ഡബ്ലിൻ:അയർലൻഡിനെതിരെ ഞായറാഴ്‌ച ആരംഭിക്കുന്ന രണ്ട് ടി20 മത്സരങ്ങളുടെ പരമ്പരയിൽ മലയാളി താരം സഞ്‌ജു സാംസണ്‍ കളിച്ചേക്കും. ഇംഗ്ലണ്ടിൽ ടെസ്റ്റ് മത്സരം കളിക്കുന്നതിനാൽ റിഷഭ് പന്തിനെയും, ശ്രേയസ് അയ്യരെയും ടി20 പരമ്പരയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഈ സ്ഥാനത്തേക്കാണ് സഞ്‌ജു സാംസണും, സൂര്യകുമാർ യാദവും ഇടം നേടുക. വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് സീനിയർ ബാറ്റർ ദിനേഷ് കാർത്തിക്കിനെ പരിഗണിക്കുന്നതിനാൽ മൂന്നാം നമ്പർ ബാറ്ററുടെ റോളിലാകും സഞ്‌ജു പ്ലേയിങ് ഇലവനിൽ സ്ഥാനം പിടിക്കുക.
ടെസ്റ്റ് പരമ്പരയ്‌ക്കായി ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ് ഇംഗ്ലണ്ടിലായതിനാൽ എൻസിഎ തലവൻ വിവിഎസ് ലക്ഷ്‌മണാണ് അയർലൻഡിനെതിരായ ഇന്ത്യൻ സംഘത്തെ പരിശീലിപ്പിക്കുക. മാസങ്ങൾക്ക് ശേഷം ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുന്ന സഞ്‌ജു സാംസണും, കൈക്കുഴയ്‌ക്കേറ്റ പരിക്കിൽ നിന്ന് മുക്‌തനായി തിരിച്ചെത്തുന്ന സൂര്യകുമാർ യാദവിനും ഈ പരമ്പര ഏറെ നിർണായകമാണ്.