മുംബൈ :ടി20 ഫോര്‍മാറ്റിലേക്ക് മടങ്ങിവരാനുള്ള താല്‍പര്യം ഇന്ത്യയുടെ വെറ്ററന്‍ ബാറ്റര്‍മാരായ രോഹിത് ശര്‍മയും വിരട് കോലിയും ബിസിസിഐയെ അറിയിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. 2022-ല്‍ ഓസ്‌ട്രേലിയയില്‍ അരങ്ങേറിയ ടി20 ലോകകപ്പിന്‍റെ സെമി ഫൈനലില്‍ ഇന്ത്യയുടെ തോല്‍വിക്ക് ശേഷം ഇരു താരങ്ങളും ഫോര്‍മാറ്റില്‍ ടീമിനായി കളിച്ചിട്ടില്ല. എന്നാല്‍ വരുന്ന ജൂണില്‍ വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലും നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് നിലവില്‍ ഇരു താരങ്ങളും തിരിച്ചുവരവിന് ഒരുങ്ങുന്നത്.
ഇപ്പോഴിതാ രോഹിത്തിന്‍റെയും കോലിയുടെയും സാന്നിധ്യം ടി20 ലോകകപ്പില്‍ ഇന്ത്യയ്‌ക്ക് ഏറെ ഗുണം ചെയ്യുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. കളിക്കളത്തിലും പുറത്തും ഇരുവരുടെയും അനുഭവപരിചയം ഇന്ത്യക്ക് ആവശ്യമാണെന്നാണ് ഇര്‍ഫാന്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത് (Irfan Pathan on Virat Kohli Rohit Sharma at T20 World Cup 2024).
"ടി20 ലോകകപ്പില്‍ രോഹിത്തും വിരാടും കളിക്കുന്നത് ടീം മാനേജ്‌മെന്‍റിനെയും അവരുടെ ഫിറ്റ്‌നസിനെയും ആശ്രയിച്ചിരിക്കുന്നു. എന്നാല്‍ ഇരുവരെയും കളിക്കളത്തിൽ കാണാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്. പ്രത്യേകിച്ചും, രോഹിത്തിന്‍റെ ഫോമിലെ മാറ്റം കണുമ്പോള്‍.
കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ധാരാളം റണ്‍സാണ് അവന്‍ അടിച്ചുകൂട്ടിയത്. വിരാട് കോലിയുടെ കാര്യവും സമാനമാണ്. രണ്ട് വര്‍ഷം മുമ്പ് നമ്മള്‍ സംസാരിക്കുമ്പോള്‍, തന്‍റെ മികച്ച ഫോമിലായിരുന്നില്ല അവനുണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ ഇന്ത്യന്‍ പ്രീമിയര്‍ ലീഗും ടി20 ലോകകപ്പും അവനെ സംബന്ധിച്ചിടത്തോളം ഏറെ അതിശയിപ്പിക്കുന്ന ടൂർണമെന്‍റുകളിൽ ചിലതായിരുന്നു.