ന്യൂഡൽഹി:ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് യുവ്‌രാജ് സിങ്. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും എതിരാളികളുടെ പേടിസ്വപ്‌നമായിരുന്നു യുവി. ഇന്ത്യക്ക് ടി20, ഏകദിന ലോകകപ്പുകൾ നേടിത്തരുന്നതിലും യുവി പങ്ക് പ്രധാനമായിരുന്നു. ഇപ്പോൾ 2007ലെ ടി20 ലോകകപ്പിന്‍റെ നായകനാകേണ്ടിയിരുന്നത് താനായിരുന്നു എന്നും എന്നാൽ ഗ്രെഗ് ചാപ്പലുമായുള്ള വിവാദത്തിൽ സച്ചിനെ പിന്തുണച്ചതിനാൽ തന്നെ തഴയുകയായിരുന്നു എന്നും വെളിപ്പെടുത്തി താരം രംഗത്തെത്തി.
ഞാനായിരുന്നു അന്ന് ക്യാപ്‌റ്റനാവേണ്ടിയിരുന്നത്. അപ്പോഴാണ് ഗ്രഗ് ചാപ്പൽ വിവാദം നടക്കുന്നത്. ചാപ്പൽ അല്ലെങ്കിൽ സച്ചിൻ എന്ന നിലയിലേക്ക് അത് മാറിയിരുന്നു. സച്ചിനെ പിന്തുണച്ചത് ഞാൻ മാത്രമായിരുന്നു. ഇത് ചില ബിസിസിഐ അംഗങ്ങൾക്ക് അത്ര രസിച്ചില്ല. ആര് നായകനായാലും ഞാൻ ആ സ്ഥാനത്തുണ്ടാകില്ലെന്ന് അവർ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. യുവ്‌രാജ് സിങ് പറഞ്ഞു.