ആധുനിക ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച രണ്ട് താരങ്ങളാണ് വിരാട് കോലിയും ഗൗതം ഗംഭീറും. രഞ്‌ജി ട്രോഫിയില്‍ ഡല്‍ഹിക്കായി ഒരുമിച്ച് കളിച്ച ഇരുവരും പില്‍ക്കാലത്ത് ഇന്ത്യന്‍ ജഴ്‌സിയിലും ഒരുമിച്ച് ഗ്രൗണ്ടിലിറങ്ങി. 2009ല്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ ഗംഭീര്‍ തനിക്ക് ലഭിച്ച മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം യുവതാരമായ വിരാട് കോലിക്ക് കൈമാറിയത് ഏറെ പ്രശംസയ്‌ക്ക് വഴിയൊരുക്കിയിരുന്നു.
അന്ന് ഗംഭീര്‍ 150 റണ്‍സ് നേടിയിരുന്നു. വിരാട് കോലി 107 റണ്‍സായിരുന്നു ആ മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ അടിച്ചെടുത്തത്. കോലിയുടെ ആദ്യത്തെ ഏകദിന സെഞ്ച്വറി ആയതിനാല്‍ കൂടിയാണ് തനിക്ക് ലഭിച്ച പുരസ്‌കാരം അന്ന് യുവതാരത്തിന് നല്‍കുന്നതെന്ന് മത്സരശേഷം ഗംഭീര്‍ വ്യക്തമാക്കുന്നത്.
തുടര്‍ന്നും ഒരുമിച്ച് കളിച്ച ഇരുവരും 2011ലെ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലും അംഗമായി. പിന്നാലെ ആ വര്‍ഷത്തെ ഐപിഎല്ലില്‍ കെകെആര്‍ നായകനായി ഗൗതം ഗംഭീറെത്തി. 2013ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ക്യാപ്‌റ്റനായി വിരാട് കോലിയും നിയോഗിക്കപ്പെട്ടു. അവിടുന്ന് പിന്നീട് ഇരുവരും തമ്മിലുള്ള കഥയും മാറി..
പാഞ്ഞടുത്ത് ഗംഭീറും കോലിയും :'വെട്ടൊന്ന്, തുണ്ടം രണ്ട്' എന്ന സ്വഭാവക്കാരാണ് ഗൗതം ഗംഭീറും വിരാട് കോലിയും. ഇരുവരും ക്രിക്കറ്റ് മൈതാനത്ത് എതിരാളികളുമായി കൊമ്പ് കോര്‍ക്കുന്നത് പലപ്പോഴായി ആരാധകര്‍ കണ്ടിട്ടുണ്ട്. അങ്ങനെയുള്ള ഇരുവരും ആദ്യമായി പരസ്‌പരം വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടത് 2013ലെ ഒരു ഐപിഎല്‍ മത്സരത്തിനിടെയാണ്.
അന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിലായിരുന്നു കോലി നായകനായ ആര്‍സിബിയും ഗംഭീറിന് കീഴിലിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഏറ്റുമുട്ടിയത്. ലക്ഷ്‌മിപതി ബാലാജിയുടെ ഓവറില്‍ ഒയിന്‍ മോര്‍ഗന് ക്യാച്ച് നല്‍കി കോലി പുറത്തായിരുന്നു. ഈ സമയം വിക്കറ്റ് ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ഗംഭീര്‍ വിരാട് കോലിയുമായി വാക്ക്കൊണ്ട് പരസ്‌പരം ഏറ്റുമുട്ടി.
ഡല്‍ഹിയില്‍ ഇരുവരുടെയും സഹതാരമായ മന്‍വീന്ദര്‍ ബിസ്‌ലയാണ് അന്ന് രണ്ട് താരങ്ങളെയും തടഞ്ഞത്. താന്‍ ഇത് വ്യക്തിപരമായി എടുത്തിരുന്നില്ലെന്ന് ഗംഭീര്‍ അടുത്തിടെ പങ്കെടുത്ത ഒരു അഭിമുഖത്തിലൂടെ വ്യക്തമാക്കിയിരുന്നു.
അതിരുകടന്ന ആഘോഷം :ഐപിഎല്‍ 2016ലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് മത്സരം. ചിന്നസ്വാമിയിലെ ഈ മത്സരത്തില്‍ ബംഗ്ലൂരിനെതിരെ ജയം പിടിക്കാന്‍ കൊല്‍ക്കത്തയ്‌ക്കായിരുന്നു. തുടര്‍ന്ന് ഡഗൗട്ടില്‍ ഉണ്ടായിരുന്ന കസേര ചവിട്ടിതെറിപ്പിച്ചായിരുന്നു ഗംഭീറിന്‍റെ വിജയാഘേഷം. ഈ സംഭവത്തിന് കൊല്‍ക്കത്തന്‍ നായകന് പിന്നീട് പിഴയൊടുക്കേണ്ടി വന്നിരുന്നു.
ഇപ്പോഴും തുടരുന്ന കഥ :വിരാട് കോലി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകനായും ഗൗതം ഗംഭീര്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സ് മെന്‍ററായുമാണ് ഐപില്‍ പതിനാറാം പതിപ്പിന്‍റെ ഭാഗമാകുന്നത്. ഈ രണ്ട് ടീമുകളും ഇത്തവണ ഐപിഎല്ലില്‍ ഏറ്റമുട്ടിയ രണ്ട് മത്സരങ്ങളും ആവേശം നിറഞ്ഞതായിരുന്നു. ആദ്യ മത്സരം ചിന്നസ്വാമിയിലായിരുന്നു ഇരു ടീമുകളും ഏറ്റുമുട്ടിയത്.
തങ്ങളുടെ ഹോം ഗ്രൗണ്ടില്‍ അന്ന് 213 റണ്‍സ് വിജയലക്ഷ്യമാണ് ആദ്യം ബാറ്റ് ചെയ്‌ത ആര്‍സിബി ലഖ്‌നൗവിന് മുന്നില്‍ വച്ചത്. എന്നാല്‍ ഇത് പിന്തുടര്‍ന്ന ലഖ്‌നൗ അവസാന പന്തില്‍ ഒരു വിക്കറ്റ് ശേഷിക്കെ ജയത്തിലേക്കെത്തി. ഇതില്‍ ആവേശത്തിലായ ലഖ്‌നൗ മെന്‍റര്‍ ഗൗതം ഗംഭീര്‍ മൈതാനത്തേക്ക് ഇറങ്ങുകയും ആര്‍സിബി ആരാധകരോട് 'വായടക്കൂ' എന്ന രീതിയിലുള്ള ആംഗ്യം കാണിക്കുകയും ചെയ്‌തിരുന്നു.
ഇരു ടീമുകളും ലഖ്‌നൗവില്‍ ഏറ്റുമുട്ടിയപ്പോള്‍ ആര്‍സിബിക്കൊപ്പമായിരുന്നു ജയം. ഇതിന് പിന്നാലെ നീണ്ട പത്ത് വര്‍ഷത്തിന് ശേഷം വിരാട് കോലിയും ഗൗതം ഗംഭീറും വീണ്ടും വാക്കുകള്‍ കൊണ്ട് കളിക്കളത്തില്‍ ഏറ്റുമുട്ടി. ഇരു ടീമിലെയും താരങ്ങളാണ് ഈ പ്രശ്നത്തില്‍ നിന്നും രണ്ട് താരങ്ങളെയും പിടിച്ചുമാറ്റിയത്. ഈ സംഭവത്തില്‍ ഇരുവര്‍ക്കും പിഴശിക്ഷയും ഐപിഎല്‍ അധികൃതര്‍ ചുമത്തി. പെരുമാറ്റചട്ടം ലംഘിച്ചതിനും മാച്ച് ഫീയുടെ നൂറ് ശതമാനം തുകയും ഇവര്‍ പിഴയായി നല്‍കേണ്ടി വരും.
Also Read :IPL 2023| കളിക്കിടെ തമ്മിലുടക്കി, മത്സരം അവസാനിച്ചിട്ടും കലിയടങ്ങാതെ കോലിയും നവീനും