ചെന്നൈ:ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) പാകിസ്ഥാനെതിരായ ചരിത്ര ജയത്തിന് ശേഷം അഫ്‌ഗാനിസ്ഥാന്‍റെ വിജയാഘോഷങ്ങള്‍ക്കൊപ്പം ചേര്‍ന്ന് ഇന്ത്യയുടെ മുന്‍ ഓള്‍ റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍ (Irfan Pathan Celebrated With Afghan Players). ചെപ്പോക്കില്‍ ബാബര്‍ അസമിന് കീഴില്‍ ഇറങ്ങിയ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ എട്ട് വിക്കറ്റിനാണ് അഫ്‌ഗാനിസ്ഥാന്‍ പരാജയപ്പെടുത്തിയത്. ഈ ലോകകപ്പില്‍ അഫ്‌ഗാന്‍റെ രണ്ടാം ജയമായിരുന്നു ഇത്.
പാകിസ്ഥാനെ തോല്‍പ്പിച്ച ശേഷമുള്ള അഫ്‌ഗാന്‍ താരങ്ങളുടെ വിജയാഘോഷങ്ങള്‍ക്കൊപ്പമായിരുന്നു ഇര്‍ഫാന്‍ പത്താനും ചേര്‍ന്നത്. സ്പിന്നര്‍ റഷിദ് ഖാനൊപ്പം നൃത്തം ചെയ്‌തുകൊണ്ടാണ് ഇന്ത്യന്‍ മുന്‍ ഓള്‍റൗണ്ടര്‍ അഫ്‌ഗാന്‍ ആഘോഷങ്ങളുടെ ഭാഗമായി മാറിയത് (Irfan Pathan Dancing With Rashid Khan). ഇതിന്‍റെ ദൃശ്യങ്ങള്‍ തന്‍റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പത്താന്‍ പങ്കുവച്ചിട്ടുണ്ട്.
'നല്‍കിയ ഉറപ്പ് റാഷിദ് ഖാന്‍ നിറവേറ്റി, എന്‍റെ വാക്ക് ഞാനും..' എന്ന ക്യാപ്‌ഷനോടെയാണ് ഇര്‍ഫാന്‍ പത്താന്‍ റാഷിദ് ഖാനൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ ദൃശ്യവും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്.
ചെന്നൈയില്‍ പാകിസ്ഥാനെ തോല്‍പ്പിച്ചതോടെ ലോകകപ്പില്‍ നാല് പോയിന്‍റ് സ്വന്തമാക്കാന്‍ അഫ്‌ഗാനിസ്ഥാനായിട്ടുണ്ട്. നിലവില്‍ പോയിന്‍റ് പട്ടികയില്‍ ആറാമതാണ് അഫ്‌ഗാനിസ്ഥാന്‍. അതേസമയം, തുടര്‍ച്ചയായി മൂന്നാം മത്സരത്തിലും തോല്‍വി വഴങ്ങിയെങ്കിലും പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് തന്നെ തുടരുകയാണ് പാകിസ്ഥാന്‍.