മൊഹാലി :ഐപിഎല്‍ പതിനാറാം പതിപ്പിലും മിന്നും ഫോമിലാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സൂപ്പര്‍ താരം വിരാട് കോലി. സീസണില്‍ ഇതുവരെ ആറ് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ 279 റണ്‍സാണ് കോലി അടിച്ചെടുത്തത്. നാല് അര്‍ധസെഞ്ച്വറിയും ഇതിനോടകം തന്നെ താരം തന്‍റെ പേരിലാക്കിയിട്ടുണ്ട്.
ഓരോ മത്സരങ്ങളിലിറങ്ങുമ്പോഴും ഒരു നാഴികക്കല്ലെങ്കിലും സ്വന്തം പേരിലാക്കിയ ശേഷമാകും വിരാട് കോലി കളിക്കളത്തില്‍ നിന്ന് മടങ്ങുക. ഇന്നലെ പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിലും ഐപിഎല്ലില്‍ ഒരു നേട്ടം സ്വന്തമാക്കാന്‍ ആര്‍സിബി സ്റ്റാര്‍ ബാറ്റര്‍ക്കായി. ഐപിഎല്‍ ക്രിക്കറ്റില്‍ 600 ഫോറുകള്‍ നേടുന്ന മൂന്നാമത്തെ താരമായാണ് വിരാട് കോലി ഇന്നലെ മാറിയത്.
ശിഖര്‍ ധവാന്‍, ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ക്ക് ശേഷമാണ് വിരാട് കോലി ഈ നേട്ടത്തിലേക്കെത്തുന്നത്. ഈ പട്ടികയില്‍ ഒന്നാമന്‍ പഞ്ചാബ് നായകന്‍ ശിഖര്‍ ധവാനാണ്. 210 മത്സരങ്ങളില്‍ നിന്ന് 730 ഫോറാണ് ധവാന്‍ അടിച്ചെടുത്തിട്ടുള്ളത്.
രണ്ടാമനായ ഡേവിഡ് വാര്‍ണര്‍ 167 മത്സരങ്ങളില്‍ നിന്ന് 608 ഫോറുകളും നേടിയിട്ടുണ്ട്. ഐപിഎല്‍ കരിയറിലെ 229 മത്സരങ്ങളില്‍ നിന്ന് 603 ഫോറുകളാണ് നിലവില്‍ വിരാട് കോലിയുടെ അക്കൗണ്ടിലുള്ളത്. 227 മത്സരങ്ങളില്‍ നിന്ന് 535 ഫോറുകള്‍ നേടിയിട്ടുള്ള രോഹിത് ശര്‍മയാണ് കോലിക്ക് പിന്നില്‍ നാലാമന്‍.
Also Read:IPL 2023 | 'തല'പ്പടയെ നേരിടാന്‍ 'ഓറഞ്ച് ആര്‍മി' ; ചെപ്പോക്കില്‍ സൂപ്പര്‍കിങ്‌സിന് ഇന്ന് എതിരാളികള്‍ സണ്‍റൈസേഴ്‌സ്
പഞ്ചാബിനെതിരായ മത്സരത്തില്‍ 47 പന്ത് നേരിട്ട കോലി 59 റണ്‍സ് നേടിയായിരുന്നു പുറത്തായത്. 5 ഫോറും ഒരു സിക്‌സും അടങ്ങിയതായിരുന്നു കോലിയുടെ ഇന്നിങ്‌സ്. സീസണിന്‍റെ തുടക്കം മുതല്‍ മികച്ച പ്രകടനമാണ് വിരാട് കോലി കാഴ്‌ചവയ്‌ക്കുന്നത്.
മുംബൈ ഇന്ത്യന്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, പഞ്ചാബ് കിങ്‌സ് എന്നീ ടീമുകള്‍ക്കെതിരായ മത്സരത്തിലാണ് വിരാട് കോലി അര്‍ധസെഞ്ച്വറി നേടിയത്. കൊല്‍ക്കത്തയ്‌ക്കെതിരെ 21 റണ്‍സും ചെന്നൈക്കെതിരെ 6 റണ്‍സും എടുത്തായിരുന്നു താരം പുറത്തായത്.
അതേസമയം, പഞ്ചാബിനെതിരായ മത്സരത്തില്‍ വിരാട് കോലിക്ക് കീഴിലാണ് ആര്‍സിബി കളത്തിലിറങ്ങിയത്. മത്സരത്തില്‍ ആദ്യം ബാറ്റുചെയ്‌ത സന്ദര്‍ശകര്‍ക്കായി ഫാഫ് ഡുപ്ലെസിസിനൊപ്പം ഒന്നാം വിക്കറ്റില്‍ 137 റണ്‍സ് കൂട്ടിച്ചേര്‍ത്തായിരുന്നു കോലി മടങ്ങിയത്. ഡുപ്ലെസിസും അര്‍ധസെഞ്ച്വറി (84) നേടിയ കളിയില്‍ ആദ്യം ബാറ്റ് ചെയ്‌ത ആര്‍സിബി 174 റണ്‍സ് നേടിയിരുന്നു.
Also Read:IPL 2023 | 'അവസാന ഓവര്‍ വരെ മത്സരം നീട്ടേണ്ട എന്ന് പറഞ്ഞു, അവര്‍ അത് അനുസരിച്ചു' ; പഞ്ചാബിനെതിരായ വിജയത്തിന് പിന്നാലെ വിരാട് കോലി
മറുപടി ബാറ്റിങ്ങിനെത്തിയ പഞ്ചാബ് കിങ്‌സിന് 150 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. 18.2 ഓവറില്‍ 24 റണ്‍സ് അകലെ പഞ്ചാബിന്‍റെ പോരാട്ടം അവസാനിക്കുകയായിരുന്നു. മുഹമ്മദ് സിറാജിന്‍റെ നാല് വിക്കറ്റ് പ്രകടനമാണ് പഞ്ചാബിനെ തകര്‍ത്തത്.