ന്യൂഡൽഹി : ഐപിഎൽ ലേലത്തിൽ ഇഷാൻ കിഷനായി 15 കോടിയിലധികം ചെലവഴിച്ചതിന് മുംബൈ ഇന്ത്യൻസിനെ വിമർശിച്ച് മുൻ ഓസ്‌ട്രേലിയൻ ഓൾറൗണ്ടറും നിലവില്‍ ഡൽഹി ക്യാപിറ്റൽസ് അസിസ്റ്റന്‍റ് കോച്ചുമായ ഷെയ്ൻ വാട്‌സൺ. താരം പ്രതിഭാധനനാണെങ്കിലും ഇത്രയറെ ശമ്പളത്തിനായി അര്‍ഹനല്ലെന്ന് വാട്‌സണ്‍ പറഞ്ഞു. പരിക്കേറ്റ ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആർച്ചറെ വലിയ തുകയ്ക്ക് വാങ്ങിയതിനേയും വാട്‌സൺ വിമർശിച്ചു.
'ഇഷാൻ കിഷനുവേണ്ടി ഇത്രയധികം പണം ചിലവാക്കുന്നു. അവൻ വളരെ കഴിവുള്ളതും പ്രതിഭാധനനുമായ ഒരു കളിക്കാരനാണ്. എന്നാൽ ഇത്രയേറെ ശമ്പളം ലഭിക്കാന്‍ അർഹനല്ല. 'പിന്നെ, ജോഫ്ര ആർച്ചറിനായി പോകുന്നു. അവൻ തിരികെ വരുമോയെന്നറിയാതെ. കുറച്ചുകാലമായി അവൻ ക്രിക്കറ്റ് കളിച്ചിട്ടില്ല. അവർക്ക് ടീമിൽ കുറച്ച് പോരായ്‌മകളുണ്ട്' - വാട്‌സണ്‍ പറഞ്ഞു.
രോഹിത് ശർമ, ജസ്പ്രീത് ബുംറ, സൂര്യകുമാർ യാദവ്, കീറോൺ പൊള്ളാർഡ് എന്നിവരെ നിലനിര്‍ത്തിയപ്പോള്‍ 15.25 കോടി രൂപയ്‌ക്കാണ് മുംബൈ ഇഷാനെ ലേലത്തില്‍ പിടിച്ചത്. കൈമുട്ട് ശസ്ത്രക്രിയയിൽ നിന്ന് ഇപ്പോഴും സുഖം പ്രാപിക്കുന്ന ജോഫ്ര ആർച്ചര്‍ക്കായി എട്ട് കോടി രൂപയും സംഘം മുടക്കി.