ബെംഗളൂരു : ഐപിഎല്‍ പതിനാറാം പതിപ്പില്‍ ജയിച്ച് തുടങ്ങിയ ടീമുകളിലൊന്നാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത അവര്‍ക്ക് പിന്നീടുള്ള രണ്ട് മത്സരങ്ങളിലും തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. സീസണിലെ രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോടും അവസാന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനോടുമായിരുന്നു ആര്‍സിബി പരാജയപ്പെട്ടത്.
നാളെ ഡല്‍ഹി ക്യാപിറ്റല്‍സിനെയാണ് തങ്ങളുടെ നാലാം മത്സരത്തില്‍ ആര്‍സിബി നേരിടുന്നത്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വൈകുന്നേരം 3:30നാണ് ഈ മത്സരം ആരംഭിക്കുന്നത്. മറുവശത്തിറങ്ങുന്ന ഡല്‍ഹിക്കും ഈ സീസണില്‍ കഷ്‌ടകാലമാണ്.
കളിച്ച നാല് മത്സരങ്ങളില്‍ ഒന്നില്‍ പോലും ജയം പിടിക്കാന്‍ അവര്‍ക്കായിട്ടില്ല. സീസണില്‍ തങ്ങളുടെ ആദ്യ ജയം തേടിയാണ് അവര്‍ ബെംഗളൂരുവിലേക്ക് എത്തിയിരിക്കുന്നത്. മത്സരത്തിന് മുന്നോടിയായി ലോക ക്രിക്കറ്റില്‍ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച രണ്ട് സൂപ്പര്‍ താരങ്ങളുടെ കൂടിക്കാഴ്‌ചയും ബെംഗളൂരുവില്‍ നടന്നു.
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്‍റെ സൂപ്പര്‍ താരം വിരാട് കോലിയും ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ സൂപ്പര്‍ പരിശീലകന്‍ റിക്കി പോണ്ടിങ്ങും തമ്മിലുള്ള സൗഹൃദ സംഭാഷണങ്ങള്‍ക്കാണ് മത്സരത്തിന് മുന്‍പ് ബെംഗളൂരു വേദിയായത്. ഡല്‍ഹി ക്യാപിറ്റല്‍സ് അവരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ഇതിന്‍റെ വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്.
Also Read:IPL 2023 | പതിവ് തെറ്റിച്ചില്ല, ഇക്കുറിയും പച്ച ജഴ്‌സിയിലിറങ്ങാന്‍ ആര്‍സിബി ; എതിരാളികള്‍ സഞ്‌ജുവും സംഘവും
വീഡിയോയില്‍ വിരാട് കോലി റിക്കി പോണ്ടിങ്ങിന്‍റെ മകനുമായി സംസാരിക്കുന്നതും കാണാന്‍ സാധിക്കും. കൂടാതെ ഇരുതാരങ്ങളും തമ്മില്‍ ആശയവിനിമയം നടത്തുന്നതും വീഡിയോയില്‍ കാണാം. ഡല്‍ഹി ക്യാപിറ്റല്‍സ് തങ്ങളുടെ ഓദ്യോഗിക പേജുകളിലൂടെ പുറത്ത് വിട്ട വീഡിയോ നിമിഷനേരം കൊണ്ട് തന്നെ ആരാധകര്‍ ഏറ്റെടുത്തിരുന്നു.
'ഒരു ഫ്രെയിമില്‍ 146 സെഞ്ച്വറികള്‍' എന്ന വിശേഷണം നല്‍കിയാണ് ആരാധകര്‍ വീഡിയോ പങ്കിട്ടിരിക്കുന്നത്. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടിയിട്ടുള്ള രണ്ട് പേരാണ് വിരാട് കോലിയും റിക്കി പോണ്ടിങ്ങും. വിരാട് കോലി ഇതുവരെ 75 സെഞ്ച്വറികള്‍ നേടിയപ്പോള്‍ 71 സെഞ്ച്വറിയാണ് പോണ്ടിങ് കരിയറിലുടനീളം നേടിയത്.
Also Read:IPL 2023| വിക്കറ്റ് വേട്ടയില്‍ അതിവേഗം നൂറ്; ലസിത് മലിംഗയെ കടത്തിവെട്ടി കാഗിസോ റബാഡ
കളത്തിന് പുറത്ത് കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും നാളെ നടക്കുന്ന മത്സരം ഇരു ടീമിനും അതിനിര്‍ണായകമാണ്. ചിന്നസ്വാമിയില്‍ മികച്ച ഫോം തുടരുന്ന കോലിക്ക് ഡല്‍ഹിക്കെതിരെയും അതേ പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. അതേസമയം, സ്ഥിരത പുലര്‍ത്താന്‍ കഷ്‌ടപ്പെടുന്ന ബെംഗളൂരുവിനെ തകര്‍ത്ത് സീസണിലെ ആദ്യ ജയം സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് ഡേവിഡ് വാര്‍ണറും സംഘവും.
നിലവില്‍ പോയിന്‍റ് പട്ടികയിലെ അവസാന സ്ഥാനക്കാരാണ് ഡല്‍ഹി. ആദ്യത്തെ കളിയില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച ബാംഗ്ലൂര്‍ ഏഴാം സ്ഥാനത്താണ്. ആറ് പോയിന്‍റുമായി രാജസ്ഥാന്‍ റോയല്‍സാണ് പട്ടികയില്‍ മുന്നില്‍.