ഡബ്ലിന്‍: അയര്‍ലന്‍ഡിന്‍റെ ഇതിഹാസ ഓള്‍റൗണ്ടര്‍ കെവിന്‍ ഒബ്രിയന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. 16 വര്‍ഷങ്ങള്‍ നീണ്ട കരിയര്‍ അവസാനിപ്പിക്കുകയാണ് എന്ന് സോഷ്യല്‍ മീഡിയയിലൂടെയാണ് താരം അറിയിച്ചത്. വരാനിരിക്കുന്ന ടി20 ലോകകപ്പിൽ കളിച്ചതിന് ശേഷം വിരമിക്കാനായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അവസരങ്ങളുടെ അഭാവമാണ് ഇപ്പോഴത്തെ തീരുമാനത്തിന് പിന്നിലെന്ന് താരം ട്വിറ്ററിലൂടെ അറിയിച്ചു.
“അയർലൻഡിനായി കളിക്കുന്ന ഓരോ മിനിറ്റും ഞാൻ ആസ്വദിച്ചു, മൈതാനത്ത് ധാരാളം സുഹൃത്തുക്കളെ ഉണ്ടാക്കി, ദേശീയ ടീമിനായി കളിച്ചതിൽ നിന്ന് എനിക്ക് ഓർമിക്കാൻ ഒരുപാട് സന്തോഷകരമായ ഓർമ്മകളുണ്ട്”, കെവിന്‍ ഒബ്രിയന്‍ എഴുതി.
2006ല്‍ അയര്‍ലന്‍ഡ് ടീമിനായി അരങ്ങേറ്റം കുറിച്ച താരം 152 ഏകദിന മത്സരങ്ങളില്‍ നിന്നും രണ്ട് സെഞ്ച്വറിയും 18 അര്‍ധ സെഞ്ച്വറികളുമടക്കം 3619 റണ്‍സ് നേടിയിട്ടുണ്ട്. 114 വിക്കറ്റും വീഴ്‌ത്തി. 109 ടി20കളില്‍ നിന്നും ഒരു സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറിയുമടക്കം 1937 റണ്‍സാണ് സ്വന്തമാക്കിയത്.
കരിയറില്‍ മൂന്ന് ടെസ്റ്റുകള്‍ മാത്രമാണ് താരം കളിച്ചത്. അതേസമയം 2021ല്‍ യുഎഇയില്‍ നടന്ന ടി20 ലോകകപ്പിലാണ് കെവിന്‍ അവസാനമായി അയര്‍ലന്‍ഡിനായി കളിച്ചത്. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിലവില്‍ അയര്‍ലന്‍ഡിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ മൂന്നാമത്തെ താരമാണ് 38കാരനായ കെവിന്‍.
2011 ലോകകപ്പില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 328 റണ്‍സ് വിജയലക്ഷ്യം അയര്‍ലന്‍ഡ് മറികടന്ന ചരിത്ര മത്സരത്തില്‍ ടീമിന്‍റെ വിജയത്തില്‍ നിര്‍ണായകമാവാന്‍ താരത്തിന് കഴിഞ്ഞിരുന്നു. അന്ന് 63 പന്തില്‍ നിന്ന് 113 റണ്‍സാണ് കെവിന്‍ അടിച്ച് കൂട്ടിയത്.