ഐപിഎല്‍ ആവേശത്തിന്‍റെ 51 ദിനരാത്രങ്ങള്‍ക്കിനി മണിക്കൂറുകള്‍ മാത്രം. ലോകത്തെ പണസമ്പന്നമായ കുട്ടിക്രിക്കറ്റ് ലീഗിന്‍റെ തയാറെടുപ്പുകളെല്ലാം പൂര്‍ത്തിയായി. നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും നേര്‍ക്കുനേര്‍ വരുന്നതോടെ ആവേശ പോരാട്ടങ്ങളുടെ ദിനങ്ങൾക്ക് തുടക്കമാകും. ചെന്നൈയിലാണ് ആദ്യ മത്സരം. ലീഗിലെ എട്ട് ടീമുകളും ഇന്ത്യ -ഇംഗ്ലണ്ട് ഏകദിന പരമ്പരയുടെ സമയത്ത് തന്നെ പരിശീലനം ആരംഭിച്ചിരുന്നു.
വിസിലടിക്കാന്‍ ചെന്നൈ
കഴിഞ്ഞ തവണ ഐപിഎല്‍ പോയിന്‍റ് പട്ടികയില്‍ ഏഴാമതായ ചെന്നൈ ഇത്തവണ ഒരുക്കങ്ങള്‍ നേരത്തെ ആരംഭിച്ചു. മാര്‍ച്ച് എട്ടിന് പരിശീലനം ആരംഭിച്ചപ്പോള്‍ മുതല്‍ നായകന്‍ എംഎസ് ധോണി ക്യാമ്പിന്‍റെ ഭാഗമാണ്. ചെന്നൈയുടെ ആദ്യ അഞ്ച് മത്സരങ്ങള്‍ നടക്കുന്ന മുംബൈയിലാണ് ധോണിയും സംഘവും പരിശീലനം നടത്തുന്നത്. ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് ആദരമര്‍പ്പിക്കാന്‍ പട്ടാളവേഷത്തിന് സമാനമായ മാതൃക തോളില്‍ തുന്നിച്ചേര്‍ത്ത പുത്തന്‍ ജേഴ്‌സിയുമായാണ് ടീം ഇത്തവണ ഐപിഎല്ലിന് ഇറങ്ങുന്നത്. മണലാരണ്യത്തില്‍ നടന്ന പതിമൂന്നാം സീസണിലെ തിരിച്ചടികളുടെ ഓര്‍മകളാണ് ചെന്നൈയെ വേട്ടയാടുന്നത്. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച നിരവധി പേരുള്ള ചെന്നൈ വെറ്റന്‍സിന്‍റെ സങ്കേതമാണ്. പരിശീലകന്‍ സ്റ്റീഫന്‍ ഫ്ലെമിങ്ങിന് കീഴില്‍ ചെന്നൈയുടെ ബാറ്റിങ് ലൈനപ്പില്‍ വലിയ മാറ്റങ്ങളുണ്ട്.
ചിന്നത്തല സുരേഷ് റെയ്‌ന ടീമില്‍ തിരിച്ചെത്തിയത് കരുത്തേകുന്നുണ്ട്. ചിന്നത്തലയും വലിയ തല മഹേന്ദ്ര സിങ് ധോണിയും ഒരുമിക്കുമ്പോള്‍ പഴയ ഫോമിലേക്ക് ഉയരാമെന്ന ആത്മവിശ്വാസത്തിലാണ് ക്യാമ്പ്. കഴിഞ്ഞ ദിവസം പിന്‍മാറിയ ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹേസില്‍വുഡിന് പകരം ഇംഗ്ലീഷ് ഓപ്പണര്‍ ടീമിലെത്തിയേക്കും. ഫാഫ് ഡുപ്ലെസി, അമ്പാട്ടി റായിഡു, റിതുരാജ് ഗെയ്‌ക്കവാദ് എന്നിവർ ചെന്നൈയുടെ ബാറ്റിങ് നിരയില്‍ തുടരുന്നു. റോബിന്‍ ഉത്തപ്പയും ചേതേശ്വര്‍ പൂജാരയുമാണ് ടീമിലെ പുതുമുഖങ്ങള്‍. പരിക്ക് ഭേദമായി ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ പരിശീലനം തുടങ്ങിയതും ആശ്വാസമാണ്. ഡ്വെയിന്‍ ബ്രാവോ, സാം കറന്‍, മിച്ചല്‍ സാന്‍റ്നര്‍ എന്നിവര്‍ക്കൊപ്പം ടീമിന്‍റെ ഭാഗമായ മോയിന്‍ അലിയും കൃഷ്‌ണപ്പ ഗൗതവും ചേരുന്നതോടെ ചെന്നൈയുടെ സാധ്യതകള്‍ വിപുലമാണ്.
റിഷഭ് നയിക്കും; ഡല്‍ഹിക്ക് പ്രതീക്ഷകളേറെ
വെടിക്കെട്ട് ബാറ്റ്സ്‌മാന്‍ റിഷഭ് പന്ത് നയിക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സ് ഇത്തവണ കൂടുതല്‍ കരുത്തരാകുമെന്ന കാര്യത്തില്‍ സംശയമില്ല. ഇംഗ്ലണ്ടിനെതിരായ പരമ്പരക്കിടെ ഇന്ത്യന്‍ താരം ശ്രേയസ് അയ്യര്‍ക്ക് പരിക്കേറ്റതോടെയാണ് റിഷഭിന് അമരത്തേക്ക് അവസരം ലഭിച്ചത്. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ സ്വപ്‌ന തുല്യമായ തിരിച്ചുവരവ് നടത്തിയ ശേഷമാണ് റിഷഭ് ഐപിഎല്ലിന് എത്തുന്നത്. ടെസ്റ്റിലും ഏകദിനത്തിലും ടി20യിലുമെല്ലാം റിഷഭ് അവിശ്വസനീയമായ പ്രകടനമാണ് പുറത്തെടുത്തത്. കഴിഞ്ഞ സീസണില്‍ തിളങ്ങിയ ശിഖര്‍ ധവാനൊപ്പം പൃഥ്വി ഷാ ഡല്‍ഹിക്കായി ഓപ്പണറുടെ റോളിലെത്തും. സ്റ്റീവ് സ്‌മിത്തും ഷിമ്രോണ്‍ ഹിറ്റ്‌മേയറും സാം ബെല്ലിങ്‌സും അജിങ്ക്യാ രഹാനെയും മധ്യനിരയില്‍ തിളങ്ങും. ഏത് പൊസിഷനിലും തിളങ്ങാവുന്ന മാച്ച് വിന്നറായ റിഷഭിന്‍റെ സാന്നിധ്യം വിക്കറ്റിന് മുന്നിലും പിന്നിലും ഡല്‍ഹിക്ക് കരുത്തേകും. ക്രിസ് വോക്‌സും ടോം കറനും അക്‌ഷര്‍ പട്ടേലും ലളിത് യാദവും ആര്‍ അശ്വിനും ഡല്‍ഹിയുടെ ഓള്‍ റൗണ്ട് മികവിലുണ്ടാകും.
കഴിഞ്ഞ സീസണിലെ പര്‍പ്പിള്‍ ക്യാപ് വിന്നറായ ദക്ഷിണാഫ്രിക്കയുടെ കാസിഗോ റബാദയാണ് ഡല്‍ഹിയുടെ പേസ് ആക്രമണങ്ങള്‍ക്ക് നേതൃത്വം കൊടുക്കുക. കൂടാതെ പോര്‍ട്ടീസിന്‍റെ തന്നെ ആന്‍ട്രിച് നോര്‍ടിജെയും ഇന്ത്യന്‍ പേസര്‍മാരായ ഇശാന്ത് ശര്‍മയും ഉമേഷ് യാദവുമെല്ലാം ഡല്‍ഹിയുടെ ബൗളിങ്ങിന്‍റെ മൂര്‍ച്ചകൂട്ടും. ആര്‍ അശ്വിനാകും സ്‌പിന്‍ തന്ത്രങ്ങളൊരുക്കുക. അക്‌സര്‍ പട്ടേലും വെറ്ററന്‍ അമിത് മിശ്രയും എതിരാളികളെ കറക്കി വീഴ്‌ത്തുന്നതില്‍ മിടുക്കരാണ്. പരിശീലകന്‍ റിക്കി പോണ്ടിങ്ങിന് കീഴില്‍ ഡല്‍ഹിയില്‍ നിന്നും ഇത്തവണ അത്‌ഭുതങ്ങള്‍ പ്രതീക്ഷിക്കാമെന്ന് ചുരുക്കം. കഴിഞ്ഞ തവണ ഡല്‍ഹിയുടെ യുവനിരക്ക് കപ്പിനും ചുണ്ടിനുമിടയിലാണ് കിരീടം നഷ്‌ടമായത്. അതിന് ഇത്തവണ പരിഹാരമുണ്ടാക്കാമെന്ന പ്രതീക്ഷയാണ് ഇത്തവണ ക്യാമ്പില്‍ നിന്നും ഉയരുന്നത്.
റോയലാകാന്‍ കോലിയും കൂട്ടരും
പ്രഥമ കിരീടമെന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരെത്തുന്നത്. ഇത്തവണ റോയല്‍സിന്‍റെ ഓപ്പണറായി എത്തുന്ന നായകന്‍ വിരാട് കോലി ഈ മാസം ഒന്ന് മുതല്‍ പരിശീലനത്തിനുണ്ട്. കോലിയെ കൂടാതെ എബി ഡിവില്ലിയേഴ്‌സും ഗ്ലെന്‍ മാക്‌സ് വെല്ലും ഒരുമിച്ചെത്തന്ന റോയല്‍ ചലഞ്ചേഴ്സ് ക്രീസില്‍ കത്തിക്കയറിയാല്‍ എതിരാളികള്‍ വിയര്‍ക്കേണ്ടിവരും. 14.25 കോടി രൂപക്കാണ് ഇത്തവണ മാക്‌സ്‌വെല്ലിനെ റോയല്‍സ് മിനി താരലേലത്തിലൂടെ സ്വന്തം കൂടാരത്തിലെത്തിച്ചത്.
കോലിക്കൊപ്പം ഓപ്പണറുടെ റോളില്‍ ദേവ്‌ദത്ത് പടിക്കലിനെ പ്രതീക്ഷിക്കാം. മലയാളി മുഹമ്മദ് അസ്‌ഹറുദ്ദീനും കേരളാ ടീമിന്‍റെ ഭാഗമായ സച്ചന്‍ ബേബിയും റോയല്‍ ചലഞ്ചേഴ്സിനൊപ്പമുണ്ട്. ഓള്‍ റൗണ്ടറുടെ റോളില്‍ ഡാനിയേല്‍ സാംസും വാഷിങ്ടണ്‍ സുന്ദറും കെയില്‍ ജാമിസണും ഡാന്‍ ക്രിസ്റ്റ്യനും ടീമിന്‍റെ സാധ്യതകളാണ്. ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജാണ് ബൗളിങ് ഡിപ്പാര്‍ട്ടുമെന്‍റിലെ കരുത്ത്. നവദീപ് സെയ്‌നിയും പേസ് ആക്രമണങ്ങളില്‍ സിറാജിന് കൂട്ടാകും. ആദം സാംപയും യുസ്‌വേന്ദ്ര ചാഹലും വാഷിങ്‌ടണ്‍ സുന്ദറും മാക്‌സ്‌വെല്ലും ചേരുന്നതാണ് റോയല്‍സിന്‍റെ സ്‌പിന്‍ തന്ത്രങ്ങളുടെ കൂടാരം.
കപ്പടിച്ച് കലിപ്പടക്കാന്‍ കൊല്‍ക്കത്ത
കഴിഞ്ഞ സീസണില്‍ ദിനേശ് കാര്‍ത്തിക്കിന്‍റെയും പരിചയ സമ്പന്നനായ ഓയിന്‍ മോര്‍ഗനും കീഴില്‍ ഓടി തളര്‍ന്ന ടീമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. എന്നാല്‍ ഇത്തവണ നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ കരുത്തുറ്റ ക്യാപ്‌റ്റനായ ഓയിന്‍ മോര്‍ഗന് കീഴില്‍ കപ്പടിക്കാന്‍ പോന്ന ടീം തന്നെയായി അവര്‍ മാറിക്കഴിഞ്ഞു. മോര്‍ഗനെ കൂടാതെ ആന്ദ്രെ റസലും ദിനേശ് കാര്‍ത്തിക്കും ഷാക്കിബ് അല്‍ഹസും മാച്ച് വിന്നറാകാന്‍ കെല്‍പ്പുള്ളവരാണ്. ഓപ്പണറുടെ റോളില്‍ ശുഭ്‌മാന്‍ ഗില്ലിനെ ഇത്തവണയും പ്രതീക്ഷിക്കാം. രാഹല്‍ ത്രിപാഠി, നിതീഷ് റാണ, കരുണ്‍ നായര്‍, ഷെല്‍ഡ്രണ്‍ ജാക്‌സണ്‍, ഗുര്‍കീര്‍ത്ത് സിങ്, വെങ്കിടേഷ് അയ്യര്‍ തുടങ്ങിയവരാണ് ബാറ്റിങ് ലൈനപ്പിലെ കൊല്‍ക്കത്തുടെ മറ്റ് സാധ്യതകള്‍.
പാറ്റ് കമ്മിന്‍സാണ് ഇത്തവണയും പേസ് ആക്രമണത്തിന് നേതൃത്വം കൊടുക്കുക. ലോക്കി ഫെര്‍ഗൂസണ്‍, ആന്‍ഡ്രൂ റസല്‍, കട്ടിങ് എന്നിവരും പേസ് ബൗളിങ്ങിന്‍റെ ഭാഗമാകും. ടീം ഇന്ത്യക്ക് വേണ്ടി അരങ്ങേറിയ പരമ്പരയില്‍ തന്നെ സെന്‍സേഷനായി മാറിയ പ്രസിദ്ധ് കൃഷ്‌ണയാണ് കൊല്‍ക്കത്തയുടെ മറ്റൊരു പേസ് ശ്രദ്ധാകേന്ദ്രം.
വിശാലമായ സ്‌പിന്‍ സാധ്യതകളും കൊല്‍ക്കത്തക്കുണ്ട്. സുനില്‍ നരെയ്‌ന്‍, ഷാക്കിബ് അല്‍ഹസന്‍, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, ഹര്‍ഭജന്‍ സിങ് തുടങ്ങിയവരാണ് കൊല്‍ക്കത്തയുടെ സ്‌പിന്‍ നിരയിലെ കരുത്ത്.
പേരിലും രൂപത്തിലും മാറ്റങ്ങളുമായി പഞ്ചാബ് കിങ്‌സ്
വമ്പന്‍മാറ്റങ്ങളുമായാണ് ഇത്തവണ പഞ്ചാബ് ഐപിഎല്ലിന് എത്തുന്നത്. താര നിരയില്‍ മാത്രമല്ല പേരിലുമുണ്ട് ആ മാറ്റം. കിങ്സ് ഇലവന്‍ പഞ്ചാബില്‍ നിന്നും പഞ്ചാബ് കിങ്സിലേക്കാണ് ലോകേഷ് രാഹുലിന്‍റെ നേതൃത്വത്തിലുള്ള ടീമിന്‍റെ മാറ്റം. കിരീടം നേടാന്‍ മാത്രം കരുത്തുള്ള ടീമായ പഞ്ചാബിന് ഓരോ തവണയും വിവിധ കാരണങ്ങളാലാണ് ആ ഭാഗ്യം നഷ്‌ടമാവുന്നത്. ക്രിസ് ഗെയില്‍ ഉള്‍പ്പെടെ വെടിക്കെട്ട് ബാറ്റിങ്ങുമായി തിളങ്ങുന്ന പഞ്ചാബിന് കഴിഞ്ഞ സീസണില്‍ ഫിനിഷിങ്ങിലും ബൗളിങ്ങിലും വന്ന അപര്യാപ്‌തതയാണ് തിരിച്ചടിയായി മാറിയത്. ഇത്തവണ മിനി താരലേലത്തില്‍ ഏറ്റവും കൂടുതല്‍ തുകയുമായെത്തിയാണ് പഞ്ചാബ് ഈ പ്രശ്‌നങ്ങള്‍ പരിഹരിച്ചത്. മാക്‌സ്‌വെല്ലിനെയും കോട്രാലിനെയും പോലുള്ള വമ്പന്‍മാരെ ഒഴിവാക്കി പുതുമുഖങ്ങളെ ടീമിലെത്തിക്കാന്‍ പഞ്ചാബിനായി. ലോകേഷ് രാഹുലും മായങ്ക് അഗര്‍വാളും ഓപ്പണര്‍മാരാകുമ്പോള്‍ നിക്കോളാസ് പുരാനും മന്‍ദീപ് സിങ്ങും കരുത്താകും. പുതുതായി ടീമിന്‍റെ ഭാഗമായ ഡേവിഡ് മലാനും പഞ്ചാബിന്‍റെ വെടിക്കെട്ട് ബാറ്റിങ് കരുത്തിന് മാറ്റ് കൂട്ടുമെന്ന കാര്യത്തില്‍ സംശയമില്ല. ഓസിസ് ഓള്‍റൗണ്ടര്‍ മോയിസ് ഹെന്‍ട്രിക്വിസും വെസ്റ്റ് ഇന്‍ഡീസിന്‍റെ ഫാബിയന്‍ അലനുമാണ് പഞ്ചാബിന്‍റെ ഓള്‍റൗണ്ടര്‍മാര്‍.
ബിഗ് ബ്ലാഷ് ലീഗില്‍ നിറഞ്ഞാടിയ ജെ റിച്ചാര്‍ഡും റൈലി മെറിഡെത്തും ഇത്തവണ പഞ്ചാബിന്‍റെ പേസ് ആക്രമണങ്ങള്‍ക്ക് കരുത്താകും. യുവ പേസര്‍ ജെ റിച്ചാര്‍ഡ് ബിഷ്‌ബ്ലാഷ് ലീഗിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമനാണ്. 14 കോടി രൂപക്കാണ് റിച്ചാര്‍ഡിനെ പഞ്ചാബ് മിനി താരലേലത്തിലൂടെ സ്വന്തമാക്കിയത്. പരിക്ക് ഭേദമായി തിരിച്ചെത്തുന്ന മുഹമ്മദ് ഷമി തന്നെയാകും ഇത്തവണയും പഞ്ചാബിന്‍റെ പേസ് ആക്രമണത്തിന് നേതൃത്വം നല്‍കുക. ഇംഗ്ലീഷ് പേസര്‍ ക്രിസ് ജോര്‍ദാനും ഈ നിരക്കൊപ്പം ചേരും. പരിചയ സമ്പന്നരായ സ്‌പിന്നര്‍മാരുടെ അഭാവമാണ് പഞ്ചാബിന് തിരിച്ചടിയാകുന്നത്. അഫ്‌ഗാനിസ്ഥാന്‍റെ മുജീബ് റഹ്‌മാനെ ഒഴിവാക്കിയതോടെ രവി ബിഷ്‌ണോയിയാകും ഇത്തവണ സ്‌പിന്‍ തന്ത്രങ്ങള്‍ മെനയുക.
സഞ്ജുവിനൊപ്പം കപ്പടിക്കാന്‍ രാജസ്ഥാന്‍
ഇത്തണ കിരീടം തിരിച്ചു പിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്ലിന് എത്തുന്നത്. നായകന്‍റെ റോളില്‍ സഞ്ജു സാംസണ്‍ അരങ്ങേറുമ്പോള്‍ ആവശ്യം മലയാളികളുടേത് കൂടിയായി മാറിക്കഴിഞ്ഞു. രാജസ്ഥാന്‍റെ ആദ്യ അഞ്ച് മത്സരങ്ങള്‍ മുംബൈയിലാണ്. അതിനാല്‍ അവിടെ തന്നെയാണ് ഇത്തവണ ടീമിന്‍റെ പരിശീലനം. ഐപിഎല്ലിലെ വിലപിടിപ്പുള്ള ക്രിസ് മോറിസ് ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ രാജസ്ഥാൻ ക്യാമ്പില്‍ ഹാജരായിരുന്നു. ഓള്‍ റൗണ്ടര്‍മാര്‍ ഏറെയുള്ള സന്തുലിത ടീമാണ് ഇത്തവണ രാജസ്ഥാന്‍. ഏത് പൊസിഷനിലും ഒരുപറ്റം താരങ്ങളെ പരീക്ഷിക്കാന്‍ ഇത്തവണ ടീമിനാകും. ജോസ് ബട്‌ലറും, ബെന്‍ സ്റ്റോക്‌സും, ഡേവിഡ് മില്ലറും ലിയാം ലിവിങ്സ്റ്റണുമെല്ലാം ഓപ്പണറായും ഫിനിഷറായും പ്രയോജനപ്പെടുത്താവുന്നര്‍. യുവ താരങ്ങളായ യശസ്വി ജയ്‌സ്വാളും റിയാന്‍ പരാഗും മഹിപാലും ഉള്‍പ്പെടുന്നതാണ് ബാറ്റിങ് വിഭാഗം. ഓള്‍ റൗണ്ടര്‍മാരുടെ റോളില്‍ ബെന്‍ സ്റ്റോക്‌സും ക്രിസ് മോറിസും ശിവം ദുബെയും രാഹുല്‍ തെവാട്ടിയയും കരുത്താകും.
അതേസമയം പരിക്കേറ്റ ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചറുടെ അഭാവം തുടക്കത്തില്‍ രാജസ്ഥാന് തിരിച്ചടിയാകും. പരിക്കിനെ തുടര്‍ന്ന് ശസ്‌ത്രക്രിയക്ക് വിധേയനായ ആര്‍ച്ചര്‍ നിലവില്‍ വിശ്രമത്തിലാണ്. മുസ്‌തഫിസുര്‍ റഹ്‌മാന്‍, ആന്‍ഡ്രൂ ടൈ എന്നിവരാകും ആര്‍ച്ചറുടെ അഭാവത്തില്‍ രാജസ്ഥാന്‍റെ പേസ് ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുക. മികച്ച സ്‌പന്നര്‍മാരുടെ അഭാവം നികത്താന്‍ ഇത്തവണയും സാധിക്കാതെ പോയാതാണ് റോയല്‍സിന്‍റെ തിരിച്ചടി. പരിചയ സമ്പന്നരല്ലാത്ത ശ്രേയസ് ഗോപാലും മായങ്ക് മാര്‍ക്കണ്ഡേയയുമാണ് ടീമിലെ സ്‌പെഷ്യലിസ്റ്റ് സ്‌പിന്നര്‍മാര്‍.
'മാറ്റങ്ങള്‍ പേരിന് മാത്രം' ഹൈദരാബാദ് പോരിനിറങ്ങുന്നു
ഡേവിഡ് വാര്‍ണറുടെ നേതൃത്വത്തിലാണ് സണ്‍റൈസേഴ്‌സ് ഹൈദരാബദ് ഇത്തവണയും ഐപിഎല്ലിന് എത്തുന്നത്. യുഎഇയില്‍ നടന്ന പതിമൂന്നാം സീസണില്‍ നിന്നും കാര്യമായ മാറ്റങ്ങളില്ലാതെയാണ് ഇത്തവണ ടീം ഐപിഎല്ലിന് ഇറങ്ങുന്നത്. മിനി താരലേലത്തില്‍ മൂന്ന് പേരെ മാത്രം സ്വന്തമാക്കിയ ഹൈദരബാദ് സംശയങ്ങളില്ലാതെയാണ് ഇത്തവണ ഐപിഎല്ലിനെത്തുന്നത്. ഇംഗ്ലണ്ടിനെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച ട്രെവര്‍ ബെയ്‌ലിസാണ് ഹൈദരാബാദിന്‍റെ പരിശീലകന്‍. ഇംഗ്ലീഷ് ഓപ്പണര്‍ ജോണി ബെയര്‍സ്റ്റോയും കെയിന്‍ വില്യംസണ്‍ എന്നിവര്‍ക്കൊപ്പം ജേസണ്‍ റോയ് കൂടി ഇത്തവണ ഹൈദരാബാദിനായി പാഡണിയും.
ഇന്ത്യന്‍ താരങ്ങളുടെ നീണ്ട നിരയും ഹൈദരാബാദിന്‍റെ പ്രത്യേകതയാണ്. മനീഷ് പാണ്ഡെ, വൃദ്ധിമാന്‍ സാഹ, വിജയ് ശങ്കര്‍, അഭിഷേക് ശര്‍മ, പ്രിയം ഗാര്‍ഗ്, മിനി താരലേലത്തിലൂടെ കേദാര്‍ ജാദവ് എന്നിവരും ടീമിലെത്തി. ടീം ഇന്ത്യയുടെ കരുത്തായ ടി നടരാജനും ഭുവനേശ്വര്‍ കുമാറുമാണ് ഹൈദരാബാദിന്‍റെ പേസ് ആക്രമണത്തിന് നേതൃത്വം നല്‍കുന്നത്. അഫ്‌ഗാന്‍റെ റാഷിദ് ഖാനാണ് ഇത്തവണയും സ്‌പിന്‍ തന്ത്രങ്ങളൊരുക്കുക. ഖാനെ കൂടാതെ മുജീബ് റഹ്‌മാനും ഈ നിരയിലേക്കെത്തും.
ഹാട്രിക്ക് ലക്ഷ്യമിട്ട് മുംബൈ ഇന്ത്യന്‍സ്
ഹാട്രിക് കിരീടം ലക്ഷ്യമിട്ടാണ് മുബൈ ഇന്ത്യന്‍സ് പതിനാലാം പതിപ്പിന് പാഡണിയുന്നത്. ടി20 ക്രിക്കറ്റിലെ സ്പെഷ്യലിസ്റ്റുകളുടെ കൂടാരമാണ് മുബൈ. രോഹിത് ശര്‍മ നയിക്കുന്ന ടീമിനൊപ്പം നില്‍ക്കാന്‍ നിലവിലെ സാഹചര്യത്തില്‍ ഐപിഎല്ലില്‍ മറ്റൊരു ടീമില്ലെന്ന് തന്നെ പറയേണ്ടി വരും. ലോകോത്തരമെന്ന് വിശേഷിപ്പിക്കപ്പെടേണ്ട ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ക്രിസ് ലിന്നിന് പോലും മുംബൈയുടെ റിസര്‍ ബെഞ്ചിലാണ് സ്ഥാനം. മാച്ച് വന്നര്‍മാരുടെ കാര്യത്തിലും മുംബൈ ഒരു പടി മുന്നിലാണ്. രോഹിത് ശര്‍മയും ക്വിന്‍റണ്‍ ഡി കോക്കും ചേര്‍ന്ന് തുടങ്ങുന്ന മുംബൈയുടെ ഇന്നിങ്സുകള്‍ക്ക് സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും കരുത്തേകും. ഓള്‍ റൗണ്ടര്‍ കീറോണ്‍ പൊള്ളാര്‍ഡും പാണ്ഡ്യ ബ്രദേഴ്‌സും ചേര്‍ന്ന് അവസാന ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ എതിരാളികള്‍ക്ക് റണ്‍മല തന്നെ ഒരുക്കും.
ബാറ്റിങ്ങിലേതിന് സമാനമായ കരുത്താണ് മുബൈക്ക് ബൗളിങ്ങിലുമുള്ളത്. ജസ്‌പ്രീത് ബുമ്രയുടെയും ട്രെന്‍ഡ് ബോള്‍ട്ടിന്‍റെയും പേസ് ആക്രമണങ്ങളാണ് മുംബൈയുടെ ഹൈലൈറ്റ്. യുഎഇയില്‍ നടന്ന പതിമൂന്നാം സീസണില്‍ ഇരുവരും ചേര്‍ന്ന് വിക്കറ്റ് കൊയ്ത്ത് തന്നെയാണ് മുംബൈക്ക് വേണ്ടി നടത്തിയത്. ക്രുണാല്‍ പാണ്ഡ്യയും രാഹുല്‍ ചാഹറും ചേര്‍ന്ന സ്‌പിന്‍ ദ്വയത്തിന് കീറോണ്‍ പൊള്ളാര്‍ഡും ജെയിംസ് നീഷവും കരുത്തേകും. ഇത്തവണ ഹാര്‍ദിക് പാണ്ഡ്യയും പന്തെറിയാന്‍ എത്തുന്നതോടെ മുംബൈയുടെ കരുത്ത് വര്‍ദ്ധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
നിലവിലെ ചാമ്പ്യന്‍മാരായ മുബൈയുടെ പരിശീലനം ചെന്നൈയിലാണ് പുരോഗമിക്കുന്നത്. ദേശീയ ടീമിനൊപ്പമുള്ള താരങ്ങള്‍ കൂടി ബയോ സെക്വയര്‍ ബബിളില്‍ പ്രവേശിച്ചതോടെ മുംബൈയുടെ പരിശീലനം കൂടുതല്‍ സജീവമായിട്ടുണ്ട്. പീയൂഷ് ചൗള, ക്രിസ് ലിന്‍, ഇഷാന്‍ കിഷന്‍, സൗരഭ് തിവാരി തുടങ്ങിയവര്‍ ഇതിനകം പരിശീലനം തുടങ്ങി. വിവാഹ അവധിയിലായ പേസര്‍ ജസ്‌പ്രീത് ബുമ്രയും ചെന്നൈയിലെത്തി പരിശീലനം ആരംഭിച്ചു കഴിഞ്ഞു.