ധരംശാല:ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്‍രെ മത്സരങ്ങളില്‍ ആദ്യ ഓവര്‍ എറിയുന്നത് ട്രെന്‍റ് ബോള്‍ട്ട് ആണോ, എങ്കില്‍ ആ ഓവറില്‍ ഒരു വിക്കറ്റ് ഉറപ്പാണ്. വേഗവും അളന്നുമുറിച്ച ലൈനും ലെങ്‌തും ഒപ്പം മൂര്‍ച്ചയുള്ള യോര്‍ക്കറുകള്‍ കൊണ്ടും പലപ്പോഴും എതിര്‍ ടീമിന്‍റെ ഓപ്പണര്‍ ബാറ്റര്‍മാരെ വിറപ്പിക്കാന്‍ ബോള്‍ട്ടിനായിട്ടുണ്ട്. എതിരാളികളുടെ ബോള്‍ട്ടിളക്കി തുടങ്ങുന്ന രാജസ്ഥാന്‍ പേസര്‍ പന്ത് കൊണ്ട് മാത്രമല്ല ഫീല്‍ഡിലും ഒരു പുലിയാണ്.
ധരംശാലയില്‍ നടന്ന പഞ്ചാബ് കിങ്‌സ് രാജസ്ഥാന്‍ റോയല്‍സ് മത്സരം ബോള്‍ട്ടിന്‍റെ തകര്‍പ്പന്‍ ഫീല്‍ഡിങ് പ്രകടനത്തിതനും സാക്ഷിയായി. തന്‍റെ ഓവറില്‍ തന്നെയായിരുന്നു ബോള്‍ട്ടിന്‍റെ ഫീല്‍ഡിങ് മികവും ആരാധകര്‍ കണ്ടത്. പഞ്ചാബിന്‍റെ പ്രഭ്‌സിമ്രാന്‍ സിങ്ങിനെ പുറത്താക്കാനായരുന്നു ബോള്‍ട്ട് തന്‍റെ ഫീല്‍ഡിങ് മികവ് പുറത്തെടുത്തത്.
മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ആദ്യം ഫീല്‍ഡിങ്ങാണ് തെരഞ്ഞെടുത്തത്. നിര്‍ണായക മത്സരത്തില്‍ ബോള്‍ട്ട് എറിഞ്ഞ ആദ്യത്തെ ഓവറിലെ ആദ്യ പന്ത് നേരിട്ട പഞ്ചാബിന്‍റെ പ്രഭ്‌സിമ്രാന്‍ സിങ് രണ്ട് റണ്‍സ് ഓടിയെടുത്തു. എന്നാല്‍ ഇന്നിങ്‌സിന്‍റെ രണ്ടാം പന്തില്‍ പ്രഭ്‌സിമ്രാന്‍ പുറത്തായി.
ബോള്‍ട്ടിന്‍റെ ഗുഡ്‌ലെങ്‌ത് ബോളിന് ബാറ്റ് വച്ച പ്രഭ്‌സിമ്രാന് പിഴച്ചു. പാളിപ്പോയ പഞ്ചാബ് താരത്തിന്‍റെ ഷോട്ട് പറന്ന് ഇരുകൈകളില്‍ ഒതുക്കുകയായിരുന്നു ബോള്‍ട്ട്. സീസണില്‍ സെഞ്ച്വറിയടിച്ച് ഫോമിലുണ്ടായിരുന്ന താരത്തെയാണ് ബോള്‍ട്ട് ആദ്യ ഓവറില്‍ തന്നെ റിട്ടേണ്‍ ക്യാച്ചിലൂടെ മടക്കിയത്.