മുംബൈ: മൂന്ന് മത്സര ടി20 പരമ്പരയ്‌ക്കായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം അയര്‍ലന്‍ഡിലേക്ക് പുറപ്പെട്ടു. പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്ന ജസ്‌പ്രീത് ബുംറയുടെ നേതൃത്വത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് ടീം യാത്ര തിരിച്ചത്. വിമാനത്തില്‍ നിന്നും പകര്‍ത്തിയ ടീമംഗങ്ങളുടെ ചിത്രങ്ങള്‍ ബിസിസിഐ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.
ജസ്‌പ്രീത് ബുംറയോടൊപ്പം പ്രസിദ്ധ് കൃഷ്‌ണ, റിതുരാജ് ഗെയ്‌ക്‌വാദ്, റിങ്കു സിങ് തുടങ്ങിയ താരങ്ങളെ ചിത്രത്തില്‍ കാണാം. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയുടെ ഭാഗമായിരുന്ന മലയാളി വിക്കറ്റ് കീപ്പര്‍ സഞ്‌ജു സാംസണ്‍, യശസ്വി ജയ്‌സ്വാള്‍, തിലക് വര്‍മ, ആവേശ് ഖാന്‍, മുകേഷ് കുമാര്‍, അര്‍ഷ്‌ദീപ് സിങ് എന്നിവര്‍ ഫ്ലോറിഡയില്‍ നിന്നും നേരിട്ട് വരും ദിവസങ്ങളില്‍ തന്നെ അയര്‍ലന്‍ഡിലേക്ക് പറക്കും.
ഏഷ്യ കപ്പും ഏകദിന ലോകകപ്പും പടിവാതില്‍ക്കലെത്തി നില്‍ക്കെ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചതോടെ യുവ താരങ്ങളുടെ നിരയാണ് സെലക്‌ടര്‍മാര്‍ അയര്‍ലന്‍ഡിലേക്ക് അയക്കുന്നത്. ഏറെ നീണ്ട ഇടവേളയ്‌ക്ക് ശേഷം തിരിച്ചെത്തുന്ന ജസ്‌പ്രീത് ബുംറയ്‌ക്ക് അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയാണ് നായക സ്ഥാനം നല്‍കിയത്.
കഴിഞ്ഞ സെപ്‌റ്റംബറിലായിരുന്നു ബുംറ ഇന്ത്യയ്‌ക്കായി അവസാന മത്സരം കളിച്ചത്. മുതുകിനേറ്റ പരിക്കിന് ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായതിന് ശേഷമാണ് 29-കാരന്‍റെ മടങ്ങി വരവ്. തിരിച്ചുവരവില്‍ ബുംറയ്‌ക്ക് തന്‍റെ പഴയ വേഗവും താളവുമുണ്ടാവുമോയെന്ന് നിരവധി കോണുകളില്‍ നിന്നും ആശങ്കകളുയര്‍ന്നിരുന്നു. ഇതോടെ പരമ്പരയിലെ ബുംറയുടെ പ്രകടനം ഏറെ ശ്രദ്ധയോടെയാവും വിലയിരുത്തപ്പെടുക.
മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്‌ജു സാംസണും പരമ്പരയില്‍ ശ്രദ്ധാകേന്ദ്രമാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ തന്‍റെ മികവിനൊത്ത പ്രകടനം നടത്താന്‍ സഞ്‌ജുവിന് കഴിഞ്ഞിട്ടില്ല. മൂന്ന് ഇന്നിങ്‌സുകളില്‍ നിന്നായി വെറും 10.67 എന്ന ശരാശരിയില്‍ 32 റൺസ് മാത്രമാണ് സഞ്‌ജുവിന് നേടാനായത്. അയര്‍ലന്‍ഡ് പര്യടനത്തില്‍ പ്രധാന വിക്കറ്റ് കീപ്പര്‍ ബാറ്ററായാണ് സഞ്‌ജു ഇടം നേടിയിട്ടുള്ളത്.