രാജ്‌കോട്ട് : സൗരാഷ്‌ട്രയെ തോല്‍പ്പിച്ച് ഇറാനി ട്രോഫി തിരികെ പിടിച്ച് റെസ്റ്റ് ഓഫ് ഇന്ത്യ. രണ്ട് ഇന്നിങ്‌സിലുമായി എട്ട് വിക്കറ്റ് വീഴ്‌ത്തിയ കുല്‍ദീപ് സെന്നിന്‍റെ പ്രകടനമാണ് 29-ാം തവണയും റെസ്റ്റ് ഓഫ് ഇന്ത്യയെ ചാമ്പ്യന്മാരാക്കിയത്. സൗരാഷ്‌ട്ര ഉയര്‍ത്തിയ 101 റണ്‍സ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് മാത്രം നഷ്‌ടത്തിലാണ് റെസ്റ്റ് ഓഫ് ഇന്ത്യ മറികടന്നത്.
അഭിമന്യു ഈശ്വരന്‍ (63 പന്തില്‍ 78), ശിഖര്‍ ഭരത് (82 പന്തില്‍ 27) എന്നിവര്‍ പുറത്താവാതെ നിന്നാണ് റെസ്റ്റ് ഓഫ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. പ്രിയങ്ക് പഞ്ചാൽ (15), യാഷ് ദുല്‍ (10 പന്തില്‍ 8) എന്നിവരുടെ വിക്കറ്റുകളാണ് സംഘത്തിന് നഷ്‌ടമായത്.
നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ സൗരാഷ്‌ട്ര ആദ്യ ഇന്നിങ്‌സില്‍ 98 റണ്‍സിന് പുറത്തായിരുന്നു. മുകേഷ് കുമാര്‍ (4 വിക്കറ്റ്), കുല്‍ദീപ് സെന്‍ (3 വിക്കറ്റ്), ഉമ്രാന്‍ മാലിക് (3 വിക്കറ്റ്) എന്നിവരുടെ പ്രകടനമാണ് നിര്‍ണായകമായത്. മറുപടിക്കിറങ്ങിയ റെസ്റ്റ് ഓഫ് ഇന്ത്യ 378 റണ്‍സ് നേടി.
സര്‍ഫറാസ് ഖാന്‍ (138), ഹനുമ വിഹാരി (82) സൗരവ് കുമാര്‍ (55), എന്നിവര്‍ തിളങ്ങി. ഇതോടെ 280 റണ്‍സിന്‍റെ നിര്‍ണായകമായ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടാന്‍ സംഘത്തിന് കഴിഞ്ഞു. രണ്ടാം ഇന്നിങ്‌സിനിറങ്ങിയ സൗരാഷ്‌ട്ര 380 റണ്‍സ് നേടി. ഷെൽഡൻ ജാക്‌സൺ (71), അര്‍പിദ് വാസവദ (55), ജയ്‌ദേവ് ഉനദ്‌ഘട്ട് (89) എന്നിവരുടെ അര്‍ധ സെഞ്ച്വറി പ്രകടനമാണ് ഇന്നിങ്‌സിന്‍റെ നട്ടെല്ല്.
അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ കുല്‍ദീപ് സെന്നാണ് സംഘത്തെ പിടിച്ചുകെട്ടിയത്. ഇതോടെയാണ് രണ്ടാം ഇന്നിങ്‌സില്‍ 101 റണ്‍സ് ലക്ഷ്യം റെസ്റ്റ് ഓഫ് ഇന്ത്യയ്‌ക്ക് മുന്നില്‍ ഉയര്‍ന്നത്. ഈ ലക്ഷ്യം പിന്തുടര്‍ന്ന സംഘം 31.2 ഓവറില്‍ 105 റണ്‍സ് നേടിയാണ് കളി പിടിച്ചത്.