മുംബൈ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ നേരിടാന്‍ തന്‍റെ 36-ാം ജന്മദിനത്തിലാണ് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ ഇറങ്ങിയത്. സ്വന്തം തട്ടകമായ വാങ്കഡെയില്‍ മുംബൈ ഇറങ്ങുമ്പോള്‍ രോഹിത്തിന്‍റെ വെടിക്കെട്ട് പ്രതീക്ഷിച്ചെത്തിയവര്‍ക്ക് തീര്‍ത്തും നിരാശ നല്‍കുന്നതായിരുന്നു താരത്തിന്‍റെ പ്രകടനം. അഞ്ച് പന്തുകൾ നേരിട്ട രോഹിത് ശർമ മൂന്ന് റൺസ് മാത്രം നേടി തിരിച്ച് കയറുകയായിരുന്നു.
മുംബൈ ഇന്ത്യന്‍സ് ഇന്നിങ്‌സിന്‍റെ രണ്ടാം ഓവറിലെ അവസാന പന്തില്‍ ബൗള്‍ഡായാണ് താരം തിരിച്ച് കയറിയത്. സന്ദീപ് ശർമയ്‌ക്കായിരുന്നു വിക്കറ്റ്. എന്നാൽ രോഹിത് പുറത്തായത് വിക്കറ്റിന് പിന്നില്‍ നിന്നും രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ 'ചതിച്ചതി'നാലാണെന്ന് വാദിച്ച് ഒരു വിഭാഗം രംഗത്തെത്തിയിരുന്നു.
സന്ദീപിന്‍റെ പന്ത് വിക്കറ്റില്‍ കൊണ്ടിട്ടില്ലെന്നും സഞ്‌ജു തന്‍റെ ഗ്ലൗ കൊണ്ട് ബെയ്ൽസ് ഇളക്കിയതാണെന്നുമായിരുന്നു ഇക്കൂട്ടര്‍ പറഞ്ഞിരുന്നത്. രോഹിത്ത് ഔട്ട് ആയതിന്‍റെ ഫ്രണ്ട് ആംഗിള്‍ റീപ്ലേ നോക്കുമ്പോള്‍ സഞ്ജുവിന്‍റെ ഗ്ലൗ ആണോ അതോ പന്ത് ആണോ ബെയ്ൽസ് ഇളക്കിയതെന്ന സംശയം തോന്നാവുന്നതാണ്.
വിക്കറ്റിന് തൊട്ടുപിന്നിലായി സഞ്‌ജു നിലയുറപ്പിച്ചതും രോഹിത്തിന്‍റെ ഓഫ് സ്റ്റംപിന് മുകളിലെ ബെയ്ൽസിനെ പന്ത് തൊട്ടുരുമ്മി കടന്നുപോയതുമാണ് ഇതിന് കാരണം. എന്നാല്‍ സൈഡ് ആംഗിളിൽ നിന്നുള്ള ദൃശ്യം പരിശോധിക്കുമ്പോള്‍ സഞ്‌ജുവിന്‍റെ ഗ്ലൗവും ബെയ്ൽസും തമ്മില്‍ അകലമുണ്ടെന്നത് കാണാന്‍ കഴിയും. ഇതോടെ സഞ്ജു സാംസണ്‍ വിക്കറ്റിന് പിന്നില്‍ ചതിപ്രയോഗം നടത്തിയെന്ന വാദം അപ്രസക്തമാവുകയും ചെയ്യും.
ഇത് സംബന്ധിച്ച ദൃശ്യം നിലവില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കഴിഞ്ഞ തവണയും പിറന്നാള്‍ ദിനത്തില്‍ രാജസ്ഥാനെതിരെ തന്നെയായിരുന്നു രോഹിത് കളിക്കാന്‍ ഇറങ്ങിയത്. അന്നും രോഹിത്തിന് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. അഞ്ച് പന്തില്‍ രണ്ട് റണ്‍സ് മാത്രം കണ്ടെത്താനായ മുംബൈ നായകനെ ആര്‍ അശ്വിനായിരുന്നു പുറത്താക്കിയത്.