ഡബ്ലിന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര കൈവിട്ടതിന്‍റെ ക്ഷീണം മാറ്റാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നാളെ (ഓഗസ്റ്റ് 18) അയര്‍ലന്‍ഡിനെ നേരിടാന്‍ ഇറങ്ങും. ജസ്‌പ്രീത് ബുംറയുടെ (Jasprit Bumrah) നേതൃത്വത്തിലുള്ള യുവനിരയാണ് ഐറിഷ് പടയെ നേരിടാന്‍ അവരുടെ തട്ടകത്തില്‍ ഇറങ്ങുന്നത്. മൂന്ന് മത്സരങ്ങളാണ് ടീം ഇന്ത്യ അയര്‍ലന്‍ഡില്‍ കളിക്കുക.
തുടര്‍ച്ചയായ രണ്ടാം വര്‍ഷത്തിലാണ് ഇന്ത്യന്‍ ടീം അയര്‍ലന്‍ഡിലേക്ക് പര്യടനം നടത്തുന്നത്. കഴിഞ്ഞ തവണ ഇവിടെയെത്തി കളിച്ച രണ്ട് മത്സരങ്ങളിലും ജയം പിടിക്കാന്‍ ഇന്ത്യയ്‌ക്ക് സാധിച്ചിരുന്നു. ഹര്‍ദിക് പാണ്ഡ്യയുടെ കീഴിലായിരുന്നു ടീം ഇന്ത്യ 2022ല്‍ അയര്‍ലന്‍ഡില്‍ എത്തിയത്.
ജസ്‌പ്രീത് ബുംറയുടെ മടങ്ങി വരവ്:നായകന്‍ ജസ്‌പ്രീത് ബുംറയാണ് പരമ്പരയില്‍ ഇന്ത്യയുടെ ശ്രദ്ധാകേന്ദ്രം. കഴിഞ്ഞ സെപ്‌റ്റംബറില്‍ ആയിരുന്നു താരം അവസാനമായി ഇന്ത്യയ്‌ക്ക് വേണ്ടി പന്തെറിഞ്ഞത്. പിന്നാലെ, പരിക്കിനെ തുടര്‍ന്ന് ടീമിന് പുറത്തായ താരം 11 മാസത്തെ നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് ടീമിനായി കളത്തിലിറങ്ങാന്‍ പോകുന്നത്. ഏഷ്യ കപ്പും ഏകദിന ലോകകപ്പും വരാനിരിക്കുന്ന തിരിച്ചുവരവില്‍ ബുംറ പഴയ താളം കണ്ടെത്തുമോയെന്ന കാര്യം ആകാംക്ഷയോടെയാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സഞ്ജു:വിന്‍ഡീസില്‍ നിറം മങ്ങിയ സഞ്ജു സാംസണ് (Sanju Samson) അയര്‍ലന്‍ഡില്‍ ബാറ്റ് കൊണ്ട് മികവ് കാട്ടേണ്ടതുണ്ട്. ഇവിടെയും റണ്‍സ് നേടാന്‍ സാധിച്ചില്ലെങ്കില്‍ താരത്തിന് ഭാവിയില്‍ ടീമിലെ സ്ഥാനം തന്നെ നഷ്‌ടപ്പെട്ടേക്കാം. അതുകൊണ്ട് തന്നെ താരത്തിന് ഈ പരമ്പര ഏറെ നിര്‍ണായകമാണ്.