മുംബൈ: ഐപിഎല്ലിലൂടെ ക്രിക്കറ്റ് ലോകത്തിന് മുന്നില്‍ തന്‍റെ വരവറിയിച്ച് കഴിഞ്ഞ താരമാണ് ജമ്മു കശ്‌മീര്‍ പേസര്‍ ഉമ്രാന്‍ മാലിക്. സ്ഥിരമായി 150 കിലോ മീറ്ററിലേറെ വേഗത്തില്‍ പന്തെറിയുന്ന താരം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഇപ്പോള്‍ കൃത്യത കൂടി കൈവരിച്ചതോടെ എതിരാളികളുടെ പേടി സ്വപ്നമാവുകയാണ് ഉമ്രാന്‍.
ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ ഐപിഎല്ലിലെ തന്‍റെ ആദ്യ അഞ്ച് വിക്കറ്റ് പ്രകടനവുമായും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരമായ ഉമ്രാന്‍ തിളങ്ങി. തന്‍റെ ആദ്യ ഓവറിന്‍റെ അഞ്ചാം പന്തില്‍ ഗുജറാത്ത് ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനെ പുറത്താക്കിയാണ് താരം വിക്കറ്റ് വേട്ട തുടങ്ങിയത്.
മണിക്കൂറില്‍ 144 കിലോ മീറ്റര്‍ വേഗത്തിലെത്തിയ പന്ത് ഗില്ലിന്‍റെ കുറ്റി പിഴുതാണ് വേഗം കുറച്ചത്. വിക്കറ്റ് നേട്ടത്തിന് പിന്നാലെയുള്ള ഉമ്രാന്‍റെ ആഘോഷമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. ഇതിഹാസ താരം ഡെയ്ല്‍ സ്‌റ്റെയ്‌നിന്‍റെ മുഷ്ടിചുരുട്ടിയുള്ള വിക്കറ്റ് ആഘോഷമായിരുന്നു ഉമ്രാന്‍ ആവര്‍ത്തിച്ചത്.
തുടര്‍ന്ന് ഹര്‍ദിക് പാണ്ഡ്യ, ഡേവിഡ് മില്ലര്‍, വൃദ്ധിമാന്‍ സാഹ, അഭിനവ് മനോഹര്‍ എന്നിവരുടേയും വിക്കറ്റുകളും ഉമ്രാന്‍ വീഴ്‌ത്തി. ഇതില്‍ പാണ്ഡ്യയൊഴികെയുള്ള താരങ്ങള്‍ ബൗള്‍ഡായാണ് തിരിച്ച് കയറിയത്.
ഉമ്രാന്‍റെ ഈ കൃത്യതയ്‌ക്ക് പിന്നില്‍ ഹൈദരാബാദിന്‍റെ ബൗളിങ് കോച്ചായ ഡെയ്‌ല്‍ സ്റ്റെയ്നാണെന്നാണ് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നത്. ഇരുവരേയും താരതമ്യം ചെയ്‌തുകൊണ്ട് നിരവധി ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.