ലണ്ടന്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് (ഐപിഎല്‍) പിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലാണ് ഇന്ത്യന്‍ താരങ്ങളെ കാത്തിരിക്കുന്നത്. ജൂൺ ഏഴ് മുതൽ 11 വരെ ലണ്ടനിലെ ഓവലില്‍ ആരംഭിക്കുന്ന മത്സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്ക് എതിരെയാണ് ഇന്ത്യയ്‌ക്ക് പോരടിക്കാനുള്ളത്.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് ടേബിളില്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടിയാണ് ഓസ്‌ട്രേലിയും ഇന്ത്യയും ഫൈനലിന് ടിക്കറ്റുറപ്പിച്ചത്. ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫി പരമ്പര വിജയിച്ചുകൊണ്ടായിരുന്നു ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്. നാല് മത്സരങ്ങളടങ്ങിയ ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫി 2 - 1നായിരുന്നു രോഹിത് ശര്‍മയും സംഘവും സ്വന്തമാക്കിയത്.
ഓസീസിനെതിരെ വീണ്ടും കളിക്കാനിറങ്ങുമ്പോള്‍ ഈ വിജയത്തിന്‍റെ ആത്മവിശ്വാസം ഇന്ത്യയ്‌ക്ക് മുതല്‍ക്കൂട്ടാവുമെന്ന് ഉറപ്പാണ്. ഓവലില്‍ ഓസീസിനെ നേരിടാനിറങ്ങുമ്പോള്‍ റിഷഭ് പന്ത്, ജസ്പ്രീത് ബുംറ, കെഎൽ രാഹുൽ, ശ്രേയസ് അയ്യർ എന്നിവരുടെ അഭാവം ഇന്ത്യയെ പ്രതിരോധത്തിലാക്കും എന്ന കാര്യം തര്‍ക്കമില്ലാത്താണ്. ഇതിനപ്പുറം ഓവല്‍ രോഹിത്തിന്‍റേയും സംഘത്തിന്‍റേയും ചങ്കിടിപ്പ് വര്‍ധിപ്പിച്ചേക്കും. കാരണം ഓവൽ പിച്ചിന്‍റെ സമീപകാല ചിത്രങ്ങൾ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.
മത്സരത്തിന് ഇനി ഏതാനും ആഴ്‌ചകള്‍ മാത്രം ബാക്കി നില്‍ക്കെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഓവലിന്‍റെ ചിത്രത്തില്‍ പിച്ചിലും ഗ്രൗണ്ടിലും ഒരേപോലെ പുല്ലുള്ളതായാണ് കാണാന്‍ കഴിയുന്നത്. പുല്ലുള്ള പിച്ചില്‍ ഓസീസ് പേസര്‍മാര്‍ ആധിപത്യം സ്ഥാപിക്കുന്നതോടെ ഓവല്‍ ഇന്ത്യന്‍ ബാറ്റര്‍മാരുടെ ശവപ്പറമ്പാവുമെന്നുമാണ് പൊതുവെ സംസാരമുള്ളത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലിന് യോഗ്യത നേടുന്നത്.