കേപ്‌ടൗണ്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിനുള്ള അവസാനഘട്ട ഒരുക്കത്തിലാണ് ഇന്ത്യ. ജനുവരി മൂന്നിന് കേപ്‌ടൗണിലാണ് മത്സരം ആരംഭിക്കുക. (India vs South Africa 2nd Test) സെഞ്ചൂറിയനില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്നിങ്‌സിനും 32 റണ്‍സിനും സന്ദര്‍ശകര്‍ തോല്‍വി സമ്മതിച്ചിരുന്നു. രണ്ട് മത്സര പരമ്പര സമനിലയിലാക്കണമെങ്കില്‍ രോഹിത് ശര്‍മയ്‌ക്കും സംഘത്തിനും കേപ്‌ടൗണില്‍ കളി പിടിച്ചേ മതിയാവൂ.
ആദ്യ ടെസ്റ്റില്‍ ബോളിങ്ങിലും ബാറ്റിങ്ങിലും ഒരുപോലെ നിറം മങ്ങിയതാണ് സന്ദര്‍ശകര്‍ക്ക് തിരിച്ചടിയായത്. ബാറ്റിങ് യൂണിറ്റില്‍ കെഎല്‍ രാഹുല്‍, വിരാട് കോലി എന്നിവര്‍ക്കും ബോളിങ്ങില്‍ ജസ്‌പ്രീത് ബുംറയ്‌ക്കും മാത്രമാണ് തിളങ്ങാന്‍ കഴിഞ്ഞത്. ഇതോടെ കേപ്‌ടൗണില്‍ എന്തൊക്കെ മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുകയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ഇതിനിടെ ടീമില്‍ ഒരൊറ്റ മാറ്റം മാത്രം നിര്‍ദേശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. ആര്‍ അശ്വിന് പകരം രവീന്ദ്ര ജഡേജയെ കളിപ്പിക്കണമെന്നാണ് ഇര്‍ഫാന്‍ പഠാന്‍ പറയുന്നത്. ( Irfan Pathan backs Ravindra Jadeja to replace R Ashwin in 2nd Test) ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തിലെ ചര്‍ച്ചയ്‌ക്കിടെ 39-കാരന്‍റെ വാക്കുകള്‍ ഇങ്ങിനെ...
"ഫിറ്റാണെങ്കില്‍ രവീന്ദ്ര ജഡേജ ടീമിലേക്ക് തിരികെ എത്തണം. പ്രതീക്ഷിച്ചത് പോലെ തന്നെ സംഭവിച്ച സെഞ്ചൂറിയനിലെ പിച്ചില്‍ അശ്വിൻ നന്നായി ബോൾ ചെയ്തു. പക്ഷെ, ഏഴാം നമ്പറില്‍ നിയന്ത്രണത്തോടെയുള്ള രവീന്ദ്ര ജഡേജയുടെ ബാറ്റിങ് നമ്മള്‍ മിസ് ചെയ്‌തു. അതിനാല്‍ ഫിറ്റാണെങ്കില്‍ ജഡേജ പ്ലേയിങ് ഇലവനിലുണ്ടാവണം" ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു.