മുംബൈ:ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ക്രിക്കറ്റില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരായ മത്സരത്തിലെ പ്രകടനത്തിലൂടെ ടൂര്‍ണമെന്‍റില്‍ 5,000 റണ്‍സ് എന്ന നാഴികകല്ല് പിന്നിടാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എംഎസ് ധോണിക്ക് കഴിഞ്ഞിരുന്നു. എട്ടാം നമ്പറില്‍ ചെന്നൈ ഇന്നിങ്‌സിന്‍റെ 20ാം ഓവറില്‍ ക്രീസിലെത്തിയ ധോണി നേരിട്ട ആദ്യ രണ്ട് പന്തുകളും സിക്‌സറിന് പറത്തിയിരുന്നു.
തൊട്ടടുത്ത പന്തില്‍ പുറത്തായെങ്കിലും ഐപിഎല്ലില്‍ 5000 റണ്‍സ് എന്ന നാഴികകല്ല് 41കാരനായ ധോണി പിന്നിട്ടിരുന്നു. എന്നാല്‍ തന്‍റെ ഈ നേട്ടത്തിന് ധോണി വലിയ പ്രധാന്യം നല്‍കില്ലെന്നാണ് ഇന്ത്യയുടെ മുന്‍ ഒപ്പണര്‍ വിരേന്ദർ സെവാഗ് പറയുന്നത്. മത്സരത്തിന് ശേഷം ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തിലെ ചര്‍ച്ചയ്‌ക്കിടെ ധോണിയുടെ നേട്ടത്തെക്കുറിച്ച് എന്തു തോന്നുന്നുവെന്ന ചോദ്യത്തോടാണ് സെവാഗിന്‍റെ പ്രതികരണം.
"എംഎസ് ധോണിയോട് ഇക്കാര്യം ചോദിച്ചാല്‍, എന്ത് വ്യത്യാസമാണ് ഇതുവരുത്തുക എന്നാവും അവന്‍ തിരിച്ച് ചോദിക്കുക. അവന്‍ 5000, 3000 അല്ലെങ്കിൽ 7000 റൺസ് നേടിയാലും, എപ്പോഴും പ്രധാന കാര്യം ഐപിഎല്‍ കിരീടം നേടുകയെന്നത് തന്നെയാവും.
റെക്കോഡുകളെക്കുറിച്ചോ, നാഴികകല്ലുകളെക്കുറിച്ചോ അവന്‍ ചിന്തിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. സെവാഗ് പറഞ്ഞു. ഇത്തരം റെക്കോഡുകൾ വിരമിക്കലിന് ശേഷമുള്ള ഓർമ്മയ്ക്കായി മാത്രമാണെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.
"ഞാനും അങ്ങനെയായിരുന്നു. എത്ര റൺസ് അടിച്ചിട്ടുണ്ടെന്ന് ആർക്കറിയാം, പക്ഷേ ഈ കണക്കുകൾ പിന്നീട് ഓർമ്മിക്കപ്പെടുന്നു എന്നത് ശരിയാണ്. നിങ്ങൾ വിരമിക്കുമ്പോൾ, ഈ കളിക്കാരൻ ഐപിഎല്ലിൽ ഇത്രയും റൺസ് നേടിയതായി ആളുകള്‍ ഓർമ്മിക്കും." സെവാഗ് പറഞ്ഞു.