കാൻ ശ്രമിക്കുമ്പോൾ മത്സരത്തിന്‍റെ ഗതിയനുസരിച്ച് കളിക്കേണ്ട രീതി കോലി പറഞ്ഞുകൊടുക്കുന്നുണ്ട്. മുമ്പ് ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ അവർ ഒരുമിച്ച് ക്രീസിലുണ്ടായിരുന്നപ്പോഴും ഇത് സംഭവിച്ചിട്ടുണ്ട്'.
അതേസമയം കിഷനെ ടീമിൽ ഉൾപ്പെടുത്തിയ കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നും ടേസിന് ശേഷമാണ് പ്ലേയിങ് ഇലവനിൽ ഉൾപ്പെട്ട കാര്യം അറിഞ്ഞതെന്നും പ്രണവ് പാണ്ഡെ പറഞ്ഞു. അവന്‍റെ ഇരട്ട സെഞ്ച്വറി പല പുതിയ റെക്കോഡുകൾ തിരുത്തിക്കുറിച്ചെന്ന കാര്യവും അറിയില്ലായിരുന്നു. മാധ്യമ പ്രവർത്തകരിൽ നിന്നാണ് ഇതെല്ലാം അറിഞ്ഞത്. ഞങ്ങൾക്ക് വളരെ അഭിമാനമുണ്ട്. പ്രണവ് പാണ്ഡെ കൂട്ടിച്ചേർത്തു.