കൊളംബോ: പിറന്നാൾ ദിനത്തിൽ അരങ്ങേറ്റം കുറിച്ച ഏകദിനത്തിൽ മിന്നും പ്രകടനം കാഴ്‌ച വെച്ച് ഇന്ത്യയുടെ യുവതാരം ഇഷാൻ കിഷൻ. റോബിൻ ഉത്തപ്പയ്ക്ക് ശേഷം അരങ്ങേറ്റ ടി 20യിലും ഏകദിനത്തിലും അർധശതകം നേടുന്ന കളിക്കാരൻ എന്ന റെക്കോഡ് സ്വന്തം പേരിൽ കുറിച്ചിരിക്കുകയാണ് ഇഷാൻ.
ശ്രീലങ്കക്കെതിരായ മത്സരത്തിൽ 42 പന്തിൽ 8 ഫോറിന്‍റെയും 2 സിക്സുകളുടേയും അകമ്പടിയോടെ 59 റണ്‍സ് നേടിയാണ് താരം ആദ്യ ഏകദിനത്തിൽ തന്നെ തന്‍റെ വരവറിയിച്ചത്. ക്രീസിലെത്തിയ ഇഷാൻ കിഷൻ ആദ്യ പന്തു തന്നെ സിക്‌സ് പറത്തി. തൊട്ടടുത്ത പന്തിൽ ഫോറും.
അരങ്ങേറ്റ ടി20 യിലും തിളങ്ങി
ആദ്യ മത്സരത്തിലെ അർധശതകങ്ങൾ ഇഷാൻ കിഷന് എന്നുമൊരു വീക്ക്‌നസ് എന്നു തന്നെ വേണമെങ്കിൽ പറയാം. കാരണം തന്‍റെ ആദ്യ അന്താരാഷ്ട്ര ട്വന്‍റി 20 യിലും കിഷൻ അർധശതകം നേടിയിരുന്നു. 2021 മാർച്ച് 14ന് ഇംഗ്ലണ്ടിനെതിരെയായിരുന്നു ആദ്യ ടി20 അരങ്ങേറ്റം.