ഡബ്ലിന്‍ : അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പര പിടിക്കാന്‍ ഇന്ത്യ (Ireland vs India). മൂന്ന് മത്സര പരമ്പരയിലെ രണ്ടാം ടി20 നാളെ ഡബ്ലിനിലെ ദി വില്ലേജ് സ്റ്റേഡിയത്തില്‍ നടക്കും. ഇന്ത്യന്‍ സമയം വൈകീട്ട് 7.30നാണ് കളി തുടങ്ങുക.
ആദ്യ മത്സരത്തില്‍ മഴ നിയമ പ്രകാരം രണ്ട് റണ്‍സിന് വിജയിക്കാന്‍ സന്ദര്‍ശകര്‍ക്ക് കഴിഞ്ഞിരുന്നു. ഇതോടെ രണ്ടാം ടി20യിലും വിജയം ആവര്‍ത്തിച്ചാല്‍ ഒരു മത്സരം ബാക്കി നില്‍ക്കെ തന്നെ ജസ്‌പ്രീത് ബുംറയുടെ (Jasprit bumrah) സംഘത്തിന് പരമ്പര തൂക്കാം. ആദ്യ മത്സരത്തിലെ പ്ലെയിങ് ഇലവനില്‍ ഇന്ത്യ കാര്യമായ മാറ്റം വരുത്താന്‍ സാധ്യതയില്ല (IRE vs IND 2nd T20I probable XI).
ജസ്പ്രീത് ബുംറയുടെ നേതൃത്വത്തില്‍ യശസ്വി ജയ്‌സ്വാള്‍, റിതുരാജ് ഗെയ്‌ക്‌വാദ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പർ), തിലക് വര്‍മ, റിങ്കു സിങ്, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, പ്രസിദ്ധ് കൃഷ്‌ണ, അര്‍ഷ്‌ദീപ് സിങ്, രവി ബിഷ്‌ണോയ് എന്നിവരായിരുന്നു കഴിഞ്ഞ മത്സരത്തില്‍ കളിക്കാന്‍ ഇറങ്ങിയത് (India probable XI against Ireland). പ്രസിദ്ധിന്‍റേയും റിങ്കുവിന്‍റേയും അരങ്ങേറ്റ മത്സരമായിരുന്നു ഇത്.
മത്സരത്തില്‍ ടോസ് നേടിയ ജസ്‌പ്രീത് ബുംറ ബോളിങ് തെരഞ്ഞെടുത്തതോടെ ആതിഥേയര്‍ക്ക് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്നിരുന്നു. ടീമിനെ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ ചുരുട്ടിക്കൂട്ടിയ ഇന്ത്യന്‍ ബോളിങ് നിര മികവ് കാട്ടുകയും ചെയ്‌തു. 11 മാസത്തെ ഇടവേളയ്‌ക്ക് ശേഷം തിരിച്ചെത്തിയ ജസ്‌പ്രീത് ബുംറ നാല് ഓവറില്‍ 24 ണ്‍സിന് രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തിക്കൊണ്ടാണ് മടങ്ങി വരവ് പ്രഖ്യാപിച്ചത്. ഏഷ്യ കപ്പും പിന്നാലെ ഏകദിന ലോകകപ്പും പടിവാതില്‍ക്കലെത്തി നില്‍ക്കെ ബുംറയുടെ പ്രകടനം വലിയ പ്രതീക്ഷ നല്‍കുന്നതാണ്.
പ്രസിദ്ധ് കൃഷ്‌ണയും രവി ബിഷ്‌ണോയിയും ടീമിനായി രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തിയിരുന്നു. അര്‍ഷ്‌ദീപ് സിങ് ഒരു വിക്കറ്റും സ്വന്തമാക്കിയതോടെയാണ് അയര്‍ലന്‍ഡ് കുറഞ്ഞ സ്‌കോറില്‍ ഒതുങ്ങിയത്. മറുപടിക്കിറങ്ങിയ ഇന്ത്യ 6.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 47 റണ്‍സ് എന്ന നിലയില്‍ നില്‍ക്കെയാണ് മഴ കളി മുടക്കിയത്. ഇക്കാരണത്താല്‍ തന്നെ ടീമിന്‍റെ ബാറ്റിങ് നിര കാര്യമായി പരീക്ഷിക്കപ്പെട്ടിരുന്നില്ല.