അഹമ്മദാബാദ് : ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ 16-ാം സീസണിന്‍റെ ഉദ്‌ഘാടന മത്സരത്തിൽ ചരിത്രം സൃഷ്‌ടിച്ച് ചെന്നൈ സൂപ്പർ കിങ്‌സ് താരം തുഷാർ ദേശ്‌പാണ്ഡെ. ഐപിഎൽ ചരിത്രത്തിലെ ആദ്യ 'ഇംപാക്‌ട് പ്ലെയർ' എന്ന നേട്ടമാണ് തുഷാർ ദേശ്‌പാണ്ഡെ സ്വന്തമാക്കിയത്. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ ബാറ്ററായ അമ്പാട്ടി റായിഡുവിന് പകരക്കാരായാണ് തുഷാർ ദേശ്‌പാണ്ഡെ കളത്തിലെത്തിയത്.
എന്നാൽ ചെന്നൈയുടെ ഇംപാക്‌ട് പ്ലെയറായി കളത്തിലെത്തിയ തുഷാർ ദേശ്‌പാണ്ഡെയുടെ പ്രകടനം യഥാർത്ഥത്തിൽ ഗുജറാത്തിനാണ് ഗുണം ചെയ്‌തത്. മത്സരത്തിൽ 2 നോബോളുകൾ എറിഞ്ഞ ദേശ്‌പാണ്ഡെ മറക്കാൻ ആഗ്രഹിക്കുന്ന രാത്രിയായിരിക്കുമത്. കാരണം മത്സരത്തിൽ 3.2 ഓവർ മാത്രം പന്തെറിഞ്ഞ ദേശ്‌പാണ്ഡെ 51 റൺസാണ് വഴങ്ങിയത്.
നിലവിലെ ജേതാക്കളായ ഗുജറാത്ത് ടൈറ്റൻസും മത്സരത്തിൽ ഇംപാക്‌ട് പ്ലെയർ നിയമം ഉപയോഗപ്പെടുത്തിയിരുന്നു. ഫീൽഡിങ്ങിനിടെ പരിക്കേറ്റ കിവീസ് താരം കെയ്‌ൻ വില്യംസണ് പകരം സായ് സുദർശനെയാണ് കളത്തിലിറക്കിയത്. ഡീപ് സ്‌ക്വയർ ലെഗിൽ ചെന്നൈ ബാറ്റർ റുതുരാജ് ഗെയ്‌ക്‌വാദിന്‍റെ ഒരു ഷോട്ട് തടയാൻ വായുവിലേക്ക് ഉയർന്നു ചാടിയ താരത്തിന്‍റെ വലത് കാൽമുട്ടിനാണ് പരിക്കേറ്റത്.
തുഷാർ ദേശ്‌പാണ്ഡെ, സുബ്രാൻഷു സേനാപതി, ഷെയ്‌ഖ് റഷീദ്, അജിങ്ക്യ രഹാനെ, നിശാന്ത് സിന്ധു എന്നിവരായിരുന്നു മത്സരത്തിന് മുന്നോടിയായി ചെന്നൈ ടീമിൽ ഇടംനേടിയ അഞ്ച് പകരക്കാർ. ബി സായ് സുദർശൻ, ജയന്ത് യാദവ്, മോഹിത് ശർമ, അഭിനവ് മനോഹർ, കെഎസ് ഭരത് എന്നിവരെയാണ് ഗുജറാത്ത് പകരക്കാരായി ഉൾപ്പെടുത്തിയിരുന്നത്. ടോസിന്‍റെ സമയത്താണ് ടീം നായകൻ പകരക്കാരുടെ പട്ടിക മാച്ച് റഫറിക്ക് നൽകേണ്ടത്.