ബെംഗളൂരു:എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം 16.2 ഓവറിലാണ് ആതിഥേയരായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇന്നലെ മറികടന്നത്. 82 റണ്‍സ് നേടി പുറത്താകാതെ നിന്ന വിരാട് കോലിയുടെയും 73 റണ്‍സ് അടിച്ച് കൂട്ടിയ നായകന്‍ ഫാഫ് ഡു പ്ലെസിസിന്‍റെയും പ്രകടന മികവായിരുന്നു ആദ്യ മത്സരത്തില്‍ തന്നെ ആര്‍സിബിക്ക് അനായാസ ജയമൊരുക്കിയത്.
മുംബൈക്കെതിരെ അര്‍ധ സെഞ്ച്വറി നേടിയതിന് പിന്നാലെ ഐപിഎല്ലില്‍ മറ്റൊരു റെക്കോഡ് കൂടി സ്വന്തമാക്കാന്‍ ആര്‍സിബി സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിക്ക് സാധിച്ചിരുന്നു. 50 തവണ അര്‍ധ സെഞ്ച്വറി അല്ലെങ്കില്‍ അതില്‍ കൂടുതല്‍ റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് വിരാട് കോലി മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ സ്വന്തമാക്കിയത്. ഡല്‍ഹി ക്യാപിറ്റല്‍സ് താരമായ ഡേവിഡ് വാര്‍ണറിന് ശേഷം ഈ നേട്ടത്തിലെത്തുന്ന രണ്ടാമത്തെ കളിക്കാരനാണ് വിരാട് കോലി.
ഐപിഎല്‍ കരിയറില്‍ 60 തവണയാണ് ഡേവിഡ് വാര്‍ണര്‍ അന്‍പതോ അതിലധികമോ റണ്‍സ് ഒരു മത്സരത്തില്‍ നേടിയിട്ടുള്ളത്. 56 അര്‍ധ സെഞ്ച്വറിയും നാല് സെഞ്ച്വറിയുമാണ് ഡേവിഡ് വാര്‍ണര്‍ ഇതുവരെ നേടിയത്. രണ്ടാമതുള്ള വിരാട് കോലിയുടെ ഐപിഎല്‍ കരിയറില്‍ 45 അര്‍ധ സെഞ്ച്വറിയും അഞ്ച് സെഞ്ച്വറിയുമാണ് ഉള്ളത്.
മുംബൈക്കെതിരായ മത്സരത്തില്‍ ശ്രദ്ധയോടെയാണ് വിരാട് കോലി ബാറ്റിങ് ആരംഭിച്ചത്. ഫാഫ് ഡു പ്ലെസിസ് ഒരുവശത്ത് തകര്‍ത്തടിച്ചപ്പോള്‍ മറുവശത്ത് അദ്ദേഹത്തിന് വേണ്ട പിന്തുണ നല്‍കാനായിരുന്നു കോലിയുടെ ശ്രമം. 38 പന്ത് നേരിട്ടായിരുന്നു വിരാട് കോലി അര്‍ധ സെഞ്ച്വറിയിലേക്ക് എത്തിയത്.
50 കടന്നതോടെ വിരാട് കോലി ടോപ് ഗിയറിലേക്ക് മാറി. തുടര്‍ന്ന് നേരിട്ട 11 പന്തില്‍ നിന്ന് 32 റണ്‍സ് ആയിരുന്നു അദ്ദേഹം അടിച്ചെടുത്തത്. ഒടുവില്‍ പതിനേഴാം ഓവര്‍ എറിയാനെത്തിയ അര്‍ഷാദ് ഖാനെ സിക്‌സര്‍ പറത്തി ആര്‍സിബിക്ക് ആദ്യ വിജയവും വിരാട് സമ്മാനിച്ചു.