മുംബൈ:മുൻ ഇന്ത്യൻ നായകൻ വിരാട് കോലിയുടെ ഫോമില്ലായ്മയാണ് കുറച്ചു കാലങ്ങളായി ക്രിക്കറ്റ് ലോകത്തെ പ്രധാന ചർച്ച. ഐപിഎല്ലിലും പഴയ കോലിയുടെ നിഴൽ പോലുമാകാൻ താരത്തിന് ഇപ്പോൾ സാധിക്കുന്നില്ല. തുടരെ രണ്ട് മത്സരങ്ങളിൽ ഡക്കായി മടങ്ങി എന്ന നാണക്കേടും കഴിഞ്ഞ ദിവസങ്ങളിൽ കോലിയെ തേടിയെത്തി. ഇപ്പോൾ താരത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് ആർസിബി കോച്ച് സഞ്ജയ് ബംഗാർ.
എല്ലാം കോലിയുടെ നിയന്ത്രണത്തിൽ തന്നെയാണെന്നും കുറച്ച് ഭാഗ്യം മാത്രമാണ് താരത്തിനാവശ്യമെന്നും ബംഗാർ പറഞ്ഞു. 'കോലി ആർസിബിക്ക് വേണ്ടി സ്ഥിരതയോടെ പ്രകടനം നടത്തുന്ന താരമാണ്. കളിക്കാർ ഇത്തരത്തിലുള്ള സന്ദർഭങ്ങളിലൂടെ കടന്ന് പോകുന്നത് സാധാരണമാണ്. അദ്ദേഹം സീസണ് മികച്ച രീതിയിലാണ് ആരംഭിച്ചത്. പൂനെക്കെതിരെ മികച്ച പ്രകടനം നടത്തി. പക്ഷേ ഏതൊരു താരത്തിനും നിർഭാഗ്യകരമായ റണ്ണൗട്ടുകളോ, അനാവശ്യ എഡ്ജുകളോ ഉണ്ടാകാറുണ്ട്. അതാണ് കോലിക്കും സംഭവിക്കുന്നത്,' ബംഗാർ പറഞ്ഞു.