മുംബൈ:2024-ലെ ടി20 ലോകകപ്പ് ലക്ഷ്യമിട്ട് ഇന്ത്യന്‍ ടീമില്‍ ബിസിസിഐ വമ്പന്‍ അഴിച്ചുപണിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. തുടർച്ചയായ രണ്ട് ലോകകപ്പുകളിലെ നിരാശയ്‌ക്ക് ശേഷം സീനിയര്‍ താരങ്ങള്‍ക്കപ്പുറത്തേക്കാണ് സെലക്‌ടര്‍മാര്‍ നോക്കുന്നത്. ഇതിന്‍റെ ഭാഗമായി ഹാർദിക് പാണ്ഡ്യയ്‌ക്ക് കീഴില്‍ യുവ താരങ്ങളെ ഉള്‍പ്പെടുത്തി പുതിയൊരു ടീമിനെ വാര്‍ത്തെടുക്കാന്‍ ബിസിസിഐ നേരത്തെ തന്നെ നീക്കം ആരംഭിച്ചിരുന്നു.
ഇന്ത്യയുടെ പുതിയ ടി20 ടീമില്‍ സ്ഥിരം ഓപ്പണിങ് ജോഡിയായ രോഹിത് ശർമയും കെഎൽ രാഹുലും യുവതാരങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് നിലവില്‍ പുറത്ത് വന്നിരിക്കുന്ന റിപ്പോര്‍ട്ട്. ഇരുവരുടെയും സ്ഥാനത്തേക്ക് ശുഭ്‌മാൻ ഗില്ലും യശസ്വി ജയ്‌സ്വാളും എത്തിയേക്കുമെന്നാണ് ബിസിസിഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. നിലവില്‍ ഇന്ത്യയുടെ പുതിയ ഓൾ ഫോർമാറ്റ് ഓപ്പണറാണ് ശുഭ്‌മാൻ ഗിൽ.
ഐപിഎല്‍ 13-ാം സീസണിലെ തകര്‍പ്പന്‍ പ്രകടനത്തോടെ യശസ്വി ജയ്‌സ്വാളും സെലക്‌ടര്‍മാരുടെ റഡാറില്‍ ഇടം നേടിയെന്നാണ് ബിസിസിഐ ഉദ്യോഗസ്ഥന്‍ പറഞ്ഞിരിക്കുന്നത്. "ഉയർന്നുവരുന്ന ആവേശകരമായ പ്രതിഭകൾ ടീമിന് തീർച്ചയായും വലിയ ഉത്തേജനമാണ്. ആഭ്യന്തര ക്രിക്കറ്റില്‍ റണ്ണടിച്ച് കൂട്ടിയ പ്രകടനത്തിന് ശേഷം ജയ്‌സ്വാളും സെലക്‌ടര്‍മാരുടെ റഡാറിലാണ്.
ടീമിന്‍റെ ഭാവി പദ്ധതികളില്‍ അവനുണ്ടായേക്കും. രോഹിത്തിന്‍റെയും രാഹുലിന്‍റേയും അവസാനമാണിതെന്ന് ഇത്ര നേരത്തെ പറയാന്‍ കഴിയില്ല. പക്ഷെ കാര്യങ്ങള്‍ അവരുടെ വഴിയിലല്ല പോകുന്നത്. ഇരുവരുടെയും ഫോമില്‍ ഇടിവുണ്ടായിട്ടുണ്ട്. എന്നാല്‍ നമുക്ക് ഒരു പുതിയ ഓപ്പണിങ് ജോഡി ആവശ്യമാണെന്ന് പറയുന്നതാണ് ശരി", ബിസിസിഐ ഉദ്യോഗസ്ഥന്‍ ഒരു പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമത്തോട് പറഞ്ഞു.