മുംബൈ: ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ഏകദിന പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്‌ജു സാംസണെ (Sanju Samson) തഴഞ്ഞത് ആരാധകരെ വീണ്ടും ചൊടിപ്പിച്ചിരിക്കുകയാണ്. ഏകദിനത്തില്‍ മികച്ച റെക്കോഡുള്ള സഞ്‌ജുവിനെ പുറത്തിരുത്തിയത് അനീതിയാണെന്നും അര്‍ഹിക്കുന്ന അവസരമാണ് താരത്തിന് നഷ്‌ടപ്പെട്ടതെന്നുമാണ് ആരാധകരുടെ വാദം. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍.
(Irfan Pathan on Sanju Samson omission from ODI series against Australia). 'സഞ്ജുവിന്‍റെ സ്ഥാനത്ത് ഞാനാണെങ്കിൽ, ഇപ്പോള്‍ വളരെയധികം നിരാശനാകും' എന്നാണ് ഇര്‍ഫാന്‍ പഠാന്‍ (Irfan Pathan) സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ കുറിച്ചിരിക്കുന്നത്. ഓസീസിനെതിരായ പരമ്പരയില്‍ നിന്നും സഞ്‌ജുവിനെ ഒഴിവാക്കി തിലക് വർമ്മയും (Tilak Varma) റുതുരാജ് ഗെയ്‌ക്‌വാദിനേയുമാണ് (Ruturaj Gaikwad) സെലക്‌ടര്‍മാര്‍ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഏകദിന ലോകകപ്പ് (ODI World Cup 2023) ടീമിൽ നിന്നും ഇതിനകം ഒഴിവാക്കപ്പെട്ടിരുന്ന സഞ്‌ജുവിനെ അടുത്തിടെ സമാപിച്ച ഏഷ്യ കപ്പിനുള്ള (Asia Cup 2023) സ്‌ക്വാഡില്‍ റിസര്‍വ് താരമായി ഉള്‍പ്പെടുത്തിയിരുന്നു. കെഎല്‍ രാഹുലിന് പരിക്കേറ്റ സാഹചര്യത്തിലായിരുന്നു സഞ്‌ജുവിനെ റിസര്‍വ് താരമാക്കിയത്. ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ കളിക്കാതിരുന്ന രാഹുല്‍ സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍ക്കായി ടീമിനൊപ്പം ചേര്‍ന്നതോടെ സഞ്‌ജുവിനെ തിരിച്ച് അയയ്‌ക്കുകയും ചെയ്‌തു.
ഇതേവരെ 13 ഏകദിനങ്ങളില്‍ മാത്രം അവസരം ലഭിച്ച സഞ്‌ജു 55.71 ശരാശരിയിൽ 390 റൺസാണ് അടിച്ചെടുത്തിട്ടുള്ളത്. മൂന്ന് അർധസെഞ്ചുറികൾ ഉൾപ്പെടെയാണ് 28-കാരന്റെ പ്രകടനം. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ കളിച്ച തന്‍റെ അവസാന ഏകദിനത്തില്‍ 41 പന്തിൽ നിന്ന് 51 റൺസ് നേടാന്‍ മലയാളി താരത്തിന് കഴിഞ്ഞിരുന്നു.