ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ കളിക്കളത്തിലെ പോരാട്ടത്തിനപ്പുറം ഗ്യാലറിയിലെ ചില നിമിഷങ്ങളും ഏറെ ശ്രദ്ധേയമാവാറുണ്ട്. സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് മത്സരിക്കുന്നതെങ്കില്‍ ടീമിന്‍റെ സഹ ഉടമയായ കാവ്യ മാരൻ ശ്രദ്ധാകേന്ദ്രമാണ്. സണ്‍റൈസേഴ്‌സ് ജയിച്ചാലും തോറ്റാലും കാവ്യയുടെ വികാരപ്രകടനങ്ങൾ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്.
ഇപ്പോഴിതാ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിനിടെയുള്ള കാവ്യ മാരന്‍റെ ആഘോഷത്തിന്‍റെയും ദുഃഖത്തിന്‍റേയും നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. സ്വന്തം തട്ടകമായ രാജീവ് ഗാന്ധി ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് അഞ്ച് റണ്‍സിന് തോല്‍വി വഴങ്ങിയിരുന്നു.
അവസാന പന്തുവരെ ആവേശം നീണ്ട മത്സരത്തില്‍ വിജയിക്കുമെന്ന് തോന്നിച്ചിടത്ത് നിന്നാണ് ആതിഥേയരായ ഹൈദരാബാദിന്‍റെ കീഴടങ്ങല്‍. പ്രതീക്ഷയുടെ നിമിഷങ്ങള്‍ ഏറെ സന്തോഷത്തോടെ ആഘോഷിക്കുകയും തുടര്‍ന്ന് പരാജയപ്പെട്ടപ്പോള്‍ നിരാശയില്‍ വിളറിയ മുഖത്തോടെ ഇരിക്കുകയും ചെയ്യുന്ന കാവ്യ മാരന്‍റെ ചിത്രങ്ങളും ദൃശ്യങ്ങളും ഉപയോഗിച്ച് നിരവധി മീമുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
'കാവ്യയ്ക്ക് പ്രതീക്ഷ നൽകുകയും പിന്നീട് അത് തല്ലിക്കെടുത്തുകയും ചെയ്യുന്നതാണ് ഹൈദരാബാദിന്‍റെ പതിവ് പരിപാടി' എന്നാണ് കാവ്യയുടെ ഒരു വീഡിയോ പങ്കുവച്ചുകൊണ്ട് ഒരു ട്വിറ്റര്‍ ഉപയോക്താവ് കുറിച്ചിരിക്കുന്നത്. 'പണത്തിനാല്‍ സന്തോഷം വാങ്ങാൻ കഴിയില്ല എന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് കാവ്യ' എന്നാണ് മറ്റൊരു ഉപയോക്താവിന്‍റെ അഭിപ്രായം.
കാവ്യയെ പിന്തുണച്ചും നിരവധി പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്. കാവ്യ ഭേദപ്പെട്ടൊരു ടീമും ഒരു കിരീടവും അര്‍ഹിക്കുന്നുണ്ടെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്. ടീമിനെ പിന്തുണയ്ക്കുന്നത് തുടരണമെന്നും വൈകാതെ തന്നെ നല്ലകാലം വരുമെന്ന ആശംസയാണ് ചിലര്‍ പങ്കുവച്ചിരിക്കുന്നത്.