ഇസ്‌ലാമാബാദ്: ഐപിഎല്‍ പതിനാറാം പതിപ്പില്‍ എംഎസ് ധോണിക്ക് കീഴില്‍ മികച്ച പ്രകടനമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് പുറത്തെടുക്കുന്നത്. 9 മത്സരങ്ങളില്‍ 5 ജയം സ്വന്തമായുള്ള ടീം പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് ഇപ്പോള്‍. കഴിഞ്ഞ സീസണില്‍ 9-ാം സ്ഥാനത്ത് ഫിനിഷ് ചെയ്‌ത ടീം ഇക്കുറി പ്ലേ ഓഫിലേക്ക് മുന്നേറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
അതേസമയം, ഐപിഎല്‍ 2023ന് ശേഷം നായകന്‍ എംഎസ് ധോണി ചെന്നൈയുടെ മഞ്ഞക്കുപ്പായം അഴിക്കുമെന്ന ആശങ്കയും ആരാധകര്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ധോണി വ്യക്തതയൊന്നും വരുത്തിയിട്ടില്ലെങ്കിലും പല ക്രിക്കറ്റ് പ്രമുഖരും ഈ വര്‍ഷത്തോടെ ധോണി കളം വിടുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ എംഎസ് ധോണി വിരമിച്ചാല്‍ ആരായിരിക്കും ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിക്കുക എന്നുള്ള കാര്യത്തിലും ആരാധകര്‍ ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്.
പ്രഥമ ഐപിഎല്‍ സീസണ്‍ മുതല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ ക്യാപ്‌റ്റനാണ് ധോണി. കഴിഞ്ഞ സീസണിന്‍റെ തുടക്കത്തില്‍ രവീന്ദ്ര ജഡേജയെ നായകസ്ഥാനം ഏല്‍പ്പിച്ചിരുന്നെങ്കിലും പിന്നീട് അദ്ദേഹം വീണ്ടും ടീമിന്‍റെ ക്യാപ്‌റ്റനാകുകയായിരുന്നു. ഇനി ധോണി വിരമിച്ചാല്‍ ആരായിരിക്കും സിഎസ്‌കെ നായകന്‍ എന്ന ചോദ്യത്തിന് ആരാധകരും മുന്‍ താരങ്ങളും പല ഉത്തരങ്ങളാണ് പറയുന്നത്.
ധോണിയുടെ പിന്‍ഗാമിയായി റിതുരാജ് ഗെയ്‌ക്‌വാദ് എത്തുമെന്ന അഭിപ്രായം ഉന്നയിക്കുന്നവരുണ്ട്. കൂടാതെ, ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകന്‍ ബെന്‍ സ്റ്റോക്‌സ് ആയിരിക്കും ചെന്നൈയുടെ അടുത്ത നായകനെന്ന് കരുതുന്നവരും കുറവല്ല. രവീന്ദ്ര ജഡേജയ്‌ക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിക്കാന്‍ വീണ്ടുമൊരവസരം ലഭിക്കുമെന്നും ചില ആരാധകര്‍ പറയുന്നുണ്ട്.
അത് രഹാനെ: ഇക്കാര്യത്തില്‍ തീർത്തും വ്യത്യസ്തമായ പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് പാകിസ്ഥാന്‍ മുന്‍ താരം വസീം അക്രം. ഐപിഎല്‍ 2023ല്‍ മിന്നും ഫോമില്‍ ബാറ്റ് വീശുന്ന മുന്‍ ഇന്ത്യന്‍ ടെസ്റ്റ് ടീം വൈസ് ക്യാപ്‌റ്റന്‍ കൂടിയായിരുന്ന അജിങ്ക്യ രാഹനെ ആയിരിക്കും സിഎസ്‌കെയുടെ അടുത്ത നായകന്‍ എന്നാണ് വസീം അക്രമിന്‍റെ പ്രവചനം. ഇതിനുള്ള കാരണങ്ങളും അദ്ദേഹം തന്നെ വ്യക്തമാക്കുന്നുണ്ട്.
' 2022ലെ ഐപിഎല്ലില്‍ രവീന്ദ്ര ജഡേജയെ ചെന്നൈ അവരുടെ നായകനായി പരീക്ഷിച്ചിരുന്നു. പിന്നീട് അത് അദ്ദേഹത്തിന്‍റെ പ്രകടനങ്ങളെ ബാധിക്കുന്നതും നമ്മള്‍ കണ്ടതാണ്. സീസണ്‍ പുരോഗമിക്കുന്നതിനിടെ അവര്‍ക്ക് വീണ്ടും നായകനെ മാറ്റേണ്ടി വന്നു.
ഇപ്പോള്‍ നായകസ്ഥാനം പരിഗണിക്കുകയാണെങ്കില്‍ അവര്‍ക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച ഒരു ഓപ്‌ഷനാണ് അജിങ്ക്യ രഹാനെ. സ്ഥിരതയോടെ ബാറ്റ് ചെയ്യുന്ന അദ്ദേഹം ഒരു പ്രാദേശിക താരം കൂടിയാണ്. ഐപിഎല്ലില്‍ പലപ്പോഴും ഇന്ത്യന്‍ താരങ്ങളായ നായകന്മാര്‍ വിജയിക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്' അക്രം സ്‌പോര്‍ട്‌സ് കീഡയോട് പറഞ്ഞു.
'വിദേശതാരങ്ങളുടെ കാര്യം നോക്കുകയാണെങ്കില്‍ അവര്‍ക്ക് മറ്റ് താരങ്ങളുടെ പേരുകള്‍ പോലും ഓര്‍ത്തിരിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. അപ്പോള്‍ എങ്ങനെ ആയിരിക്കും അവര്‍ ഒരു ടീമിനെ നയിക്കുക. അതുകൊണ്ട് തന്നെ ഈ വര്‍ഷത്തോടെ ധോണി കളിയവസാനിപ്പിക്കുകയാണെങ്കില്‍ ചെന്നൈ നായകനായി രഹാനെയെ തെരഞ്ഞെടുക്കാമെന്നാണ് ഞാന്‍ കരുതുന്നത്. സിഎസ്‌കെയ്‌ക്ക് മറ്റ് പ്ലാനുകള്‍ ഉണ്ടാവാം. ഒരുപാട് ചിന്തിച്ച് മാത്രമായിരിക്കും അവര്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനം എടുക്കുന്നത്' വസീം അക്രം കൂട്ടിച്ചേര്‍ത്തു.
Also Read :IPL 2023 | അവസാന ഓവറുകളിലെ ധോണിയുടെ ബാറ്റിങ് വെടിക്കെട്ട് ഓര്‍മിപ്പിക്കുന്നത് പഴയകാലം : റോബിന്‍ ഉത്തപ്പ