ഐപിഎല്ലില്‍ നിന്നും സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിക്കും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനും വീണ്ടും കണ്ണീര്‍മടക്കം. ഇന്നലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ജീവന്‍മരണ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് തോല്‍വി വഴങ്ങിയതോടെയാണ് ഐപിഎല്‍ പതിനാറാം പതിപ്പില്‍ വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ യാത്ര അവസാനിച്ചത്. സീസണിലെ അവസാന ലീഗ് മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു ആര്‍സിബിയുടെ തോല്‍വി.
പോയിന്‍റ് പട്ടികയിലെ അഞ്ചാം സ്ഥാനക്കാരായിരുന്ന ബാംഗ്ലൂരിന് ഇന്നലെ ഗുജറാത്തിനെ വീഴ്‌ത്തിയാല്‍ പ്ലേഓഫില്‍ സ്ഥാനം ഉറപ്പിക്കാന്‍ സാധിക്കുമായിരുന്നു. മഴയെ തുടര്‍ന്ന് പതിവിലും ഒരു മണിക്കൂറോളം വൈകിയായിരുന്നു മത്സരം ആരംഭിച്ചത്. നിര്‍ണായക മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട ആര്‍സിബി ആദ്യം ബാറ്റ് ചെയ്യാനാണെത്തിയത്.
ശ്രദ്ധയോടെ ഗുജറാത്ത് ബൗളര്‍മാരെ നേരിട്ട് തുടങ്ങിയ വിരാട് കോലിയും ഫാഫ് ഡുപ്ലെസിസും പിന്നീട് അതിവേഗം റണ്‍സുയര്‍ത്തി. പവര്‍പ്ലേയില്‍ 62 റണ്‍സായിരുന്നു ആര്‍സിബി സ്‌കോര്‍ബോര്‍ഡിലെത്തിയത്. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റെടുത്ത ടൈറ്റന്‍സ് ആര്‍സിബിയെ ചിന്നസ്വാമിയില്‍ പൂട്ടിനിര്‍ത്തി.
എന്നാല്‍, മറ്റൊരു നിര്‍ണായക മത്സരത്തില്‍ വിരാട് കോലി വീണ്ടും അവരുടെ രക്ഷയ്‌ക്കെത്തി. നിലയുറപ്പിച്ച് കളിച്ച കോലി അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് ആര്‍സിബി സ്‌കോര്‍ ഉയര്‍ത്തി. പിന്നാലെ ഇന്നിങ്‌സിന്‍റെ അവസാന ഓവറില്‍ ഐപിഎല്‍ കരിയറിലെ തന്‍റെ ഏഴാം ശതകവും വിരാട് കോലി പൂര്‍ത്തിയാക്കി.
20 ഓവറില്‍ 5 വിക്കറ്റ് നഷ്‌ടത്തില്‍ 197 റണ്‍സായിരുന്നു ആര്‍സിബി ഗുജറാത്തിനെതിരെ അടിച്ചെടുത്തത്. ഇതില്‍ 101 റണ്‍സും കോലിയുടെ സംഭാവനയായിരുന്നു. 62 പന്ത് കളിച്ച കോലിയാകട്ടെ 13 ഫോറും ഒരു സിക്‌സും തന്‍റെ ഇന്നിങ്‌സില്‍ നേടിയിരുന്നു.
എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ ശുഭ്‌മാന്‍ ഗില്ലിന്‍റെ തകര്‍പ്പന്‍ സെഞ്ച്വറി നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്തിന് ഈ സീസണിലെ 10 ജയവും ആര്‍സിബിക്ക് മടക്ക ടിക്കറ്റുമാണ് സമ്മാനിച്ചത്. തോല്‍വിയോടെ ബാംഗ്ലൂര്‍ ആറാം സ്ഥാനത്തേക്കും വീണു.
ആ കിരീടത്തിനായി വിരാട് കോലി ഇനിയും കാത്തിരിക്കണം:ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളാണ് എംഎസ് ധോണി, രോഹിത് ശര്‍മ്മ, വിരാട് കോലി എന്നിവര്‍. ഇവരില്‍ കോലിയൊഴികെ മറ്റ് രണ്ട് പേരും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കിരീടത്തില്‍ പലകുറി മുത്തമിട്ടു. എന്നാല്‍ ബാറ്റ് കൊണ്ട് പല നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ടെങ്കിലും വിരാട് കോലിക്ക് ഇന്നും ഐപിഎല്‍ കിരീടം കിട്ടാക്കനിയായി തുടരുകയാണ്.
ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ്, സെഞ്ച്വറി, അര്‍ധസെഞ്ച്വറി നേടിയ ഇന്ത്യക്കാരന്‍ എന്നിങ്ങനെ നിരവധി നേട്ടങ്ങളാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ വിരാട് കോലി തന്‍റെ ബാറ്റ് കൊണ്ട് നേടിയെടുത്തിട്ടുള്ളത്. പ്രഥമ സീസണ്‍ മുതല്‍ ബാംഗ്ലൂരിനായ് കളിക്കുന്ന കോലിക്കും അവര്‍ക്കായൊരു കിരീടം സമ്മാനിക്കാനായിട്ടില്ല. 2011ലും 2016ലും ടീം ഫൈനല്‍ വരെയെത്തിയെങ്കിലും അവസാനം കിരീടം കൈവിട്ടു.
2016ല്‍ ക്യാപ്‌റ്റന്‍ വിരാട് കോലി എന്ന ബാറ്ററുടെ അവിസ്‌മരണീയമായ ഇന്നിങ്‌സുകളുടെ കരുത്തിലായിരുന്നു ഫൈനല്‍വരെ ആര്‍സിബി എത്തിയത്. ആ സീസണില്‍ 16 ഇന്നിങ്സില്‍ നിന്നും നാല് സെഞ്ച്വറിയോടെ 973 റണ്‍സ് കോലി അടിച്ചെടുത്തു. ഫൈനലില്‍ അര്‍ധസെഞ്ച്വറിയടിച്ചെങ്കിലും തന്‍റെ പുറത്താകലിന് പിന്നാലെയെത്തിയ പല വമ്പൻമാരും കളി മറന്നപ്പോള്‍ വിരാടിന് കണ്ണീരോടെ മടങ്ങേണ്ടി വന്നു.
കഴിഞ്ഞ മൂന്ന് സീസണുകളിലും ആര്‍സിബി പ്ലേഓഫ് കളിച്ചു. എന്നാല്‍ ഫൈനലിലേക്ക് എത്താന്‍ ടീമിനായില്ല. എല്ലാവര്‍ഷത്തേയും പോലെ ഇക്കുറി ടീം ആദ്യ കിരീടം നേടുമെന്ന പ്രതീക്ഷയിലായിരുന്നു ആര്‍സിബി.
എന്നാല്‍ സ്ഥിരതയില്ലാത്ത പ്രകടനങ്ങള്‍ ടീമിന്‍റെ മുന്നേറ്റത്തിന് തിരിച്ചടിയായി. ടൂര്‍ണമെന്‍റിന്‍റെ അവസാന ഘട്ടത്തിലേക്ക് എത്തിയപ്പോള്‍ ടീം പതിയെ താളം കണ്ടെത്തി. നിര്‍ണായക മത്സരങ്ങളിലേക്കെത്തിയപ്പോള്‍ വിരാട് കോലി തന്നെ റണ്‍സടിച്ചെടുക്കാന്‍ മുന്നിട്ടിറങ്ങി.
തോല്‍വി പുറത്തേക്കുള്ള വഴി തുറക്കുമെന്ന് ഉറപ്പിച്ച മത്സരങ്ങളില്‍ വിരാട് കോലി സെഞ്ച്വറിയടിച്ച് ടീമിനെ ഒറ്റയ്‌ക്ക് തന്‍റെ തോളിലേറ്റി. ഈ സീസണില്‍ രണ്ട് സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയും ഉള്‍പ്പടെ 14 മത്സരങ്ങളില്‍ നിന്നും 53.25 ശരാശരിയില്‍ 639 റണ്‍സാണ് കോലിയടിച്ചെടുത്തത്. എന്നിട്ടും അയാള്‍ ആഗ്രഹിക്കുന്ന ആ കിരീടം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ ഷെല്‍ഫിലെത്തിക്കാന്‍ അയാള്‍ക്കായില്ല.