മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ വെറ്ററന്‍ താരം അജിങ്ക്യ രഹാനെ ഉള്‍പ്പെട്ടത് ഏറെ ചര്‍ച്ചയാവുകയാണ്. ഇന്ത്യയുടെ മധ്യനിരയുടെ നെടുന്തൂണായിരുന്ന താരം മോശം ഫോമുമായി ബന്ധപ്പെട്ട് ടീമില്‍ നിന്നും പുറത്താക്കപ്പെട്ടിരുന്നു. 15 മാസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് രഹാനെ ഇന്ത്യന്‍ ടീമിലേക്ക് തിരികെ എത്തുന്നത്.
2022-ന്‍റെ തുടക്കത്തില്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ടെസ്റ്റ് പരമ്പരയിലായിരുന്നു 34-കാരനായ രഹാനെ ഇതിന് മുമ്പ് ഇന്ത്യന്‍ കുപ്പായം അണിഞ്ഞത്. ജൂണില്‍ ഇംഗ്ലണ്ടിലെ ഓവലില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളി. രഹാനെ എങ്ങനെ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയെന്നത് പരിശോധിക്കാം.
ആഭ്യന്തര ക്രിക്കറ്റിലെ റണ്ണടി: നിലവില്‍ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായുള്ള വെടിക്കെട്ട് പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് രഹാനെ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയതെന്നാണ് പലരും കരുതുന്നത്. എന്നാല്‍ രഹാനെയുടെ മടങ്ങിവരവിന് വേറെയും കാരണങ്ങളുണ്ട്. ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്താക്കപ്പെട്ട താരം ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയ്ക്കായി കളിക്കാനിറങ്ങിയിരുന്നു.
മുംബൈയ്ക്കായി കഴിഞ്ഞ രഞ്ജി മത്സരത്തിൽ 11 ഇന്നിംഗ്‌സുകളിൽ നിന്ന് 57.63 എന്ന മികച്ച ശരാശരിയിൽ 634 റൺസാണ് 34-കാരൻ അടിച്ച് കൂട്ടിയത്. രണ്ട് സെഞ്ചുറി ഉള്‍പ്പെടെയാണ് താരത്തിന്‍റെ പ്രകടനം. 204 റണ്‍സായിരുന്നു സീസണിലെ ഉയര്‍ന്ന സ്‌കോര്‍.
താരത്തിന്‍റെ ഫസ്റ്റ് ക്ലാസ് കരിയർ ശരാശരി 47.12 ആണ്. എന്നാല്‍ ഇതിനേക്കാള്‍ മികച്ച രീതിയിലായിരുന്നു രഹാനെ കഴിഞ്ഞ സീസണില്‍ മുംബൈക്കായി ബാറ്റ് വീശിയത്.
വിദേശ പിച്ചുകളിലെ പരിചയം:കഴിഞ്ഞ15 മാസത്തിനുള്ളിൽ രഹാനെ ഇന്ത്യയ്‌ക്കായി കളിച്ചിട്ടല്ല. പക്ഷേ ടെസ്റ്റ് ക്രിക്കറ്റിൽ ടീമിന്‍റെ ഏറ്റവും പരിചയസമ്പന്നനായ ബാറ്റർമാരിൽ ഒരാളായി താരം ഇപ്പോഴും തുടരുകയാണ്. വിദേശസാഹചര്യങ്ങളില്‍ ഏറെ അനുഭവ സമ്പത്തുള്ള താരമാണ് രഹാനെ.