കൊല്‍ക്കത്ത:ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് സ്വന്തമാക്കിയ താരമായി രാജസ്ഥാന്‍ റോയല്‍സ് സ്‌പിന്‍ ബൗളര്‍ യുസ്‌വേന്ദ്ര ചാഹല്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിലാണ് ചഹാല്‍ നേട്ടത്തിലെത്തിയത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇതിഹാസ താരം ഡ്വെയ്‌ന്‍ ബ്രാവോയെ മറികടന്നാണ് ചാഹല്‍ പട്ടികയിലെ ഒന്നാമനായത്.
ഈഡന്‍ ഗാര്‍ഡന്‍സില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ നാല് വിക്കറ്റായിരുന്നു റോയല്‍സ് സ്‌പിന്നര്‍ വീഴ്‌ത്തിയത്. ഇതോടെ ഐപിഎല്‍ കരിയറില്‍ ചാഹല്‍ നേടിയ വിക്കറ്റുകളുടെ എണ്ണം 187 ആയി. 161 മത്സരം കളിച്ച ബ്രാവോ 183 വിക്കറ്റുകളായിരുന്നു ഐപിഎല്ലില്‍ നിന്നും സ്വന്തമാക്കിയത്.
176 വിക്കറ്റ് സ്വന്തമാക്കിയ പിയൂഷ് ചൗളയാണ് പട്ടികയിലെ മൂന്നാമന്‍. നാലാം സ്ഥാനക്കാരനായ അമിത് മിശ്ര 172 വിക്കറ്റാണ് സ്വന്തമാക്കിയിട്ടുള്ളത്. 171 വിക്കറ്റ് നേടിയിട്ടുള്ള രാജസ്ഥാന്‍ റോയല്‍സിന്‍റെ രവിചന്ദ്ര അശ്വിനാണ് പട്ടികയില്‍ അഞ്ചാമത്.
143-ാം മത്സരത്തിലായിരുന്നു ചാഹല്‍ ബ്രാവോയെ മറികടന്നത്. മത്സരത്തിന് മുന്‍പ് 183 വിക്കറ്റായിരുന്നു ചാഹലിനുമുണ്ടായിരുന്നത്. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന പോരാട്ടത്തിന്‍റെ 11-ാം ഓവറില്‍ നിതീഷ് റാണയെ (22) മടക്കിയതോടെ ചാഹല്‍ പട്ടികയില്‍ തലപ്പത്തേക്ക് എത്തുകയായിരുന്നു.
പിന്നാലെ, വെങ്കിടേഷ് അയ്യര്‍ (57), ശര്‍ദൂല്‍ താക്കൂര്‍ (1), റിങ്കു സിങ് (16) എന്നിവരെയും ചാഹല്‍ മടക്കി. മത്സരത്തില്‍ നാലോവറില്‍ 25 റണ്‍സ് വഴങ്ങിയായിരുന്നു രാജസ്ഥാന്‍ സ്‌പിന്നര്‍ നാല് വിക്കറ്റ് വീഴ്‌ത്തിയത്. ഈ പ്രകടനത്തോടെ ഐപിഎല്‍ പതിനാറാം പതിപ്പിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിലും ഒന്നാം സ്ഥാനത്തേക്ക് എത്താന്‍ യുസ്‌വേന്ദ്ര ചാഹലിനായി.