മുംബൈ:അഫ്‌ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്‌ക്കായുള്ള ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷന്‍റെ അഭാവം ചര്‍ച്ചയായിരുന്നു. നേരത്തെ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടെസ്റ്റ് പരമ്പരയിൽ 'വ്യക്തിപരമായ കാരണങ്ങളാൽ' ഇഷാന്‍ കിഷന്‍ പിന്മാറിയിരുന്നു. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി വിശ്രമത്തിനായാണ് 25-കാരന്‍റെ പിന്മാറ്റമെന്നായിരുന്നു റിപ്പോര്‍ട്ട്.
എന്നാല്‍ വിശ്രമം ആവശ്യപ്പെട്ട ഇഷാന്‍ നേരപ്പോയത് ദുബായില്‍ സഹോദരന്‍റെ ബെര്‍ത്ത് ഡേ പാര്‍ട്ടി ആഘോഷത്തിനായാണെന്നാണ് പിന്നീട് പുറത്ത് വന്ന വിവരം. (Ishan Kishan Spotted in dubai after leaving Indian Test Squad). താരത്തിന്‍റെ ഈ പ്രവര്‍ത്തി ബിസിസിഐക്കും സെലക്‌ടര്‍മാര്‍ക്കും അത്ര രസിച്ചിട്ടില്ല. ഇതിന്‍റെ പശ്ചാത്തലത്തിലാണ് അഫ്‌ഗാനിസ്ഥാനെതിരെ കളിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടും ഇഷാനെ ഒഴിവാക്കി പരമ്പരയില്‍ സഞ്‌ജു സാംസണേയും ജിതേഷ് ഷര്‍മയേയും വിക്കറ്റ് കീപ്പര്‍മാരായി ഉള്‍പ്പെടുത്തിയതെന്നാണ് നിലവിലെ സംസാരം.
എന്നാല്‍ തന്‍റെ അവധി ദിനങ്ങള്‍ ഇഷാന്‍ എങ്ങിനെ ചിലവഴിക്കുന്നുവെന്ന് ബിസിസഐയോ അല്ലെങ്കില്‍ സെലക്‌ടര്‍മാരോ അറിയേണ്ട കാര്യമില്ലെന്ന വാദവും ഉയരുന്നുണ്ട്. അതേസമയം സ്‌ക്വാഡിലുണ്ടായിട്ടും നിരന്തരം പ്ലേയിങ് ഇലവനില്‍ അവസരം ലഭിക്കാത്തതില്‍ ഇഷാന് അതൃപ്തിയുണ്ടായിരുന്നുവെന്നാണ് സൂചന. ഏകദിന ലോകകപ്പിന്‍റെ സമാപനത്തിന് ശേഷം ഓസ്ട്രേലിയയ്‌ക്ക് എതിരെ നടന്ന ടി20 പരമ്പരയില്‍ നിന്നും ഒഴിവാകാന്‍ ഇഷാൻ ആഗ്രഹിച്ചതായും എന്നാല്‍ താരത്തിന്‍റെ അഭ്യര്‍ത്ഥന നിരസിക്കപ്പെട്ടതായും ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.
സ്വന്തം മണ്ണില്‍ അരങ്ങേറിയ ഏകദിന ലോകകപ്പില്‍ ഡെങ്കിപ്പനിയെ തുടര്‍ന്ന് ശുഭ്‌മാന്‍ ഗില്ലിന് കളിക്കാന്‍ കഴിയാതിരുന്നതോടെ ആദ്യ രണ്ട് മത്സരങ്ങളില്‍ ഇഷാന്‍ കളിച്ചിരുന്നു. എന്നാല്‍ ഗില്ലിന്‍റെ മടങ്ങിവരവോടെ ഇഷാന് പ്ലേയിങ് ഇലവനില്‍ പുറത്തിരിക്കേണ്ടി വന്നു. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും ഇഷാന്‍ ഇറങ്ങിയിരുന്നു.