ഡബ്ലിന്‍ :ഇന്ത്യയ്‌ക്കെതിരായ (India) ടി20 പരമ്പരയ്‌ക്കുള്ള 15 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ച് അയര്‍ലന്‍ഡ് (Ireland). ഈ മാസം 18ന് ആരംഭിക്കുന്ന പരമ്പരയില്‍ സൂപ്പര്‍ താരം പോള്‍ സ്റ്റിര്‍ലിങ്ങിന്‍റെ (Paul Stirling) നേതൃത്വത്തിലാകും ഐറിഷ് പട ഇറങ്ങുക. മൂന്ന് മത്സരങ്ങളാണ് അയര്‍ലന്‍ഡില്‍ ഇന്ത്യ കളിക്കുന്നത്.
2024ലെ ടി20 ലോകകപ്പ് യോഗ്യത ഉറപ്പിച്ച ശേഷം അയര്‍ലന്‍ഡ് കളിക്കാനിറങ്ങുന്ന ആദ്യത്തെ പരമ്പരകൂടിയാണ് വരാനിരിക്കുന്നത്. അതുകൊണ്ട് തന്നെ കരുത്തരായ ഇന്ത്യയ്‌ക്കെതിരെ ശക്തമായ പോരട്ടം കാഴ്‌ചവയ്‌ക്കാനാകും ആതിഥേയരുടെ ശ്രമം.
പുതിയ നായകന് കീഴിലാണ് അയര്‍ലന്‍ഡ് ഇക്കുറി ഇന്ത്യയെ നേരിടാനിറങ്ങുന്നത്. ഏകദിന ലോകകപ്പിന് യോഗ്യത നേടാനാകാതെ പോയതോടെ ആയിരുന്നു സ്ഥിരം ക്യാപ്‌റ്റന്‍ ആൻഡ്രൂ ബാൽബിർണി (Andrew Balbirnie) സ്ഥാനമൊഴിഞ്ഞത്. ഇതോടെയാണ് സ്റ്റിര്‍ലിങ് വീണ്ടും ടീമിന്‍റെ നേതൃസ്ഥാനത്തേക്ക് എത്തുന്നത്.
ഇതിന് മുന്‍പ് പതിനാല് മത്സരങ്ങളില്‍ ഐറിഷ് പടയെ നയിച്ച് പരിചയമുള്ള താരം കൂടിയാണ് പോള്‍ സ്റ്റിര്‍ലിങ്. അതേസമയം, ഇന്ത്യയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലേക്ക് പ്രധാന താരങ്ങളെയെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ടീമിനെയാണ് അയര്‍ലന്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ടി20 ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ കളിച്ച ടീമിലെ ഭൂരിഭാഗം പേരും ഇന്ത്യയ്‌ക്കെതിരെയും ഐറിഷ് ജേഴ്‌സി അണിയും.
ഏറെ നാളായി ടീമിന് പുറത്തുള്ള ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറയുടെ ടീമിലേക്കുള്ള മടങ്ങിവരവ് ഈ പരമ്പരയിലൂടെയാണ്. ക്യാപ്‌റ്റന്‍ കുപ്പായമണിഞ്ഞാണ് ബുംറ പരമ്പരയിലൂടെ ടീമിലേക്ക് തിരിച്ചെത്തുന്നത്. ഐപിഎല്ലില്‍ ഉള്‍പ്പടെ തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്തയിട്ടുള്ള യുവതാരങ്ങളുമായിട്ടാണ് ഇന്ത്യ അയര്‍ലന്‍ഡിലേക്ക് പോകുന്നത്.