മുംബൈ:ഭൂതകാലത്തെയും വര്‍ത്തമാനകാലത്തെയും ഇന്ത്യന്‍ ഇതിഹാസങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോലി എന്നിവരുടെ ഒത്തുചേരലിന് സാക്ഷിയായി മുംബൈ വാങ്കഡെ സ്റ്റേഡിയം. മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരത്തിന് മുന്നോടിയായാണ് ഇരുതാരങ്ങളും വീണ്ടും ഒന്നിച്ചത്. ഇന്ന് രാത്രി ഏഴരയ്‌ക്കാണ് ഐപിഎല്ലില്‍ മുംബൈ-ബാംഗ്ലൂര്‍ പോരാട്ടം.
നിലവില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ മെന്‍റര്‍ ആണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഐപിഎല്‍ പ്രഥമ പതിപ്പ് മുതല്‍ ടീമില്‍ അംഗമായ താരം 2013ല്‍ ആയിരുന്നു ഐപിഎല്ലില്‍ നിന്നും വിരമിച്ചത്.
മുംബൈ ബാംഗ്ലൂര്‍ മത്സരത്തിന് മുന്നോടിയായി നടന്ന പരിശീലന സെഷനിടെയായിരുന്നു ഇരുതാരങ്ങളും തമ്മില്‍ കണ്ടുമുട്ടി പരസ്‌പരം ആശയവിനിമയം നടത്തിയത്. ഇതിന്‍റെ ചിത്രങ്ങളും വീഡിയോകളും ഇരു ടീമും തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലൂടെ പുറത്തുവിട്ടിരുന്നു. പിന്നാലെ ഇവ ഏറ്റെടുത്ത് ആരാധകരും രംഗത്തെത്തി.
'ഒരു ഫ്രെയിമിൽ 59,679 അന്താരാഷ്ട്ര റൺസും 175 സെഞ്ച്വറികളും നിരവധി ഓർമകളും...!' എന്ന അടിക്കുറിപ്പ് നല്‍കിയാണ് ആര്‍സിബി തങ്ങളുടെ പേജിലൂടെ സച്ചിന്‍ വിരാട് കൂടിക്കാഴ്‌ചയുടെ ചിത്രം പങ്കിട്ടത്. കൂടാതെ 39 സെക്കന്‍റോളം ദൈര്‍ഘ്യമുള്ള ഒരു വീഡിയോയും ടീം പോസ്‌റ്റ് ചെയ്‌തിട്ടുണ്ട്. 'എസ്ആര്‍ 10, വികെ 18' എന്ന അടിക്കുറിപ്പോടെയായിരുന്നു മുംബൈ ഇന്ത്യന്‍സ് ഈ ചിത്രം ഷെയര്‍ ചെയ്‌തത്.
ഇന്ത്യന്‍ ക്രിക്കറ്റില്‍ രണ്ട് കാലഘട്ടത്തിലെ സൂപ്പര്‍ താരങ്ങളാണ് ഇരുവരും. സച്ചിന്‍ ടെണ്ടുല്‍ക്കറിന്‍റെ കരിയറിന്‍റെ അവസാനഘട്ടത്തിലായിരുന്നു വിരാട് കോലി ഇന്ത്യന്‍ ടീമിലേക്ക് എത്തിയത്. ഇരു താരങ്ങളും നിരവധി മത്സരങ്ങളില്‍ ഇന്ത്യന്‍ ടീമിനായി ഒരുമിച്ച് കളിച്ചു.