ലഖ്‌നൗ:ഐപിഎല്ലിലെ ലഖ്‌നൗ- ബാംഗ്ലൂര്‍ ത്രില്ലര്‍ പോരാട്ടത്തിന് പിന്നാലെ തമ്മിലുടക്കി വിരാട് കോലിയും ഗൗതം ഗംഭീറും. മത്സരത്തിന് ശേഷമായിരുന്നു ഇരുവരും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്. ഇരുവരും പരസ്‌പരം ഉടക്കാനുള്ള കാരണം വ്യക്തമല്ല.
സീസണില്‍ ഇരു ടീമും തമ്മിലേറ്റുമുട്ടിയ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനൊപ്പമായിരുന്നു ജയം. അവസാന പന്ത് വരെ ആവേശം നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു അന്ന് ലഖ്‌നൗ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ജയം പിടിച്ചത്. ഇതിന് പിന്നാലെ മൈതാനത്തേക്ക് ഇറങ്ങിയ ലഖ്‌നൗ മെന്‍റര്‍ ആര്‍സിബി ആരാധകരോട് 'വായ്‌മൂടിക്കെട്ടൂ' എന്ന് പറയുന്ന തരത്തിലുള്ള ആംഗ്യം കാണിച്ചിരുന്നു.
ഇതിന്‍റെ തുടര്‍ച്ചയായാണ് ലഖ്‌നൗവില്‍ നടന്ന സംഭവവികാസങ്ങളെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. ഏകന സ്റ്റേഡിയത്തില്‍ നടന്ന ലഖ്‌നൗ ബാംഗ്ലൂര്‍ പോരാട്ടത്തിന്‍റെ രണ്ടാം പകുതി മുതല്‍ തന്നെ വിരാട് കോലി തന്‍റെ പതിവ് ശൈലിയില്‍ തന്നെയാണ് മൈതാനത്ത് പെരുമാറിക്കൊണ്ടിരുന്നത്.
മത്സരത്തിന്‍റെ നാലാം ഓവറില്‍ ക്രുണാല്‍ പാണ്ഡ്യയുടെ ക്യാച്ച് കയ്യിലൊതുക്കിയത് വിരാട് കോലിയാണ്. പിന്നാലെ വിരാട് കോലിയുടെ വിക്കറ്റ് ആഘോഷം. ഇതാണ് ഗൗതം ഗംഭീറിനെ ചൊടിപ്പിച്ചെതെന്നാണ് ആരാധകര്‍ കരുതുന്നത്.
മത്സരശേഷം ഹസ്‌തദാനം നല്‍കുമ്പോഴും ഇരുവരും അത്ര രസത്തിലായിരുന്നില്ല. പിന്നാലെ വിരാട് കോലിക്ക് സമീപത്തേക്ക് എത്തിയ ലഖ്‌നൗ ഓപ്പണര്‍ കെയ്‌ല്‍ മെയേഴ്‌സ് ആര്‍സിബി താരവുമായി ആശയവിനിമയം നടത്തി. ഈ സമയം ഇവിടേക്ക് എത്തിയ ഗംഭീര്‍ മയേഴ്‌സിനെ പിടിച്ച് പിന്നിലേക്ക് നടന്നു.
പിന്നാലെയായിരുന്നു ഇരുവരും തമ്മിലുള്ള വാക്കേറ്റം. വിരാട് കോലി മാറി നില്‍ക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും വിട്ടുകൊടുക്കാന്‍ ലഖ്‌നൗ മെന്‍റര്‍ ഗൗതം ഗംഭീര്‍ തയ്യാറായില്ല. അങ്ങോട്ടേക്ക് ഇടിച്ചുകയറി സംസാരിക്കാന്‍ ശ്രമിച്ച ഗംഭീറിനെ ലഖ്‌നൗ നായകന്‍ കെഎല്‍ രാഹുലും അമിത് മിശ്രയും ചേര്‍ന്നാണ് പിടിച്ചുമാറ്റിയത്.
പിന്നീട് രാഹുലും മിശ്രയും ചേര്‍ന്ന് ഗംഭീറിനെ ശാന്തനാക്കാന്‍ ശ്രമിക്കുകയും ചെയ്തു. അതേസമയം, ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് താരം നവീന്‍ ഉല്‍ ഹഖും നേരത്തെ വിരാട് കോലിയുമായി ഗ്രൗണ്ടില്‍ വച്ച് വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. മത്സരത്തിനിടയിലും ഇവര്‍തമ്മിലും ചെറിയതരത്തിലുള്ള വാക്പോര് ഉണ്ടായിരുന്നു.
More Read :IPL 2023| കളിക്കിടെ തമ്മിലുടക്കി, മത്സരം അവസാനിച്ചിട്ടും കലിയടങ്ങാതെ കോലിയും നവീനും
അതേസമയം, ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരായ മത്സരത്തില്‍ 18 റണ്‍സിന്‍റെ ജയമാണ് ആര്‍സിബി സ്വന്തമാക്കിയത്. ആര്‍സിബി ഉയര്‍ത്തിയ 127 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആതിഥേയരുടെ പോരാട്ടം 108 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ബോളര്‍മാരുടെ പ്രകടനമാണ് മത്സരത്തില്‍ ആര്‍സിബിക്ക് ജയം സമ്മാനിച്ചത്.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ബാംഗ്ലൂര്‍ 9 വിക്കറ്റ് നഷ്‌ടത്തിലായിരുന്നു 126 റണ്‍സ് നേടിയത്. നായകന്‍ ഫാഫ് ഡുപ്ലെസിസ് (44), വിരാട് കോലി (30) എന്നിവരുടെ ബാറ്റിങ്ങാണ് ആര്‍സിബിക്ക് ഏകന സ്റ്റേഡിയത്തില്‍ പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്.
More Read :IPL 2023| എറിഞ്ഞ് പിടിച്ച് ബാംഗ്ലൂർ; കുഞ്ഞൻ ടോട്ടലിന് മുന്നിൽ അടിതെറ്റി വീണ് ലഖ്‌നൗ