കൊൽക്കത്ത:നൈറ്റ് റൈഡേഴ്‌സ് ബൗളർമാരെ തല്ലിക്കൂട്ടി ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗതയാർന്ന അർധസെഞ്ച്വറി അടിച്ചെടുത്ത് യശസ്വി ജെയ്‌സ്വാൾ. ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ നേരിട്ട 13 ആം പന്തിൽ ആയിരുന്നു ജയ്സ്വാൾ അതിവേഗ അർധശതകം പൂർത്തിയാക്കിയത്. ജെയ്‌സ്വാൾ പുറത്താകാതെ 47 പന്തില്‍ 98 റൺസും നായകന്‍ സഞ്‌ജു സാംസണ്‍ 29 പന്തില്‍ 48 റണ്‍സും അടിച്ച മത്സരത്തിൽ 41 പന്ത് ശേഷിക്കെ ഒമ്പത് വിക്കറ്റിന്‍റെ വമ്പൻ ജയം സ്വന്തമാക്കാൻ രാജസ്ഥാന്‍ റോയൽസിനായി.
കൊൽക്കത്ത-രാജസ്ഥാൻ ടീമുകൾ തമ്മിൽ ഏറ്റുമുട്ടിയ ഐപിഎൽ പതിനാറാം പതിപ്പിലെ നിർണായക മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്‌ത കെകെആർ 149 റൺസ് മാത്രമായിരുന്നു നേടിയത്. 150 റൺസ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശാൻ ഇറങ്ങിയ റോയൽസിനായി വെടിക്കെട്ട് തുടക്കമാണ് ജയ്സ്വാൾ സമ്മാനിച്ചത്. കൊൽക്കത്തൻ നായകൻ നിതീഷ് റാണ എറിഞ്ഞ ആദ്യ ഓവറിൽ തന്നെ 26 റൺസ് അടിച്ച് ജയ്സ്വാൾ നയം വ്യക്തമാക്കി.
ഈ ഓവറിലെ ആദ്യ രണ്ട് പന്തും സിക്‌സർ പായിച്ചായിരുന്നു ജെയ്‌സ്വാൾ തുടങ്ങിയത്. പിന്നാലെ രണ്ട് പന്തുകളിൽ ബൗണ്ടറി. അഞ്ചാം പന്തിൽ രണ്ട് റൺസ് ഓടിയെടുത്ത ജയ്സ്വാൾ അവസാന ബോൾ ഫോർ ആക്കി മാറ്റി.
ഹർഷിതിന്‍റെ രണ്ടാം ഓവറിൽ കെകെആർ നായകൻ നിതീഷ് റാണയുടെ ഓവർ ത്രോയിൽ നിന്ന് നാല് റൺസ് രാജസ്ഥാന് ലഭിച്ചു. ഈ ഓവറിലെ അവസാന പന്തിൽ ജയ്സ്വാൾ സിക്‌സ് നേടി. ഇതോടെ ആദ്യ രണ്ട് ഓവർ പൂർത്തിയായപ്പോൾ 40-1 എന്ന നിലയിലായി റോയൽസ്.
അടുത്ത ഓവർ എറിയാൻ എത്തിയ ശർദുൽ തക്കൂറും ജയ്സ്വാളിന്‍റെ ബാറ്റിന്‍റെ ചൂടറിഞ്ഞു. തുടർച്ചയായി മൂന്ന് പ്രാവശ്യമാണ് തക്കൂറിന്‍റെ പന്ത് ബൗണ്ടറിയിൽ എത്തിയത്. ഈ ഓവറിലെ അഞ്ചാം പന്തില്‍ ഒരു റണ്‍ ഓടിയെടുത്തായിരുന്നു ജയ്‌സ്വാള്‍ റെക്കോഡ് ഫിഫ്‌റ്റി തന്‍റെ പേരിലാക്കിയത്.
കെഎൽ രാഹുൽ, പാറ്റ് കമ്മിൻസ് എന്നിവരുടെ പേരിലുണ്ടായിരുന്ന റെക്കോർഡ് ആണ് 21-കാരൻ മറികടന്നത്. ഇരുവരും 14 പന്തുകളിൽ നിന്നായിരുന്നു അതിവേഗം 50 തികച്ചത്. പഞ്ചാബ് കിങ്സിന് വേണ്ടി കളിക്കവേ 2018ൽ മൊഹാലിയിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ആയിരുന്നു കെ എൽ രാഹുലിന്‍റെ മിന്നൽ അർധസെഞ്ച്വറി പിറന്നത്.
ഐപിഎൽ 2022ൽ മുംബൈ ഇന്ത്യൻസിനെതിരെ പൂനെയിൽ വച്ചായിരുന്നു കമ്മിൻസ് ഈ നേട്ടം സ്വന്തമാക്കിയത്. 15 പന്തില്‍ അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കിയ യൂസഫ് പത്താന്‍, സുനില്‍ നരെയ്‌ന്‍ എന്നിവരാണ് പട്ടികയില്‍ ആദ്യ അഞ്ചിലുള്ള മറ്റ് താരങ്ങള്‍. അതേസമയം, 2007 ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ 12 പന്തില്‍ അര്‍ധസെഞ്ച്വറി നേടിയ യുവരാജ് സിങ്ങാണ് ടി20 ക്രിക്കറ്റിലെ അതിവേഗ ഹാള്‍ഫ് സെഞ്ച്വറിയുടെ ഉടമ.
കൊല്‍ക്കത്തയ്‌ക്കെതിരായ തകര്‍പ്പന്‍ പ്രകടനത്തോടെ ഐപിഎല്‍ പതിനാറാം പതിപ്പിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കും യശസ്വി ജയ്‌സ്വാള്‍ എത്തി. 12 കളികളില്‍ നിന്നും 575 റണ്‍സാണ് താരം ഇതുവരെ സ്വന്തമാക്കിയത്.
Also Read : IPL 2023 | രാജകീയം രാജസ്ഥാൻ; 'രാജാവായി ജയ്സ്വാൾ', ഈഡനിൽ തകർന്നടിഞ്ഞ് കൊൽക്കത്ത