ഗ്വാളിയോര്‍: യുവതാരം യശസ്വി ജയ്‌സ്വാളിന്‍റെ മികവില്‍ ഇറാനി കപ്പില്‍ ചാമ്പ്യന്മാരായി റെസ്റ്റ് ഓഫ് ഇന്ത്യ. മധ്യപ്രദേശിനെ 238 റണ്‍സിന് തകര്‍ത്താണ് റെസ്റ്റ് ഓഫ് ഇന്ത്യയുടെ കിരീട നേട്ടം. റെസ്റ്റ് ഓഫ് ഇന്ത്യ ഉയര്‍ത്തിയ 437 റണ്‍സ് വിജയലക്ഷ്യത്തിന് മറുപടിക്കിറങ്ങിയ മധ്യപ്രദേശ് മത്സരത്തിന്‍റെ അഞ്ചാം ദിനത്തില്‍ 198 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു.
സ്കോര്‍: റെസ്റ്റ് ഓഫ് ഇന്ത്യ- 484, 246, മധ്യപ്രദേശ് - 294, 198. ആദ്യ ഇന്നിങ്‌സില്‍ ഇരട്ട സെഞ്ച്വറിയും രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറിയും നേടിയാണ് ജയ്‌സ്വാള്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത റെസ്റ്റ് ഓഫ് ഇന്ത്യ നേടിയ 484 റണ്‍സിന് മറുപടിക്കിറങ്ങിയ മധ്യപ്രദേശിന് 294 റണ്‍സാണ് നേടാന്‍ കഴിഞ്ഞത്.
ഇതോടെ 190 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയ റെസ്റ്റ് ഓഫ് ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ 294 റണ്‍സെടുത്താണ് മധ്യപ്രദേശിന് മുന്നില്‍ വമ്പന്‍ വിജയ ലക്ഷ്യം ഉയര്‍ത്തിയത്. യശസ്വി ജയ്‌സ്വാളിന്‍റെ ഇരട്ട സെഞ്ച്വറിയാണ് ഒന്നാം ഇന്നിങ്‌സില്‍ റെസ്റ്റ് ഓഫ് ഇന്ത്യയെ വലിയ ടോട്ടലിലേക്ക് നയിച്ചത്. 259 പന്തില്‍ 30 ഫോറുകളും മൂന്ന് സിക്‌സുകളും സഹിതം 213 റണ്‍സായിരുന്നു യശസ്വി ജയ്‌സ്വാള്‍ നേടിയത്.
സെഞ്ച്വറി നേടിയ അഭിമന്യു ഇശ്വരന്‍ പിന്തുണ നല്‍കി. 240 പന്തില്‍ 154 റണ്‍സാണ് അഭിമന്യു നേടിയത്. മധ്യപ്രദേശിനായി ഒന്നാം ഇന്നിങ്സില്‍ സെഞ്ച്വറി നേടിയ യഷ് ദുബെ മാത്രമാണ് പൊരുതിയത്. 258 പന്തില്‍ 16 ഫോറുകള്‍ സഹിതം 109 റണ്‍സാണ് ദുബെ നേടിയത്. രണ്ടാം ഇന്നിങ്‌സില്‍ വമ്പന്‍ തകര്‍ച്ച നേരിടുകയായിരുന്ന റെസ്റ്റ് ഓഫ് ഇന്ത്യയെ ഏകദിന ശൈലിയില്‍ ബാറ്റ് വീശിയാണ് ജയ്‌സ്വാള്‍ കരകയറ്റിയത്.
മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ താരം എട്ടാം വിക്കറ്റായാണ് തിരികെ കയറിയത്. മടങ്ങും മുമ്പ് 157 പന്തില്‍ 144 റണ്‍സാണ് ജയ്‌സ്വാള്‍ അടിച്ച് കൂട്ടിയത്. ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാള്‍ അടക്കം ആറ് താരങ്ങള്‍ പൂജ്യത്തിനാണ് പുറത്തായത്.