ഡബ്ലിന്‍: അയര്‍ലന്‍ഡിനെതിരായ ഒന്നാം ടി20യില്‍ ഇന്ത്യ ആദ്യം ബോള്‍ ചെയ്യും. ടോസ് ജയിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ ജസ്‌പ്രീത് ബുംറ(Jasprit bumrah) ആതിഥേയരെ ബാറ്റിങ്ങിന് അയയ്‌ക്കുകയായിരുന്നു. ഇന്ത്യയ്‌ക്കായി പ്രസിദ്ധ് കൃഷ്‌ണ, റിങ്കു സിങ് എന്നിവര്‍ അരങ്ങേറ്റം നടത്തുന്നതായി ജസ്‌പ്രീത് ബുംറ അറിയിച്ചു.
ഡബ്ലിനിലെ ദ വില്ലേജ് ഗ്രൗണ്ടിലാണ് കളി നടക്കുന്നത്. പിച്ചും കാലാവസ്ഥയും വളരെ മികച്ചതായി തോന്നുന്നു. അയർലൻഡിൽ നിന്ന് കടുത്ത പോരാട്ടത്തിൽ കുറഞ്ഞതൊന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല. ഒരു പേസര്‍ എന്ന നിലയില്‍ പിച്ചില്‍ നിന്നും ആനുകൂല്യം പ്രതീക്ഷിക്കുന്നുണ്ടെന്നും ജസ്‌പ്രീത് ബുംറ പറഞ്ഞു. ഇന്ത്യന്‍ ടീമിലേക്ക് തിരികെ എത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ബുംറ കൂട്ടിച്ചേര്‍ത്തു.
മൂന്ന് പേസര്‍മാരുമായാണ് ഇന്ത്യ കളിക്കുന്നത്. ബുംറയേയും പ്രസിദ്ധിനെയും കൂടാതെ അര്‍ഷ്‌ദീപ് സിങ്ങാണ് പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെട്ട മറ്റൊരു പേസര്‍. വാഷിങ്ടണ്‍ സുന്ദര്‍ സ്‌പിന്‍ ഓള്‍റൗണ്ടറായും രവി ബിഷ്‌ണോയ് സ്‌പിന്നറായും ടീമിലെത്തി. റിതുരാജ് ഗെയ്‌ക്‌വാദ്, യശസ്വി ജയ്‌സ്വാള്‍ എന്നിവരാണ് ഇന്ത്യയുടെ ഓപ്പണിങ് ജോഡി.
മലയാളി താരം സഞ്‌ജു സാംസണ്‍(Sanju Samson) വിക്കറ്റ് കീപ്പര്‍ ബാറ്ററായി സ്ഥാനം നിലര്‍ത്തി. തിലക് വര്‍മ, ശിവം ദുബെ, റിങ്കു സിങ് എന്നിവരാണ് ടീമിലെ മറ്റ് പ്രധാന ബാറ്റര്‍മാര്‍. തങ്ങളുടെ പ്ലേയിങ് ഇലവനിലും മൂന്ന് പേസര്‍മാരുണ്ടെന്ന് അയര്‍ലന്‍ഡ് ക്യാപ്റ്റന്‍ പോൾ സ്റ്റിർലിങ് വ്യക്തമാക്കി.
ഇന്ത്യ (പ്ലേയിങ് ഇലവൻ): റിതുരാജ് ഗെയ്‌ക്‌വാദ്, യശസ്വി ജയ്‌സ്വാൾ, സഞ്ജു സാംസൺ (ഡബ്ല്യു), തിലക് വർമ, റിങ്കു സിങ്, ശിവം ദുബെ, വാഷിങ്‌ടൺ സുന്ദർ, പ്രസിദ്ധ് കൃഷ്‌ണ, അർഷ്‌ദീപ് സിങ്, ജസ്പ്രീത് ബുംറ (ക്യാപ്റ്റന്‍), രവി ബിഷ്‌ണോയ്.
അയർലൻഡ് (പ്ലേയിങ് ഇലവൻ): പോൾ സ്റ്റിർലിങ് (സി), ആൻഡ്രൂ ബാൽബിർണി, ലോർക്കൻ ടക്കർ (ഡബ്ല്യു), ഹാരി ടെക്‌ടർ, കർട്ടിസ് കാംഫർ, ജോർജ്ജ് ഡോക്രെൽ, മാർക്ക് അഡയർ, ബാരി മക്കാർത്തി, ക്രെയ്ഗ് യംഗ്, ജോഷ്വ ലിറ്റിൽ, ബെഞ്ചമിൻ വൈറ്റ്.
മത്സരം തത്സമയം കാണാന്‍: ഇന്ത്യ vs അയര്‍ലന്‍ഡ് ഒന്നാം ടി20 ടെലിവിഷനില്‍ വയാകോം18-ന്‍റെ ഉടമസ്ഥതയിലുള്ള സ്‌പോർട്‌സ്18 ചാനലിലൂടെയാണ് തത്സമയ സംപ്രേഷണം നടത്തുന്നത്. ഓണ്‍ലൈനായി ജിയോസിനിമ(Jiocinema) ആപ്ലിക്കേഷനിലും വെബ്‌സൈറ്റിലൂടെയും മത്സരം കാണാം.
ബുംറ ശ്രദ്ധാകേന്ദ്രം:11 മാസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ജസ്‌പ്രീത് ബുംറ അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നത്. പുറം വേദനയെത്തുടര്‍ന്ന് ടീമില്‍ നിന്നും പുറത്താവും മുമ്പ് കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു 29-കാരന്‍ ഇതിന് മുന്നെ ഇന്ത്യയ്‌ക്കായി കളിച്ചത്.
ഏറെക്കാലമായി തന്നെ അലട്ടിയിരുന്ന പുറം വേദനയ്‌ക്ക് ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായ താരം തന്‍റെ ഫിറ്റ്‌നസ് പൂര്‍ണമായി വീണ്ടെടുത്തതിന് ശേഷമാണ് ടീമിലേക്ക് തിരികെ എത്തുന്നത്. ഏഷ്യ കപ്പും പിന്നാലെ ഏകദിന ലോകകപ്പും പടിവാതില്‍ക്കലെത്തി നില്‍ക്കെ അയര്‍ലന്‍ഡിനെതിരായ ബുംറയുടെ പ്രകടനം ഏറെ വിലയിരുത്തപ്പെടും.
സഞ്‌ജുവിന് തിളങ്ങണം: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ നിറം മങ്ങിയതിന് കടുത്ത വിമര്‍ശനങ്ങള്‍ക്ക് നടുവിലാണ് സഞ്‌ജു അയര്‍ലന്‍ഡിനെതിരെ ഇറങ്ങുന്നത്. വിന്‍ഡീസിനെതിരായ മൂന്ന് ഇന്നിങ്‌സുകളില്‍ നിന്നായി വെറും 10.67 ശരാശരിയില്‍ 32 റൺസ് മാത്രമാണ് താരത്തിന് നേടാനായത്. ഇതോടെ ലഭിച്ച അവസരങ്ങള്‍ മുതലാക്കാന്‍ കഴിയാത്ത താരമെന്നാണ് സഞ്‌ജുവിന് നേരെ ഉയരുന്ന വിമര്‍ശനം. ഇക്കൂട്ടര്‍ക്ക് മറുപടി നല്‍കാന്‍ സഞ്‌ജുവിന് തിളങ്ങിയേ മതിയാവൂ.
ALSO READ:'മെല്‍ബണ്‍ വേദി ദൈവമൊരുക്കിയത്, അന്നയാള്‍ സാമ്രാജ്യം തിരികെ പിടിച്ചു'; പാകിസ്ഥാനെതിരായ കോലിയുടെ ഐതിഹാസിക ഇന്നിങ്‌സിനെക്കുറിച്ച് അക്തര്‍