ന്യൂഡല്‍ഹി: ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട് കോലിയുടെ മോശം ഫോമാണ് സമീപകാലത്തായി ക്രിക്കറ്റ് ലോകത്തെ ഏറ്റവും വലിയ ചര്‍ച്ച വിഷയങ്ങളിലൊന്ന്. ഇംഗ്ലണ്ട് പര്യടനത്തിന് പിന്നാലെ വിശ്രമം അനുവദിച്ച താരം നിലവില്‍ ഏഷ്യ കപ്പിനുള്ള ഒരുക്കത്തിലാണ്. ഏഷ്യ കപ്പിലൂടെ കോലിക്ക് ഫോമിലേക്ക് തിരികെയെത്താനാവുമെന്ന പ്രതീക്ഷ പങ്കുവച്ചിരിക്കുകയാണ് മുന്‍ ഓള്‍ റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍.
മികച്ച ഫോമിലുള്ള കോലി ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയ്‌ക്ക് നിര്‍ണായകമാവുമെന്നും ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു. "വിരാട് കോലിയെ സംബന്ധിച്ചിടത്തോളം അവന്‍ എന്ത് ചിന്തിക്കും, ഏത് തരത്തിലുള്ള മാനസികാവസ്ഥയിലാണ് കളിക്കുക എന്നതൊക്കെയും പ്രധാനമാണ്.
ഏഷ്യ കപ്പ് വളരെ വളരെ പ്രധാനമാണ്, പക്ഷേ ഞാൻ ടി20 ലോകകപ്പിലേക്കാണ് നോക്കുന്നത്. ഓസ്‌ട്രേലിയയിലെ പിച്ചുകൾ വളരെ മികച്ചതായിരിക്കും. അതവന്‍ ഇഷ്‌ടപ്പെടുന്നു, ഓസ്‌ട്രേലിയൻ പിച്ചുകളിൽ മികച്ച പ്രകടനം നടത്താന്‍ കോലിക്ക് കഴിയും. മുന്‍ വര്‍ഷങ്ങളില്‍ അവനത് നന്നായി തന്നെ ചെയ്‌തിട്ടുണ്ട്.
ഇക്കാരണത്താല്‍ തന്നെ കോലിയെ മികച്ച ഫോമില്‍ ഇന്ത്യയ്‌ക്ക് വേണം. ഏഷ്യ കപ്പിലൂടെ അവന്‍ ഫോമിലേക്ക് മടങ്ങിയെത്തും. ഇത് ഇന്ത്യയ്‌ക്കും താരത്തിനും ഒരുപോലെ ഗുണം ചെയ്യും", ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു.