മുംബൈ: ഡിസംബര്‍ 30നാണ് ഇന്ത്യന്‍ ക്രിക്കറ്റര്‍ റിഷഭ് പന്ത് കാറപകടത്തില്‍ പെടുന്നത്. ഡെറാഡൂണിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന താരത്തിന്‍റെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണ്. നിലവില്‍ താരത്തെ സ്വകാര്യ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്.
ഉത്തരാഖണ്ഡിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ പുലര്‍ച്ചെയാണ് പന്ത് അപകടത്തില്‍ പെടുന്നത്. താരം സഞ്ചരിച്ചിരുന്ന മേർസിഡസ് ജിഎൽസി കൂപ്പ് ഡിവൈഡറിൽ ഇടിച്ചു കയറി തീ പിടിക്കുകയായിരുന്നു. ഈ വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നിരുന്നുവെങ്കിലും ഇന്ത്യന്‍ ടീമില്‍ സഹതാരമായിരുന്ന ഇഷാന്‍ കിഷാന്‍ ഇതറിഞ്ഞിരുന്നില്ല.
രഞ്ജി ട്രോഫിയില്‍ കളിക്കുന്നതിനിടെയാണ് ജാര്‍ഖണ്ഡ് താരം ഈ വാര്‍ത്ത അറിയുന്നത്. സര്‍വീസസിനെതിരായ മത്സരത്തിന്‍റെ ഇടവേളയ്‌ക്കിടെ ആരാധകര്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്നതിനിടെ കൂട്ടത്തിലുള്ളവരാണ് ഇഷാനോട് അപകട വിവരം പറയുന്നത്. വിവരം കേട്ടതും ഞെട്ടിത്തരിക്കുന്ന താരത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.