ഡബ്ലിന്‍: അയര്‍ലന്‍ഡിനെതിരായ ട്വന്‍റി-20 പരമ്പരയ്‌ക്ക് നാളെ(ജൂണ്‍ 26) തുടക്കമാകും. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരമുള്ളതിനാൽ യുവതാരങ്ങളുമായിട്ടാണ് ഇന്ത്യ പരമ്പരയ്‌ക്ക് ഇറങ്ങുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ടതോടെ ഉമ്രാൻ മാലിക്ക് ഉള്‍പ്പെടെയുളള പുതുമുഖ താരങ്ങൾക്ക് അരങ്ങേറ്റത്തിനുള്ള അവസരം ലഭിച്ചിരുന്നില്ല. ഹാർദിക് പാണ്ഡ്യയുടെ നായകനായുള്ള അരങ്ങേറ്റമാണ് അയര്‍ലന്‍ഡ് പരമ്പരയിൽ ശ്രദ്ധേയം.
ഹാര്‍ദിക്കിന് പുറമെ ഓപ്പണര്‍മാരായ റിതുരാജ് ഗെയ്‌ക്വാദ്, ഇഷാന്‍ കിഷന്‍, വെറ്ററൻ താരം ദിനേശ് കാര്‍ത്തിക് എന്നിവര്‍ ആദ്യ ഇലവനിൽ ഇടം പിടിക്കും. മലയാളി താരം സഞ്‌ജു സാംസണ്‍ ആദ്യ മത്സരം കളിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് കാർത്തിക്കിനെ പരിഗണിക്കുമെന്നതിനാൽ മൂന്നാം നമ്പർ ബാറ്ററുടെ റോളിലാകും സഞ്‌ജു ഇറങ്ങുക. എങ്കിലും ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി എന്നിവരുടെ വെല്ലുവിളി മറികടക്കേണ്ടി വരും.