ബെംഗളൂരു:റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ പച്ച ജഴ്‌സിയില്‍ അവരുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിക്ക് കഷ്‌ടകാലമാണ്. ഇന്നലെ രാജസ്ഥാന്‍ റോയല്‍സിനെതിരെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ പച്ച ജഴ്‌സിയണിഞ്ഞ് കളിക്കാനിറങ്ങിയ വിരാട് കോലിക്ക് റണ്‍സൊന്നും എടുക്കാനായിരുന്നില്ല. മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ ട്രെന്‍റ് ബോള്‍ട് കോലിയെ തിരികെ പവലിയനിലേക്ക് മടക്കുകയായിരുന്നു.
ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ് വിരാട് കോലി പച്ച ജഴ്‌സിയില്‍ ഡക്കായി മടങ്ങുന്നത്. കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ ജഗദീഷ സുചിത് ആയിരുന്നു കോലിയെ അക്കൗണ്ട് തുറക്കും മുന്‍പ് മടക്കിയത്. കൂടാതെ ഏപ്രില്‍ 23ന് പിറന്ന കോലിയുടെ മൂന്നാമത്തെ ഗോള്‍ഡന്‍ ഡക്ക് കൂടിയായിരുന്നു ഇന്നലത്തേത്.
നേരത്തെ 2017 ഏപ്രില്‍ 23ലും 2022 ഏപ്രില്‍ 23ലും ആയിരുന്നു വിരാട് കോലി ഗോള്‍ഡന്‍ ഡക്കായി മടങ്ങിയത്. 2017ല്‍ കൊല്‍ക്കത്തയുടെ നാഥന്‍ കൂല്‍ട്ടെര്‍ നൈലും 2022ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ മാര്‍ക്കോ ജാന്‍സനുമായിരുന്നു കോലിയെ അക്കൗണ്ട് തുറക്കും മുന്‍പ് വീഴ്‌ത്തിയത്. ഐപിഎല്‍ ചരിത്രത്തില്‍ ആര്‍സിബിയുടെ ഏറ്റവും ചെറിയ സ്‌കോറുകള്‍ പിറന്ന മത്സരങ്ങളായിരുന്നു അത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 49ന് ടീം ഓള്‍ഔട്ട് ആയപ്പോള്‍ 2022ല്‍ ഹൈദരാബാദിനെതിരെ 68 റണ്‍സെടുക്കാന് ടീമിനായത്.
Also Read:IPL 2023 | സിക്‌സര്‍ 'ഹിറ്റ്‌മാന്‍' രോഹിത് ശര്‍മ; പന്ത് 'അതിര്‍ത്തി' കടത്തി ചരിത്രനേട്ടം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ് നായകന്‍
ഐപിഎല്ലില്‍ കോലിയുടെ ഏഴാമത്തെ ഗോള്‍ഡന്‍ ഡക്കായിരുന്നു ഇന്നലത്തേത്. 10 പ്രാവശ്യം നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായ റാഷിദ് ഖാനാണ് നാണക്കേടിന്‍റെ റെക്കോഡ് തലപ്പത്ത്. കോലിക്കൊപ്പം ഹര്‍ഭജന്‍ സിങ്, സുനില്‍ നരെയ്‌ന്‍ എന്നിവര്‍ ഈ പട്ടികയില്‍ രണ്ടാമതാണ്.
അതേസമയം, രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ വിരാട് കോലിയെ തുടക്കത്തിലെ നഷ്‌ടമായെങ്കിലും പിന്നീടെത്തിയ ഗ്ലെന്‍ മാക്‌സ്‌വെല്‍, ഫാഫ് ഡുപ്ലെസിസ് സഖ്യം ചേര്‍ന്ന് ആര്‍സിബിക്ക് മികച്ച സ്‌കോര്‍ സമ്മാനിക്കുകയായിരുന്നു. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 127 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കിയാണ് മടങ്ങിയത്. മാക്‌സ്‌വെല്‍ 77 റണ്‍സ് നേടിയപ്പോള്‍ ഫാഫ് ഡുപ്ലെസിസ് 62 റണ്‍സ് നേടിയാണ് പുറത്തായത്.
13.2 ഓവറില്‍ സ്‌കോര്‍ 139ല്‍ നില്‍ക്കെ ഡുപ്ലെസിസിനെ ജയ്‌സ്വാള്‍ റണ്‍ഔട്ട് ആക്കുകയായിരുന്നു. തൊട്ടടുത്ത ഓവറിന്‍റെ അവസാന പന്തില്‍ മാക്‌സ്‌വെല്ലും വീണു. പിന്നാലെയെത്തിയ ആര്‍സിബി ബാറ്റര്‍മാര്‍ മങ്ങിയ പ്രകടനം കാഴ്‌ചവച്ചതോടെ 189-9 എന്ന നിലയിലാണ് ആര്‍സിബി ഇന്നിങ്‌സ് അവസാനിപ്പിച്ചത്.
മറുപടി ബാറ്റിങ്ങില്‍ രാജസ്ഥാന് ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 182 റണ്‍സ് നേടാനെ സാധിച്ചുള്ളു. 52 റണ്‍സ് നേടിയ ദേവ്‌ദത്ത് പടിക്കലായിരുന്നു അവരുടെ ടോപ് സ്‌കോറര്‍. ആര്‍സിബിക്കായി ഇംപാക്‌ട് പ്ലെയറായെത്തിയ ഹര്‍ഷല്‍ പട്ടേല്‍ മൂന്ന് വിക്കറ്റ് വീഴ്‌ത്തി.
Also Read:IPL 2023 | ബാംഗ്ലൂരിനോടും കീഴടങ്ങി; രാജസ്ഥാന് തുടര്‍ച്ചയായ രണ്ടാം തോല്‍വി