ഡല്‍ഹി:ഐപിഎല്‍ ക്രിക്കറ്റില്‍ 7000 റണ്‍സ് നേടുന്ന ആദ്യ താരമായി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി. അരുണ്‍ ജയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ ഇന്നലെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായി നടന്ന മത്സരത്തിലൂടെയാണ് കോലി ഈ നേട്ടം പിന്നിട്ടത്. മത്സരത്തില്‍ 55 റണ്‍സ് നേടിയ കോലിയായിരുന്നു ആര്‍സിബിയുടെ ടോപ് സ്‌കോറര്‍.
ഐപിഎല്‍ കരിയറിലെ 233-ാം മത്സരത്തിലായിരുന്നു വിരാട് കോലിയുടെ റെക്കോഡ് നേട്ടം. ഡല്‍ഹിക്കെതിരായ മത്സരത്തിന് മുന്‍ 7000 റണ്‍സ് എന്ന നേട്ടത്തിലേക്ക് എത്താന്‍ 12 റണ്‍സായിരുന്നു താരത്തിന് വേണ്ടിയിരുന്നത്. ആര്‍സിബി ഓപ്പണറായ വിരാട് കോലി ഇന്നിങ്‌സിന്‍റെ തുടക്കത്തില്‍ തന്നെ ഈ നേട്ടത്തിലേക്ക് എത്തുകയായിരുന്നു.
നിലവില്‍ 7043 റണ്‍സാണ് ഐപിഎല്ലിലെ എക്കാലത്തേയും മികച്ച റണ്‍വേട്ടക്കാരില്‍ ഒന്നാമനായ കോലിയുടെ അക്കൗണ്ടില്‍ ഉള്ളത്. 129.49 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശുന്ന വിരാടിന്‍റെ കരിയര്‍ ആവറേജ് 36.68 ആണ്. 51 അര്‍ധ സെഞ്ച്വറിയും അഞ്ച് സെഞ്ച്വറിയും ഐപിഎല്‍ കരിയറില്‍ വിരാട് കോലി അടിച്ചെടുത്തിട്ടുണ്ട്.
2019ല്‍ ഐപിഎല്‍ ക്രിക്കറ്റില്‍ 5000 റണ്‍സ് തികയ്‌ക്കുന്ന രണ്ടാമത്തെ താരമായി കോലി മാറിയിരുന്നു. സുരേഷ് റെയ്‌നയ്‌ക്ക് പിന്നാലെയായിരുന്നു ഈ നേട്ടത്തിലേക്ക് കോലി എത്തിയത്. 2021ല്‍ ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായി 6000 റണ്‍സ് നേടുന്ന താരമായും കോലി മാറി.
Also Read :IPL 2023| 'ഹിറ്റ്‌മാനോ അതോ ഡക്ക്‌മാനോ'?; ഐപിഎല്ലില്‍ മോശം റെക്കോഡിട്ട് രോഹിത് ശര്‍മ